കെസിഎയും രോഹിതും കൈവിട്ടു; എന്നിട്ടും സഞ്ജുവിനെ ചേർത്തുപിടിച്ച് സൂര്യ, ടി20യിൽ കളിപ്പിക്കുമോ?
കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ അരങ്ങേറിയിരുന്നു. സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം ആദ്യം വന്നത്. എന്നാൽ പിന്നാലെ കെസിഎയ്ക്ക് നേരെയും വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി അവർ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ സഞ്ജുവിനെ ചേർത്തുപിടിച്ചിരിക്കുകയാണ് ടി20 ടീമിന്റെ നായകനും സഹതാരവുമായി സൂര്യകുമാർ യാദവ്. സഞ്ജുവിന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന നിലപാടാണ് സൂര്യകുമാർ സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏകദിനത്തിൽ നായകൻ രോഹിത് ശർമ്മയുടെയും ബിസിസിഐയുടെയും അനിഷ്‌ടം പിടിച്ചുപറ്റിയ സഞ്ജുവിന് ആശ്വാസമാവുകയാണ് സൂര്യയുടെ നിലപാട്.

സഞ്ജു തന്നെയാവും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കളിക്കുക എന്നതിന്റെ സൂചനയാണ് സൂര്യകുമാറിന്റെ വാക്കുകൾ. 'വിക്കറ്റ് കീപ്പറെ സംബന്ധിച്ച് ചോദ്യത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ ഏഴ്-എട്ട് മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. തന്റെ കഴിവ് അവൻ എല്ലാവർക്കും കാണിച്ചു തന്നു' എന്നായിരുന്നു സൂര്യ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഇതോടെ ഇന്ന് നടക്കുന്ന ആദ്യ ടി20യിൽ സഞ്ജു ഇറങ്ങാനുള്ള സാധ്യതകൾ ഏറെയാണ്. കൂടാതെ ടി20യിൽ വളരെ മികച്ച ഫോമിലാണ് താരം ഇപ്പോഴുള്ളത് എന്നതും അനുകൂല ഘടകമാണ്. തുടർച്ചയായ സെഞ്ച്വറികളുമായി താരം എല്ലാവരുടെയും മനസ് കീഴടക്കിയിരുന്നു. മൂന്ന് ടി20 സെഞ്ച്വറികളാണ് സഞ്ജു അടുത്തകാലത്തായി അടിച്ചുകൂട്ടിയത്.
ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താവാൻ കാരണം രോഹിത്?
സഞ്ജു സാംസൺ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു എങ്കിലും റിഷഭ് പന്ത് രണ്ടാം വിക്കറ്റ് കീപ്പറായി കളിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത് നായകൻ രോഹിത് ശർമ്മയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോച്ച് ഗൗതം ഗംഭീർ സഞ്ജുവിന് അനുകൂല നിലപാട് എടുത്തെന്നും താരത്തിന് വേണ്ടി യോഗത്തിൽ വാദിച്ചെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഈ വിഷയത്തിൽ കെസിഎയുടെ നിലപാടും സഞ്ജുവിന്റെ സാധ്യതകൾ ഇല്ലാതാക്കി എന്നാണ് വിവരം. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിക്കാത്തത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. ഇതാണ് അവർ സഞ്ജുവിനെ തഴയാൻ കാരണമായത്. കേരള ക്രിക്കറ്റ് അസോസിയേഷൻ വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജുവിന് ഇടം നൽകിയിരുന്നില്ല. ഇതോടെയാണ് താരത്തിന് ചാമ്പ്യൻസ് ട്രോഫി ടീമിലെ സ്ഥാനം നഷ്‌ടമായത് എന്നാണ് വിലയിരുത്തൽ.
വിമർശകരുടെ വായടപ്പിക്കുമോ സഞ്ജു?
ഇന്നത്തെ ആദ്യ ടി20 മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ട് വിമർശകർക്ക് താരം മറുപടി നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനിടെ സഞ്ജുവിന്റെ പിതാവ് തന്നെ കെസിഎ ഭാരവാഹികൾക്ക് എതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ താരത്തെ ഇനി ആഭ്യന്തര ടൂർണമെന്റുകളിൽ കേരള ടീമിൽ ഉൾപ്പെടുത്തുമോ എന്നും കണ്ടറിയണം.












Click it and Unblock the Notifications