ബിഹാർ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുതാര്യവും സുരക്ഷിതവും ലളിതവുമായ തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന വേളയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ മാറ്റങ്ങളും ഇത്തവണ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.
ബിഹാർ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകളോ ഇല്ലാതാക്കലുകളോ സംബന്ധിച്ച എതിർപ്പുകൾക്കുള്ള അവസരം ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള വഴി സംസ്ഥാനം രാജ്യത്തിന് കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. വിവാദങ്ങൾക്ക് വഴിയൊരുക്കിയ എസ്‌ഐആറിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

'വോട്ടർ പട്ടിക പരിഷ്‌കരണം 2025 ജൂൺ 24ന് ആരംഭിച്ചു, ഓഗസ്‌റ്റ് 1 ന് കരട് പ്രസിദ്ധീകരിച്ചു. പൗരന്മാർക്ക് അവകാശവാദങ്ങളോ എതിർപ്പുകളോ സമർപ്പിക്കാൻ സെപ്റ്റംബർ 1 വരെ സമയം നൽകി. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30 ന് പുറത്തിറങ്ങി' സിഇസി പറഞ്ഞു. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവർക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ വോട്ടർ ഐഡി കാർഡുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഏതെങ്കിലും വ്യാജ വാർത്തകൾ വന്നാൽ അവ കർശനമായി നേരിടുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ വോട്ടർമാർക്ക് 90712 ബിഎൽഒമാർ, 243 ഇആർഒമാർ, 38 ഡിഎംമാർ എന്നിവരെ ബന്ധപ്പെടാമെന്നും അല്ലെങ്കിൽ 1950 വോട്ടർ ഹെൽപ്പ് ലൈൻ വഴി പാറ്റ്നയിലെ സിഇഒയെ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം നവംബർ 6 നും രണ്ടാം ഘട്ടം നവംബർ 11 നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. ഫലം നവംബർ പതിനാലിനാണ് പ്രഖ്യാപിക്കുക. നവംബർ 22ന് ബിഹാർ നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
ആദ്യ ഘട്ടത്തിൽ മധ്യ, വടക്കൻ ബീഹാറിലാണ് വോട്ടെടുപ്പ് നടക്കുക. ഇവിടെയുള്ള 121 സീറ്റുകളിൽ മത്സരം നടക്കും. മറുവശത്ത് രണ്ടാം ഘട്ടത്തിൽ നേപ്പാളിനടുത്തുള്ള അതിർത്തി ജില്ലകളായ പൂർണിയ, ദർഭംഗ, മധുബാനി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇവിടെയുള്ള 122 സീറ്റുകളിൽ അന്നേ ദിവസം വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ തവണയും സമാനമായിരുന്നു വോട്ടെടുപ്പ്.
അതിനിടെ ബിഹാർ തെരഞ്ഞെടുപ്പ് "തിരഞ്ഞെടുപ്പുകളുടെ മാതാവ്" ആയിരിക്കുമെന്നും, രാജ്യത്തിന് ഒരു മാതൃക സൃഷ്‌ടിക്കുകയും ജനാധിപത്യത്തിന്റെ ശക്തിയുടെ തെളിവായി പ്രവർത്തിക്കുകയും, രാജ്യവ്യാപകമായി ഒരു പുതിയ സന്ദേശം കൈമാറുകയും ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ വ്യക്തമാക്കി.
എൻഡിഎയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും രംഗത്തെത്തി. എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികളും രണ്ട് ഘട്ട വോട്ടെടുപ്പും പ്രഖ്യാപിച്ചതെന്ന് വിശ്വസിക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. എൻഡിഎ മൂന്നിൽ രണ്ട് വോട്ടുകൾ നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications