ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ വമ്പൻ നീക്കം; സംസ്ഥാന ഘടകം പിരിച്ചുവിട്ടു, എഐസിസി തീരുമാനം
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ സംസ്ഥാന കമ്മിറ്റിയെ ഒന്നാകെ പിരിച്ചുവിട്ട് കോൺഗ്രസിന്റെ ഞെട്ടിക്കുന്ന നീക്കം. സംസ്ഥാന കമ്മിറ്റിക്ക് പുറമേ ജില്ലാ കമ്മിറ്റികൾ, ബ്ലോക്ക് കമ്മിറ്റികൾ എന്നിങ്ങനെ സംഘടനാ തലത്തിലുള്ള മുഴുവൻ സംവിധാനങ്ങളും പിരിച്ചുവിടാനാണ് ഐഐസിസി തീരുമാനം. മുതിർന്ന നേതാവ് കെസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ സിംഗാണ് സ്ഥാനമൊഴിയുന്ന സംസ്ഥാന കോൺഗ്രസ് യൂണിറ്റിന്റെ നിലവിലെ അധ്യക്ഷ. നിലവിൽ രാജ്യത്ത് കോൺഗ്രസ് മുഖ്യമന്ത്രിമാർ ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശ്. അവിടെയാണ് അപ്രതീക്ഷിതമായി സംസ്ഥാന ഘടകം ഒന്നാകെ പിരിച്ചുവിടാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

'പിസിസിയുടെ മുഴുവൻ സംസ്ഥാന ഘടകവും ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റുമാരും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിർദ്ദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകി.' എന്നായിരുന്നു കെസി വേണുഗോപാലിന്റെ കത്തിൽ വ്യക്തമാക്കിയിരുന്നത്.
മുൻപ് 2019-ലും സമാനമായ രീതിയിൽ ഒരു നീക്കം നടന്നിരുന്നു, അന്ന് കോൺഗ്രസ് അതിന്റെ സംസ്ഥാന ഘടകം പിരിച്ചുവിട്ടിരുന്നു. എന്നാൽ ആ വർഷം ആദ്യം നിയമിതനായ കുൽദീപ് സിംഗ് റാത്തോറിനെ പ്രസിഡന്റ് സ്ഥാനത്ത് തന്നെ നിലനിർത്തിയിരുന്നു, ശേഷമായിരുന്നു പൂർണമായും ഘടകത്തെ പിരിച്ചുവിട്ടത്. ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും അത്തരമൊരു നടപടിക്കാണ് ഹിമാചൽ കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്.
അതേസമയം, 2022ലാണ് കോൺഗ്രസിന്റെ ഹിമാചൽ പ്രദേശ് ഘടകത്തിന്റെ അധ്യക്ഷയായി പ്രതിഭ സിംഗ് നിയമിതയായിത്. തുടർന്ന് ആ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ മുന്നിൽ തന്നെ അവരും ഇടംപിടിച്ചിരുന്നു. എന്നാൽ അവസാന നിമിഷം പദവി സുഖ്വിന്ദർ സിംഗ് സുഖുവിനാണ് ലഭിച്ചത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പാർട്ടിയുടെ ഹിമാചൽ യൂണിറ്റ് പുനഃസംഘടിപ്പിക്കാനുള്ള കോൺഗ്രസിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതിന് ശേഷം സംസ്ഥാന കമ്മിറ്റിയിൽ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അത് കൂടി കണക്കിലെടുത്താണ് പുതിയ നീക്കം.
വലിയ വിഭാഗീയതയ്ക്ക് സാക്ഷ്യം വഹിച്ചതും കോൺഗ്രസിന് ഹിമാചൽ പ്രദേശിൽ കഴിഞ്ഞ കാലങ്ങളിൽ തിരിച്ചടിയായിരുന്നു. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഭിഷേക് സിംഗ്‌വി തോൽക്കാനും കാരണമായത് ഇത് തന്നെയായിരുന്നു. ചില കോൺഗ്രസ് എംഎൽഎമാർ കൂറുമാറി ക്രോസ് വോട്ട് ചെയ്‌തതായിരുന്നു തോൽവിക്ക് കാരണം.












Click it and Unblock the Notifications