വലിയവനും ചെറിയവനുമില്ല, ബിഹാറിൽ എൻഡിഎ ഒറ്റക്കെട്ട്; ബിജെപിക്കും ജെഡിയുവിനും സീറ്റുകൾ ഒരുപോലെ?
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ എൻഡിഎ സീറ്റ് വിഭജന ഫോർമുല അന്തിമമാക്കാനുള്ള ഒരുക്കത്തിലാണ്. സഖ്യത്തിലെ ഐക്യം നിലനിർത്താൻ ബിജെപിയും ജെഡിയുവും തുല്യ എണ്ണം സീറ്റുകളിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്.
നവംബർ 6, നവംബർ 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്നും നവംബർ 14-ന് ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. 243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി നവംബർ 22-ന് അവസാനിക്കാനിരിക്കെ, എൻഡിഎയ്ക്ക് ഉള്ളിലെ ആഭ്യന്തര ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി.

ബിജെപിയും ജെഡിയുവും ഉൾപ്പെടുന്ന ഭരണകക്ഷിയായ എൻഡിഎ തുല്യ സീറ്റ് പങ്കിടാൻ പദ്ധതിയിടുമ്പോൾ, എൽജെപി, എച്ച്എഎം, ആർഎൽഎം തുടങ്ങിയ ചെറുകക്ഷികളും മത്സരരംഗത്തുണ്ടാകും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആകെയുള്ള 243 മണ്ഡലങ്ങളിൽ ബിജെപിയും ജെഡിയുവും ചേർന്ന് 205 സീറ്റുകളിൽ മത്സരിക്കും.
ഈ സീറ്റുകൾ ഇരുപാർട്ടികളും ഏകദേശം തുല്യമായി പങ്കിടും. പ്രതിപക്ഷത്തിന്റെ വർധിച്ചുവരുന്ന മുന്നേറ്റത്തിനിടയിലും ഐക്യം പ്രകടിപ്പിക്കാനുള്ള സഖ്യത്തിന്റെ നീക്കത്തെയാണ് ഈ തുല്യത സൂചിപ്പിക്കുന്നത്. ബാക്കിയുള്ള 38 സീറ്റുകൾ എൻഡിഎയിലെ ചെറുകക്ഷികൾക്ക് നൽകും എന്നാണ് അറിയാൻ കഴിഞ്ഞത്.
ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) ഏകദേശം 25 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) 7 സീറ്റുകളിലും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) 6 സീറ്റുകളിലും മത്സരിച്ചേക്കാം. അങ്ങനെയെങ്കിൽ മുന്നണിയുടെ കെട്ടുറപ്പ് കൂടുതൽ ദൃഢമാവും എന്നാണ് വിലയിരുത്തൽ.
എങ്കിലും തങ്ങൾക്ക് താൽപ്പര്യമുള്ള മണ്ഡലങ്ങൾക്കായി ചിരാഗ് പാസ്വാൻ സമ്മർദ്ദം ചെലുത്തുന്നതിനാൽ അന്തിമ കണക്കുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. എൽജെപിയുടെ വിഹിതത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ, എച്ച്എമ്മിന്റെയും ആർഎൽഎമ്മിന്റെയും സീറ്റുകൾ കുറയാനാണ് സാധ്യത. പകരം രാജ്യസഭാ അല്ലെങ്കിൽ നിയമനിർമ്മാണ കൗൺസിൽ സീറ്റുകൾ ആയിരിക്കും അവർക്ക് വാഗ്‌ദാനം ചെയ്യുക.
ബിജെപിയും ജെഡിയുവും തമ്മിലുള്ള വിഭജന ഫോർമുല സഖ്യത്തിന്റെ സ്ഥിരത നിലനിർത്താൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായാണ് കണക്കാക്കുന്നത്. നേതൃത്വപരമായ കാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും മുൻപുണ്ടായ തർക്കങ്ങൾ ഒഴിവാക്കാൻ ഇരു പാർട്ടികളും ശ്രദ്ധാലുക്കളാണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
നിലവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാറിൽ എൻഡിഎയുടെ മുഖമായി തുടരുന്നു. അതേസമയം, ബിജെപിയുടെ സംസ്ഥാന നേതൃത്വമാവട്ടെ അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾക്കിടയിലും യുവ വോട്ടർമാർക്കിടയിലും സ്വാധീനം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വിഭാഗങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായേക്കും എന്നാണ് വിലയിരുത്തൽ.
അതേസമയം, മറുവശത്ത് തേജസ്വി യാദവിന്റെ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം - കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെ, എൻഡിഎക്കെതിരെ പ്രചാരണം ശക്തമാക്കുകയാണ്. ഭരണത്തിലെ അലംഭാവം ഉൾപ്പെടെ ആരോപിച്ച് അവർ എൻഡിഎയെ നിരന്തരം വിമർശിക്കുന്നു. മാത്രമല്ല മുന്നണിയിലെ ഭിന്നതയും വിള്ളലുകളും അടക്കം അവർ ഉയർത്തികാട്ടുകയും ചെയ്യുന്നുണ്ട്.
അതിനിടെ ആം ആദ്‌മി പാർട്ടി 243 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചതോടെ, ബിഹാർ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും കടുത്ത മത്സരം തന്നെ നടക്കാൻ സാധ്യതയുണ്ട്. ഒരു വശത്ത് ഭരണം നിലനിർത്താൻ ഏത് വിധേനയും ജയത്തിനായി പരിശ്രമിക്കുന്ന എൻഡിഎയും മറുവശത്ത് അധികാരം പിടിച്ചടക്കാൻ കച്ചകെട്ടുന്ന ഇന്ത്യ സഖ്യവും നേർക്കുനേർ നിൽക്കുമ്പോൾ പോരാട്ടം പൊടിപാറും എന്നുറപ്പാണ്.












Click it and Unblock the Notifications