ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; കാമരാജ് റോഡ് തുറക്കും, ആറ് വർഷത്തിന് ശേഷം
ബെംഗളൂരു: ആറ് വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, നഗരത്തിലെ കമരാജ് റോഡ് പൂർണമായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് അധികൃതർ. കൂബൺ റോഡിനും എംജി റോഡിലെ കാവേരി എംപോറിയം ജംഗ്ഷനും ഇടയിലുള്ള ഈ പാത 2026 ജനുവരി ആദ്യവാരം മുതൽ യാത്രക്കാർക്ക് പൂർണമായി ലഭ്യമാകും. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ എംജി റോഡ് ഭൂഗർഭ സ്‌റ്റേഷൻ നിർമ്മാണത്തിനായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 2019 ജൂണിലാണ് ഈ റോഡ് ഭാഗം ഏറ്റെടുത്തത്. 2023-ഓടെ ഇവിടെ പാത പുനഃസ്ഥാപിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് മഹാമാരി, തുരങ്ക നിർമ്മാണത്തിലെ വെല്ലുവിളികൾ, മറ്റ് സാങ്കേതിക തടസങ്ങൾ എന്നിവ കാരണം ഈ സമയപരിധി പാലിക്കാൻ ബിഎംആർസിഎല്ലിന് കഴിഞ്ഞില്ല.

തുടർന്ന്, 2025 ഫെബ്രുവരിയിൽ റോഡിന്റെ ഒരു ഭാഗം ബിഎംആർസിഎൽ ഭാഗികമായി തുറന്നിരുന്നു. കാവേരി എംപോറിയം ജംഗ്ഷനിൽ നിന്ന് കൊമേഴ്സ്യൽ സ്ട്രീറ്റിലേക്ക് മാത്രമായിരുന്നു അപ്പോൾ ഗതാഗതം. ശേഷിച്ച ഭാഗം സ്‌റ്റേഷൻ നിർമ്മാണങ്ങൾക്കായി ഉപയോഗിച്ചു. മറ്റ് ജോലികൾ പൂർത്തിയായതോടെ റോഡ് പൂർണമായി 'വൈറ്റ് ടോപ്പ്' പ്രതലമാക്കി പുനഃസ്ഥാപിച്ചതായി ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.
'അന്തിമ മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ട്രാഫിക് പോലീസിന്റെ അനുമതി ലഭിച്ചാലുടൻ റോഡ് പൂർണമായി തുറക്കും' റോഡിന്റെ പുനർനിർമ്മാണത്തിനായി ഏകദേശം 3 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി. കമരാജ് റോഡിൽ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം 2026 ജനുവരി 2 മുതൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഒരു മുതിർന്ന ട്രാഫിക് പോലീസുദ്യോഗസ്ഥൻ അറിയിച്ചു.
'കൊമേഴ്സ്യൽ സ്ട്രീറ്റ്, ഡിക്കൻസൺ റോഡ്, കൂബൺ റോഡ് എന്നിവിടങ്ങളിൽ നിന്ന് ബ്രിഗേഡ് റോഡിലേക്കും എംജി റോഡിലേക്കും വരുന്ന വാഹനങ്ങൾക്ക് യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ ഇത് സഹായകമാകും' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് തുറക്കുന്നതോടെ മേഖലയിലെ ഗതാഗത കുരുക്കിന് അറുതിയാവും എന്നാണ് പ്രതീക്ഷ.
'കട്ട് ആൻഡ് കവർ' രീതിയിൽ നിർമ്മിച്ച ഇവിടുത്തെ ഭൂഗർഭ സ്‌റ്റേഷൻ, എംജി റോഡിലെ നിലവിലുള്ള ഉയർന്ന പർപ്പിൾ ലൈൻ സ്‌റ്റേഷനുമായി സംയോജിപ്പിക്കും. നിർമ്മാണ വേളയിൽ 80-ൽ അധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഈ പാതയുടെ സൗന്ദര്യവൽക്കരണം സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏറ്റെടുക്കാൻ ബിഎംആർസിഎൽ പദ്ധതിയിടുന്നുണ്ട്.
21 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിലെ മറ്റ് സ്‌റ്റേഷനുകൾക്കൊപ്പം, കമരാജ് റോഡിലെ ഈ ഭൂഗർഭ സ്‌റ്റേഷനും 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. ഇതോടെ കാമരാജ് റോഡിന് പ്രാധാന്യമേറും. മാത്രമല്ല നിലവിലെ സ്ഥിതിയിൽ തന്നെ ബെംഗളൂരുവിലെ തിരക്കേറിയ ഇടങ്ങളിലേക്കുള്ള യാത്ര ഒരു പരിധിവരെ സുഗമമാക്കാനും കാമരാജ് റോഡ് പൂർണമായി തുറന്ന് കൊടുക്കുന്നതോടെ സാധിക്കും.












Click it and Unblock the Notifications