ബിഹാർ പോര്-Part 2: വിധി നിർണ്ണയിക്കുന്ന പെണ്‍വോട്ടുകള്‍: കൈവിടില്ലെന്ന പ്രതീക്ഷയില്‍ നിതീഷ്
ലേഖനത്തിന്‍റെ ആദ്യ ഭാഗം വായിക്കാം:- ബിഹാറിലെ ഉയർന്ന പോളിങ് നരേന്ദ്രമോദിയോട് പറയുന്നതെന്ത്? തെര.കമ്മീഷൻ നന്ദി പറയേണ്ടത് രാഹുലിനോട്?
ഇന്ത്യയിൽ മറ്റെവിടെയും ഇല്ലാത്ത ഒരു സവിശേഷത ബിഹാറിലെ സ്ത്രീ വോട്ടർമാരിലുണ്ട് എന്നത് നാം തിരിച്ചറിയണം. അതെന്താണ് എന്നത് രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടി വ്യക്തമാക്കാം. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടാഴ്ച മുമ്പാണ് സ്ത്രീകളെ ഉന്നമിട്ടുള്ള ഒരു വമ്പൻ പ്രഖ്യാപനം എൻഡിഎ സഖ്യം നടത്തിയത്. മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന. എന്നാൽ മുഖ്യമന്ത്രിയുടെ പേരിലുള്ള ആ പദ്ധതി ആരാണ് ബിഹാറിൽ പ്രഖ്യാപിച്ചത്.
മോദിയല്ലേ. നിതീഷിനെ കൂടെ നിർത്തി മോദി അത് പ്രഖ്യാപിച്ചതു തന്നെ അദ്ദേഹത്തെ അവഹേളിക്കലായെന്ന് നിതീഷ് ക്യാമ്പ് കരുതുന്നുണ്ട്. നിതീഷിന്റെ അടിത്തറയായ സ്ത്രീ വോട്ടർമാരും അതേ നിലയിൽ തന്നെയാണ് ആ നീക്കത്തെ കണ്ടത്. മോദിയുടെ ഗ്യാരന്റിയേക്കാൾ ബിഹാറിലെ സ്ത്രീ വോട്ടർമാർ വിശ്വസിക്കുന്നത് നിതീഷിനെയാണ്. 2005ലാണല്ലോ നിതീഷ് ആദ്യം മുഖ്യമന്ത്രിയാകുന്നത്. ഇന്നിപ്പോൾ സ്ത്രീ വോട്ടർമാരെ ടാർഗറ്റ് ഗ്രൂപ്പായി കണ്ടുകൊണ്ട് അവർക്കായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ജനവിധി അനുകൂലമാക്കാൻ നടക്കുന്ന ശ്രമങ്ങൾ പതിവാണ്.

എന്നാൽ 2005 അങ്ങനെയൊരു കാലം അല്ലായിരുന്നു. അന്ന് നിതീഷ് തുടങ്ങി വച്ചതാണ് സ്ത്രീകൾക്കായുള്ള ഓരോരോ പദ്ധതികൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയായിരുന്നു ആദ്യ നീക്കം. സ്കൂളിൽ പോകാൻ സൗജന്യ സൈക്കിൾ വിതരണം ചെയ്ത് അന്ന് നിതീഷ് ബിഹാറിനെ ഞെട്ടിച്ചു. ഒരുവേള ഇന്ത്യയെത്തന്നെയും. പിന്നീട് സൗജന്യ യൂണിഫോം, സ്കൂൾ ഫീസ് സൗജന്യമാക്കൽ, കോളേജുകളിൽ എത്തി ബിരുദ പഠനം പൂർത്തിയാക്കുന്നതുവരെയുള്ള വിവിധ ഇളവുകൾ, സ്കോളർഷിപ്പുകൾ എന്നിങ്ങനെ ഒന്നൊന്നായി അതുയർന്നു.
2005ൽ നിതീഷ് നൽകിയ സൈക്കിളിൽ സ്കൂളിൽ പോയ ഒരു പെൺകുട്ടിക്ക് ഇന്ന് എത്ര വയസുണ്ടാകും എന്നുമാത്രം കണക്കു കൂട്ടിയാൽ മതി എത്ര ഉറച്ച അടിത്തറയാണ് നിതീഷിനെ സംബന്ധിച്ച് സ്ത്രീ വോട്ടർമാർ എന്നു മനസിലാക്കാൻ. ജാതി സമവാക്യങ്ങൾ നിർണായകമായ ബിഹാറിൽ ലാലുവിന്റെ അടിത്തറ തകർക്കാനുള്ള കുശാഗ്രമായ ബുദ്ധിപ്രകടനം കൂടിയാണ് നിതീഷ് നടത്തിയത്. ഒബിസിയിലെ യാദവ വിഭാഗത്തിന്റെ മാത്രം ശാക്തീകരണമാണ് ലാലുവിന്റെ കാലത്ത് നടന്നത്. യാദവേതര ഒബിസിയേയോ 35 ശതമാനത്തോളം വരുന്ന ഇബിസിയേയോ ദളിത്-മഹാദളിത് വിഭാഗങ്ങളെയോ കാണാതെയുള്ള തേരോട്ടമാണ് ലാലു നടത്തിയത്.
കർപ്പൂരി താക്കൂറിന്റെ ശൈലി കടംകൊണ്ട് നിതീഷ് ലാലുവിരുദ്ധ ഇബിസിയേയാണ് ആദ്യം കയ്യിലെടുത്തത്. കുർമി വിഭാഗക്കാരനായ നിതീഷ് നടത്തിയ ഈ സാമൂഹ്യ എഞ്ചിനീയറിംഗ് ഫലം കണ്ടത് കാൽനൂറ്റാണ്ടിലേയ്ക്ക് കടക്കാൻ പോകുന്നു. അതിൽത്തന്നെ സ്ത്രീ ശാക്തീകരണത്തിലേയ്ക്ക് നിതീഷ് പ്രത്യേകമായി ഊന്നിയത് ഇന്ദിരാ ഗാന്ധിയിൽ നിന്നുകൂടി പ്രചോദനം കൊണ്ടാകാമെന്ന നിരീക്ഷണവുമുണ്ട്. ദരിദ്ര സ്ത്രീജനങ്ങളെ ലക്ഷ്യമിട്ട് ഇന്ദിര കൊണ്ടുവന്ന നയപരിപാടികളുടെ ഫലസാധ്യത നിതീഷ് വളരെ നേരത്തേ തിരിച്ചറിഞ്ഞു.
ഇന്ദിര കണ്ട ജെൻഡർ പൊളിറ്റിക്സ് ശരിക്കു പറഞ്ഞാൽ നിതീഷ് മാത്രമേ കണ്ടുള്ളൂ. അതിന്റെ ഭാഗമായി സ്ത്രീകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ സംവരണം ഉറപ്പാക്കൽ, പോലീസിലും പിന്നെ മുഴുവൻ സർക്കാർ സർവീസിലും സംവരണം ഇങ്ങനെ നിതീഷിന്റെ സ്ത്രീ സൗഹൃദ പദ്ധതികളുടെ തലം മാറി. ആ ഷുവർ ബെറ്റിനെ പതുക്കെയെങ്കിലും സ്വന്തം കീശയിലിക്കാനാണ് മോദി ശ്രമിച്ചത്. നിതീഷിനെ അരികിലേയ്ക്ക് മാറ്റി നിർത്തി നടത്തിയ പ്രഖ്യാപനം അതുകൊണ്ടാണ് അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കാൻ സ്ത്രീ വോട്ടർമാരെ ഒരുപക്ഷെ ചിന്തിപ്പിച്ചിട്ടുണ്ടാവുക.
ഇനി രണ്ടാമത്തെ കാര്യം. നേരത്തേ പറഞ്ഞല്ലോ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രത്യേകമായിത്തന്നെ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ബിജെപി സർക്കാരുകളോ ബിജെപി പങ്കാളികളായിട്ടുള്ള എൻഡിഎ സർക്കാരുകളോ തുടർച്ചയായി നടത്തി വരാറുണ്ടെന്ന്. ലാഡ്ലി ബെഹൻ എന്ന പദ്ധതി മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്റെ തുടർച്ചയായ വിജയങ്ങൾക്ക് നിർണായകമായിരുന്നു. ലഡ്കി ബഹൻ പദ്ധതി മഹാരാഷ്ട്രയിലെ മഹായുതി സർക്കാർ പ്രഖ്യാപിച്ചത് ഇപ്പോൾ ബിഹാറിൽ കണ്ടതു പോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മുമ്പ് മാത്രമാണ്. ബിഹാറിലെ മുഖ്യമന്ത്രി റോസ്ഗാർ യോജന എന്ന പദ്ധതി പ്രകാരം ഇവിടുത്തെ കുടുംബശ്രീ പോലെ അവിടുള്ള ജീവികാ ദീദിമാരെന്ന സ്വയം സഹായ സംഘത്തിലെ ഓരോ അംഗത്തിനും കിട്ടുക പതിനായിരം രൂപയാണ്.
അത് എന്തെങ്കിലും സംരംഭം തുടങ്ങാനാണ്. അത് വിജയിച്ചാൽ രണ്ടു ലക്ഷം രൂപ അടുത്ത ഘട്ട സഹായമായി കിട്ടും. ഒന്നും രണ്ടും പേർക്കല്ല. ഒന്നരക്കോടി സ്ത്രീകൾക്ക്. ഏതാണ് പതിനായിരം കോടിയാണ് ഇതിനായി ആദ്യ ഘട്ടത്തിൽ ചെലവിട്ടത്. ഒന്നരക്കോടി പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം എത്തുകയും ചെയ്തു. അതിന്റെ ഫലം മധ്യപ്രദേശിൽ കണ്ടതുപോലെ, മഹാരാഷ്ട്രയിൽ കണ്ടതുപോലെ ബിഹാറിലും പ്രതിഫലിക്കില്ലേ. ഇവിടെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കണ്ടുവന്ന തിരഞ്ഞെടുപ്പ് സോപ്പല്ല ബിഹാറിൽ സ്ത്രീകളെ ലക്ഷ്യമിട്ടു നടക്കുന്നതെന്ന കാതലായ വ്യത്യാസം നമ്മൾ മനസിലാക്കേണ്ടത്. അവിടങ്ങളിലെല്ലാം വന്ന പദ്ധതികൾ സ്ത്രീകളുടെ ജീവിത ഭാരം ലഘൂകരിക്കാൻ ഉപയുക്തമായിട്ടുണ്ട്. പക്ഷെ അതെല്ലാം വെറും സാമ്പത്തിക സഹായങ്ങൾ മാത്രമായിരുന്നു. എന്നാൽ ബിഹാർ മറ്റൊരു വഴിയിൽ നടന്നാണ് ഇന്ത്യയ്ക്ക് മാതൃകയാകുന്നത്.'
ബിഹാറിൽ നിതീഷ് പ്രഖ്യാപിച്ച സ്ത്രീ സൗഹൃദ പദ്ധതികൾ ഓരോന്നായി എടുത്തു നോക്കുക. അത് സ്ത്രീ ശാക്തീകരണത്തെ ലക്ഷ്യമിട്ടുള്ളതാണ് എന്നു മനസിലാക്കാൻ കഴിയും. പഠനം, സർക്കാർ ജോലി ഇപ്പോഴിതാ സ്വയം സംരംഭകരാകാനുള്ള സാമ്പത്തിക പദ്ധതി. ഇങ്ങനെ പോകുന്നു ബിഹാർ മാതൃക. അതിന്റെ പ്രതിഫലം കേവലം ജീവിതമേഖലയിൽ മാത്രമായി ഒതുങ്ങി നിൽക്കില്ല. അതിന് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തലങ്ങളുണ്ട്. ആ പ്രാതിനിധ്യത്തിന്റെ ശക്തിയാണ് ബിഹാറിലെ പോളിംഗ് ബൂത്തുകളിൽ എത്തുന്ന ബിഹാറി വനിത എന്ന സ്വയം പ്രകാശത്തിന് ഇന്ത്യയോട് പറയാനുള്ളത്. എന്നാൽ തൊഴിലില്ലായ്മ അതിരൂക്ഷമായത് പുതിയൊരു ജീവൽപ്രതിസന്ധിയാണെന്ന് നിതീഷ് സൃഷ്ടിച്ചെടുത്ത ഈ സിവിൽ സേന പറയുന്നു എന്നതാണ് പുതിയ വെല്ലുവിളി.
ഞങ്ങൾ കൂട്ടിയാൽ കൂടാത്തത് ബിഹാറിലെ പുരുഷന്മാർ പലായൻ ജനതയായതുകൊണ്ടാണെന്ന് അവർ പറയുന്നു. വമ്പിച്ച തൊഴിലില്ലായ്മയും അത് സൃഷ്ടിക്കുന്ന തൊഴിൽ കുടിയേറ്റവുമാണ് കുടുംബത്തിന്റെ നീറുന്ന പ്രശ്നമായി അവർ ചൂണ്ടിക്കാട്ടുന്നത്. പോളിംഗ് ബൂത്തുകളിൽ നിരനിരയായി നിൽക്കുന്ന സ്ത്രീകൾ ചില മലയാള മാധ്യമങ്ങളോടടക്കം പ്രതികരിച്ചത് അതേപ്പറ്റിയാണെന്നത് പുതിയ ചുവരെഴുത്താണ്. നിതീഷിന് ഉത്തരം കണ്ടെത്താൻ കഴിയാത്ത ചോദ്യമാണ് നിതീഷിന്റെ പ്രിയപ്പെട്ടവർ തന്നെ ചോദിക്കുന്നത്. മുഴുവൻ മനസോടെയാണ് ബിഹാറിലെ സ്ത്രീവോട്ടർമാർ നിതീഷിനെ ഇതുവരെ പിന്തുണച്ചത്. അതിപ്പോൾ പാതി മനസായോ. 121 മണ്ഡലങ്ങൾ വിധിയെഴുതിക്കഴിയുമ്പോൾ സുശാസൻ ബാബു നേരിടുന്ന ചോദ്യം അതാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications