ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് സംശയം; യുവാവ് മകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

കതിഹാര്‍: ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് സംശയിച്ച് യുവാവ് എട്ടുവയസുള്ള സ്വന്തം മകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ കതിഹാര്‍ ജില്ലയിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയ മുഹമ്മദ് മുസ്താഖിനെ(40) പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ദില്ലിയില്‍ മറ്റൊരാളെ വിവാഹം ചെയ്‌തെന്ന സംശയത്തെ തുടര്‍ന്ന് കലിപൂണ്ട മുസ്താഖ് മകളെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

മുസ്താഖിനും ഭാര്യ ദുഖിനി കതൗനും(35) അഞ്ച് മക്കളുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം മുസ്താഖ് ഭാര്യാവീട്ടിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. ദിവസവേതനക്കാരനായ മുസ്താഖിന് മറ്റൊരു വീടെടുത്ത് മാറാന്‍ കഴിയാത്തത് കുടുംബത്തില്‍ നിത്യവും വഴക്കിന് കാരണമാവുകയും ചെയ്തു.

rape-013

ഇതേചൊല്ലി വഴക്ക് പതിവായതോടെ അഞ്ചുമാസം മുന്‍പ് രണ്ടുമക്കളുമായി ദുഖിനി ദില്ലിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. മറ്റു മൂന്നു കുട്ടികള്‍ മുസ്താഖിനൊപ്പവും കഴിഞ്ഞു. ഇതിനിടെ കഴിഞ്ഞദിവസം ഭാര്യ ദില്ലിയില്‍ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞതോടെ മുസ്താഖ് കുപിതനാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

എട്ടുവയസുകാരിയെ മര്‍ദ്ദിച്ച് കലി തീര്‍ത്ത മുസ്താഖിനെതിരെ ഭാര്യവീട്ടുകാരാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി ക്രൂരമായ മര്‍ദ്ദനത്തിനാണ് ഇരയായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.


English summary
Bihar man kills 8-year-old daughter after wife marries another person
Please Wait while comments are loading...