ബെംഗളൂരുവിന് ചാകര; മംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ഉടൻ, പൂനെയിലേക്ക് ബുള്ളറ്റ് ട്രെയിൻ വരും..!
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ ഹുബ്ബള്ളി വഴി രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, ബെംഗളൂരുവിനെയും പൂനെയെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ എന്നിവ ഉൾപ്പെടെ കർണാടകയ്ക്കായി റെയിൽവേ കണക്റ്റിവിറ്റി പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ആദ്യ ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കർണാടകയുടെ അടുത്ത വന്ദേ ഭാരത് സ്ലീപ്പർ ബെംഗളൂരുവിൽ നിന്ന് ആരംഭിച്ച് വടക്കൻ കർണാടകയുടെ നിരവധി ഭാഗങ്ങളിലൂടെ കടന്നുപോകുമെന്നും ഹുബ്ബള്ളി വഴി മുംബൈയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സർവീസ് കൽബുർഗി വഴിയാണ്. രണ്ടാമത്തേത് ഇതുവരെ പ്രീമിയം ട്രെയിൻ സർവീസുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിർദ്ദിഷ്‌ട സർവീസ് ബെംഗളൂരുവിനെ ആന്ധ്രാപ്രദേശിലെ അനന്തപൂർ, മന്ത്രാലയം, റായ്ച്ചൂർ, യാദ്ഗിർ, കൽബുർഗി, സോളാപൂർ, പൂനെ, കല്യാൺ, മുംബൈ എന്നിവയുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബെംഗളൂരു-പൂനെ ബുള്ളറ്റ് ട്രെയിൻ ശൃംഖലയുടെ ഭാവി വിപുലീകരണത്തിന്റെ ഭാഗമാകുമെന്ന് വൈഷ്‌ണവ് പറഞ്ഞു.
ഇന്ത്യ വികസിത ഭാരതത്തിലേക്ക് നീങ്ങുമ്പോൾ 3000 കിലോമീറ്റർ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ കൂടി പ്രഖ്യാപിക്കും. ബെംഗളൂരുവിൽ നിന്ന് ഹുബ്ബള്ളിയിലേക്കും പൂനെയിലേക്കും കർണാടകയെ ഉൾക്കൊള്ളുന്ന ബെംഗളൂരു-പൂനെ ഉൾപ്പെടെ നിരവധി ഇടനാഴികളും പരിഗണിക്കും. ബെംഗളൂരു, ഹൈദരാബാദ്, അമരാവതി, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തെക്കൻ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയ്ക്ക് കേന്ദ്രം അംഗീകാരം നൽകിയതായും മന്ത്രി പറഞ്ഞു.
ഈ ശൃംഖല ദക്ഷിണേന്ത്യയിലെ പ്രധാന സാമ്പത്തിക, സാങ്കേതിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുമെന്നും ഒരു വലിയ സാമ്പത്തിക മേഖല തന്നെ സൃഷ്‌ടിക്കുമെന്നും അന്തർ സംസ്ഥാന കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാസമയം 73 മിനിറ്റായും ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള യാത്രാസമയം 2 മണിക്കൂർ 10 മിനിറ്റായും കുറയ്ക്കാൻ ബുള്ളറ്റ് ട്രെയിനിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കുമെന്നും ഈ റൂട്ടിൽ വൈദ്യുതീകരണവും പരിശോധനയും പൂർത്തിയായതായും മന്ത്രി പറയുന്നു. മംഗളൂരുവും തീരദേശ കർണാടകയിലെ ഉഡുപ്പി വരെയും കാർവാർ, ഗോവ എന്നിവിടങ്ങളിലേക്കും ഇതിൽ സഞ്ചരിക്കാൻ കഴിയും. ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് കണക്റ്റിവിറ്റി ഇപ്പോൾ തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications
