'നിന്റെ പിതാവിനെ ഈ നിലയിൽ എത്തിച്ചത് ഞാനാണ്'; തേജസ്വിയോട് നിതീഷ് കുമാർ, സഭയിൽ വാക്‌പോര്
പാറ്റ്‌ന: സംസ്ഥാന നിയമസഭയിൽ പരസ്‌പരം ഏറ്റുമുട്ടി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും. ഇരുവരും വാക്കുകൾ കൊണ്ട് പരസ്‌പരം ഏറ്റുമുട്ടുന്ന കാഴ്‌ചയ്ക്കാണ് നിയമസഭ സാക്ഷിയായത്. തേജസ്വിയുടെ പിതാവും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ രാഷ്ട്രീയത്തിൽ ഈ നിലയിൽ എത്തിച്ചതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് നിതീഷ് കുമാർ അവകാശപ്പെട്ടു.
'മുമ്പ് ബീഹാറിൽ എന്തായിരുന്നു സ്ഥിതി? നിന്റെ പിതാവിനെ ഇങ്ങനെ ആക്കിയത് ഞാനാണ്. എന്തുകൊണ്ടാണ് ഞാൻ ഇത് ചെയ്യുന്നതെന്ന് നിങ്ങളുടെ ജാതിയിൽ നിന്നുള്ള ആളുകൾ പോലും എന്നോട് ചോദിച്ചിരുന്നു. പക്ഷേ ഞാൻ എന്നിട്ടും അവനെ ഞാൻ പിന്തുണച്ചു' നിതീഷ് കുമാർ ചൂണ്ടിക്കാട്ടി. തേജസ്വി യാദവ് സഭയിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് നിതീഷ് കുമാറിന്റെ പ്രസ്‌താവന വന്നിരിക്കുന്നത്.

2005ന് മുമ്പുള്ള ബീഹാറിന്റെ ചരിത്രത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ വിവരണത്തെ ചോദ്യം ചെയ്‌തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി യാദവ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. ഭരണ പരാജയങ്ങളെ ന്യായീകരിക്കാൻ നിതീഷ് കുമാർ രാഷ്ട്രീയ വിധേയത്വം ആവർത്തിച്ച് മാറ്റുകയും മുൻകാലത്തിലെ കാര്യങ്ങളുടെ കുറ്റപ്പെടുത്തലുകളെ നിരന്തരം ആശ്രയിക്കുകയും ചെയ്‌തുവെന്നാണ് തേജസ്വി ആരോപിച്ചത്.
'2005ന് മുമ്പ് ബീഹാർ ഇല്ലായിരുന്നോ? സർക്കാർ എഴുതി നൽകുന്ന കാര്യങ്ങൾ മാത്രമാണ് ഗവർണർ വായിക്കുന്നത്. പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ചിലപ്പോൾ ബിഹാറിന്റെ ചരിത്രം പോലും അറിയില്ലായിരിക്കാം. മുമ്പത്തെ ഗവർണറുടെ പ്രസംഗം ഞങ്ങളുടെ പക്കലുണ്ട്, ഒരുപക്ഷേ ഇതും അതും ഒന്നായിരിക്കും.' തേജസ്വി ചൂണ്ടിക്കാട്ടി.
'2005ന് മുമ്പ് നിതീഷ് കുമാറിന് 55 വയസുണ്ടായിരുന്നു. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം കേന്ദ്ര കൃഷി മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സംവാദം നടക്കുന്ന അസംബ്ലി മന്ദിരവും 2005ന് മുമ്പ് നിലവിലുണ്ടായിരുന്നു. ലാലു ജിയുമായി പലർക്കും ഒരു പ്രശ്‌നമുണ്ട്. ഈ സർക്കാർ 40 വർഷം തുടർന്നാലും 2005ന് മുമ്പുള്ള കാലഘട്ടത്തെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും' തേജസ്വി യാദവ് നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു.
അതേസമയം, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആർജെഡിയും ജെഡിയുവും പരസ്‌പരം ആക്രമണം ശക്തമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ജനുവരി വരെ ആർജെഡിയുമായും കോൺഗ്രസുമായും സഖ്യത്തിലായിരുന്നു നിതീഷ് കുമാർ, എന്നാൽ പെട്ടെന്ന് ഒരുനാൾ ഈ ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം പോവുകയായിരുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേർന്ന ശേഷം ഒട്ടേറെ നേട്ടങ്ങൾ നിതീഷ് കുമാറിനും പാർട്ടിക്കും ലഭിക്കുകയുണ്ടായി. അതിനിടെ നിതീഷ് കുമാറിന് വേണ്ടി ഇന്ത്യ സഖ്യത്തിന്റെ വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് അടുത്തിടെ ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് അനുകൂലമായല്ല അദ്ദേഹം പ്രതികരിച്ചത്.












Click it and Unblock the Notifications