അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഹർജി തള്ളി, റിമാൻഡ് നിയമപരമെന്ന് കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡി അറസ്‌റ്റ് ചെയ്‌ത് ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വമ്പൻ തിരിച്ചടി. അറസ്‌റ്റ് ചോദ്യം ചെയ്‌തുകൊണ്ട് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇഡിയുടെ അറസ്‌റ്റും റിമാൻഡും നിയമപരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിർണായക വിധി.
ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എഎപിക്കും ഇന്ത്യാ സഖ്യത്തിനും ഉൾപ്പെടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അറസ്‌റ്റിന് പുറമെ വിചാരണ കോടതി പുറപ്പെടുവിച്ച റിമാൻഡ് ഉത്തരവും കെജ്രിവാൾ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.

മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. അടുത്ത ദിവസം ഡൽഹി റോസ് അവന്യൂ കോടതി അദ്ദേഹത്തെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഏപ്രിൽ ഒന്നിന് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടാനായിരുന്നു കോടതിയുടെ തീരുമാനം.
കോടതി ഉത്തരവിൽ പറയുന്നത് എന്ത്?
അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ് നിയമപരമാണോ എന്നതാണ് ഹർജിയിൽ പരിശോധിക്കുന്നതിനും, അല്ലാതെ ജാമ്യം അല്ല ആവശ്യമെന്നും കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കേസിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട വാദത്തിന് ശേഷമാണ് കോടതി ഇന്നത്തേക്ക് വിധി പറയാൻ മാറ്റിയത്. നിലവിലെ സാഹചര്യത്തിൽ അറസ്‌റ്റ് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയ സ്ഥിതിക്ക് കെജ്രിവാളിന്റെ പുറത്തേക്കുള്ള വരവ് വൈകും.
ഇഡി സമർപ്പിച്ച വസ്‌തുതകൾ പ്രകാരം അരവിന്ദ് കെജ്രിവാൾ ഗൂഢാലോചന നടത്തിയെന്നും കുറ്റകൃത്യത്തിന്റെ വരുമാനം ഉപയോഗപ്പെടുത്തുന്നതിലും മറച്ചുവെക്കുന്നതിലും സജീവമായി ഏർപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തുന്നുവെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. എഎപി കൺവീനർ എന്ന നിലയിലും അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലയിലും അദ്ദേഹം ഇടപെട്ടിരുന്നുവെന്ന് ഇഡി കേസിൽ വ്യക്തമാവുന്നതെന്നും ഉത്തരവിൽ പറയുന്നു.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സ്വർണകാന്ത ശർമ്മയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഏപ്രിൽ മൂന്നിന് കേസിൽ വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അറസ്‌റ്റ് ചെയ്‌ത സമയത്തെ കുറിച്ചും കെജ്രിവാൾ ഹർജിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു.
എന്നാൽ ഇതിനും ഹൈക്കോടതി മറുപടി നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരജിക്കാരനെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്, അതിനാൽ തന്നെ തിരഞ്ഞെടുപ്പ് കാലമാണെന്നത് പരിഗണിക്കാതെ നിയമപ്രകാരം അദ്ദേഹത്തിന്റെ അറസ്‌റ്റും റിമാൻഡ് ഉത്തരവും കോടതി പരിശോധിക്കേണ്ടതുണ്ട്; എന്നായിരുന്നു കോടതിയുടെ മറുപടി.












Click it and Unblock the Notifications