ശ്രദ്ധ നേടി ബെംഗളൂരുവിലെ എഐ ട്രാഫിക് സംവിധാനം; പോലീസിന് ഇൻഫ്രാ ലീഡർഷിപ്പ് പുരസ്‌കാരം
ബെംഗളൂരു: ഇന്നത്തെ കാലത്ത് മാറ്റങ്ങൾക്ക് അനുസൃതമായി പല തരത്തിലുള്ള നൂതന സാങ്കേതിക വിദ്യകൾ വിവിധ പോലീസ് സേനകൾ നടപ്പാക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും പോലീസ് സംവിധാനങ്ങൾ അതിന് അനുസരിച്ച് മെച്ചപ്പെടുത്തി വരികയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യം തെളിയിക്കാനുള്ള വഴികൾ നല്ല രീതിയിൽ നടപ്പാക്കി വരുന്നുമുണ്ട്.
എന്നാൽ ബെംഗളൂരു പോലീസ് ട്രാഫിക് നിയന്ത്രിക്കാനാണ് എഐ ഉപയോഗിക്കുന്നത്. അതിനിപ്പോൾ അർഹിച്ച അംഗീകാരവും ലഭിച്ചിരിക്കുകയാണ്. ബെംഗളൂരു ട്രാഫിക് പോലീസ് തങ്ങളുടെ 'ബെംഗളൂരു എഐ ഡ്രൈവൺ ട്രാഫിക് മാനേജ്‌മെന്റ്' പദ്ധതിക്ക് 2025-ലെ ഇടി ഇൻഫ്രാ ലീഡർഷിപ്പ് അവാർഡ് സ്വന്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ദി ഇക്കണോമിക് ടൈംസ് ഇൻഫ്രാ ലീഡർഷിപ്പ് ഉച്ചകോടി 2025ൽ വെച്ചാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്.

'എക്‌സലൻസ് ഇൻ അർബൻ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ" എന്ന വിഭാഗത്തിലാണ് ബിടിപിക്ക് ഈ അംഗീകാരം ലഭിച്ചത്. തത്സമയ ഡാറ്റ, അഡാപ്റ്റീവ് സിഗ്നൽ സംവിധാനങ്ങൾ, പ്രവചന വിശകലനം എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ പരിവർത്തനപ്പെടുത്തിയതിനാണ് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
അടുത്തിടെ സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പിന്റെ ഭാഗമായി ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അവരുടെ ആസ്ട്രം മൊബൈൽ ആപ്ലിക്കേഷനിൽ ജിയോ-ടാഗ് ചെയ്‌ത ഇ-അറ്റൻഡൻസ് സവിശേഷത അവതരിപ്പിച്ചു. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തത്സമയ ട്രാക്കിംഗും സ്ഥിരീകരണവും ഇത് അനുവദിക്കുന്നു.
മുമ്പത്തെ ബയോമെട്രിക് ഹാജർ രീതിക്ക് പകരമായി എഐ സംയോജിത, ആധാർ-ലിങ്ക്ഡ് വെരിഫിക്കേഷൻ പ്രക്രിയയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ട്രാഫിക് ഓഫീസർമാർ ഇപ്പോൾ അവരുടെ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്, അവരുടെ ഷിഫ്റ്റിന്റെ തുടക്കത്തിൽ ടൈം-സ്‌റ്റാമ്പ് ചെയ്‌ത, ജിയോ-ടാഗ് ചെയ്‌ത സെൽഫിയാണ് നൽകേണ്ടത്. ഇതിലൂടെ മറ്റ് പോലീസ് സേനകൾക്ക് മാതൃകയാവുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.
അവിടം കൊണ്ട് ഒന്നും തന്നെ തീരുന്നില്ല ബെംഗളൂരു നഗരത്തിലെ എഐ സാങ്കേതിക വിദ്യയുടെ വളർച്ച. നഗരത്തിലെ റോഡുകളിൽ ഇപ്പോൾ കോൺസ്‌റ്റബിൾമാരെക്കാൾ കൂടുതൽ നിരീക്ഷണം നടത്തുന്നത് ക്യാമറകളാണ്. 2025 ജനുവരി മുതൽ ജൂലൈ വരെ ട്രാഫിക് പോലീസ് സമാഹരിച്ച ASTRAM (ആക്ഷനബിൾ ഇന്റലിജൻസ് ഫോർ സസ്റ്റൈനബിൾ ട്രാഫിക് മാനേജ്മെന്റ്) ൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് എഐ ക്യാമറ വഴിയുള്ള ലംഘനങ്ങൾ കണ്ടെത്തുന്നത് കൂടിയെന്നാണ്.












Click it and Unblock the Notifications