കബനിയുടെ സ്വന്തം ഭോഗേശ്വര ഇനിയില്ല; ഏഷ്യയിലെ ഏറ്റവും നീളമേറിയ കൊമ്പുള്ള ആന ചരിഞ്ഞു
ബെംഗളൂരു: കബനി വനത്തിന്റെ സ്വന്തം കൊമ്പനാന ഭോഗേശ്വര ചരിഞ്ഞു. 60 വയസുണ്ടായിരുന്ന ഭോഗേശ്വര ഏഷ്യയിലെ ആനകളില്‍ ഏറ്റവും നീളമുള്ള കൊമ്പിന് ഉടമയായിരുന്നു. നാഗളം വന പ്രദേശത്ത് ചരിഞ്ഞ നിലയില്‍ ഭോഗേശ്വരയെ കണ്ടെത്തുകയായിരുന്നു എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നീണ്ടു വളഞ്ഞ് നിലത്ത് മുട്ടുന്ന കൊമ്പുകളായിരുന്നു ഭോഗേശ്വരയുടെ പ്രത്യേകത.
2. 54 മീറ്ററും 2. 34 മീറ്ററും ആയിരുന്നു ഭോഗേശ്വരയുടെ കൊമ്പുകളുടെ നീളം. ഇത് രണ്ടും സൂക്ഷിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ബന്ദിപ്പൂര്‍ - നാഗര്‍ഹോള കടുവ സങ്കേതങ്ങളില്‍ ആയാണ് ഭോഗേശ്വര ജീവിച്ചിരുന്നത്. കബനി വനത്തിലെ ഭോഗേശ്വര ക്ഷേത്ര പരിസരത്താണ് ആന കഴിഞ്ഞിരുന്നത് എന്നതിനാല്‍ വന അതിര്‍ത്തിയിലെ ഗ്രാമീണരാണ് കാട്ടാനയ്ക്ക് ഭോഗേശ്വരയെന്ന് പേരിട്ടത്. വനാതിര്‍ത്തിയിലെ ഗ്രാമീണര്‍ക്കും വനപാലകര്‍ക്കും ഭോഗേശ്വര സുപരിചിതനായായിരുന്നു.

കബനിയുടെ കരയിലാണ് പൊതുവേ ഭോഗേശ്വരയെ കണ്ടിരുന്നത്. ഇതിനാല്‍ മിസ്റ്റര്‍ കബനി എന്നും ഭോഗേശ്വര അറിയപ്പെട്ടിരുന്നു. വനം കാണാനെത്തുന്ന സഞ്ചാരികളുടെ ക്യാമറകള്‍ക്ക് മുന്നില്‍ പരിഭവമില്ലാതെ തലയെടുപ്പോടെ ഭോഗേശ്വര നിന്നു കൊടുക്കും. വനം വകുപ്പിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഭോഗേശ്വരയുടെ സംസ്‌കാരം നടത്തിയത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഭോഗേശ്വരയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഭോഗേശ്വരയുടേത് സ്വാഭാവിക മരണമാണ് എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതായി വനം വകുപ്പ് വ്യക്തമാക്കി. നീണ്ട കൊമ്പ് കാരണം ഭക്ഷണം കഴിക്കാന്‍ ഭോഗേശ്വര ബുദ്ധിമുട്ടിയിരുന്നു. ആനക്കൂട്ടങ്ങളില്‍ നിന്ന് മാറിയായിരുന്നു ഭോഗേശ്വരയുടെ സഞ്ചാരം. 1980 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ ആന കൊമ്പുകളുടെ കച്ചവടം വ്യാപകമായിരുന്നു. എന്നാല്‍ വീരപ്പന്‍ ഉള്‍പ്പെടെയുള്ള വേട്ടക്കാരില്‍ നിന്ന് ഭോഗേശ്വര രക്ഷപ്പെടുകയായിരുന്നു.
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍
വനം വകുപ്പ് നിര്‍മ്മിച്ച നിരവധി വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററികളിലും ഭോഗേശ്വരയുടെ കൊമ്പ് ഇടം പിടിച്ചിരുന്നു. ബന്ദിപ്പൂര്‍ - നീലിഗിരി വനങ്ങളില്‍ 55 വയസിന് മുകളില്‍ പ്രായമുള്ള നീളമുള്ള കൊമ്പുകളുള്ള ആറോ ഏഴോ ആനകള്‍ മാത്രമാണ് ഇന്ന് വരെ രക്ഷപ്പെട്ടിട്ടുള്ളത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭോഗേശ്വരയുടെ മരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ദുഖം രേഖപ്പെടുത്തുന്നുണ്ട്. കിംഗ് ഓഫ് കബനി, ജെന്റില്‍ ജയന്റ് എന്നൊക്കെ വിശേഷിപ്പിച്ചാണ് പലരും ഭോഗേശ്വരയുടെ മരണത്തിലെ അനുശോചനം രേഖപ്പെടുത്തുന്നത്.












Click it and Unblock the Notifications