ഡൽഹിയിൽ ബിജെപിയുടെ ട്രിപ്പിൾ എഞ്ചിൻ സർക്കാർ? മൂന്ന് എഎപി കൗൺസിലർമാർ മറുകണ്ടം ചാടി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപി ട്രിപ്പിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ തെളിയുന്നു. കഴിഞ്ഞ ദിവസം മൂന്ന് എഎപി കൗൺസിലർമാർ മറുകണ്ടം ചാടിയതോടെയാണ് ബിജെപിക്ക് വലിയ നേട്ടം ഉണ്ടായിരിക്കുന്നത്. മൂന്ന് കൗൺസിലർമാരെ വന്നതോടെ 250 അംഗ എംസിഡിയിൽ എഎപിക്ക് 114 സീറ്റുകളും കോൺഗ്രസിന് എട്ട് സീറ്റുകളും മാത്രം ഉള്ളപ്പോൾ ബിജെപിയുടെ അംഗബലം 116 ആയി ഉയർന്നു.
ആൻഡ്രൂസ് ഗഞ്ചിൽ നിന്നുള്ള അനിത ബസോയ, ഹരി നഗറിൽ നിന്നുള്ള നിഖിൽ ചപ്രാന, ആർകെ പുരത്ത് നിന്നുള്ള ധർമവീർ സിംഗ് എന്നിവരാണ് ബിജെപിയിൽ ചേർന്ന മൂന്ന് ആം ആദ്‌മി പാർട്ടി കൗൺസിലർമാർ. ഡൽഹിയിൽ ട്രിപ്പിൾ എഞ്ചിൻ ഭരണം ഉടൻ ഉണ്ടാകുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ ഇതിന് പിന്നാലെ പറയുകയും ചെയ്‌തിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് പാർട്ടികളിൽ നിന്നുള്ള 22 കൗൺസിലർമാരിൽ 11 പേർ വിജയിച്ചിരുന്നു. അതിൽ ബിജെപി കൗൺസിലർമാർ എട്ട് സീറ്റുകളും എഎപി മൂന്ന് സീറ്റുകളും നേടി. എംപിയായി തിരഞ്ഞെടുക്കപ്പെട്ട കമൽജീത് സെഹ്‌രാവത് ഉൾപ്പെടെ 12 ഒഴിവുകളാണ് എംസിഡിയിൽ നിലവിലുള്ളത്.
ജനുവരി 28ന് എഎപി കൗൺസിലർ (ഷഹബാദ് ഡെയറിയിൽ നിന്നുള്ള രാം ചന്ദർ) ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് ഡൽഹിയിലെ പ്രാദേശിക രാഷ്ട്രീയ രംഗം ഒന്നാകെ മാറിയത്. ഇതോടെ പാർട്ടിയുടെ അംഗബലം 113 ആയി മാറിയിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ പുതിയ സംഭവവികാസത്തിൽ ബിജെപിയുടെ അംഗബലം 116 ആയി ഉയർന്നു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഡിഎംസി) നിയമപ്രകാരം മേയർ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുള്ള സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഏപ്രിലിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് ഈ സ്ഥാനങ്ങൾ നികത്തപ്പെടാതെ തുടർന്നാൽ മേയർ സ്ഥാനം ബിജെപിക്ക് ലഭിക്കാനുള്ള സാധ്യത ഉയരുകയാണ് ചെയ്യുക.
വർഷം തോറും ഏപ്രിലിൽ നടക്കുന്ന പുതിയ സെഷന്റെ ആദ്യ മീറ്റിംഗിൽ മേയർ തിരഞ്ഞെടുപ്പ് നടക്കാറാണ് പതിവ്. ഈ വർഷം തസ്‌തികയ്ക്ക് സംവരണ മാനദണ്ഡങ്ങളൊന്നും ബാധകമല്ല. ഇവിടെയും ബിജെപി അധികാരത്തിൽ വന്നാൽ രാജ്യതലസ്ഥാനം ഒന്നാകെ അവരുടെ കൈയിലാവുന്ന സാഹചര്യം എഎപിയെ ഉൾപ്പെടെ വല്ലാതെ ആശങ്കയിലാക്കുന്നുണ്ട്.
ഫെബ്രുവരി ആദ്യവാരം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് വട്ടം അധികാരത്തിൽ ഇരുന്ന എഎപിയെ മലർത്തിയടിച്ചു കൊണ്ടാണ് ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചെടുത്തത്. ആകെയുള്ള 70 സീറ്റിൽ 40 എണ്ണവും നേടിയായിരുന്നു അവരുടെ മുന്നേറ്റം. 27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരം നേടുന്നത്. കേന്ദ്രത്തിലും നിയമസഭയിലും ഇപ്പോഴിതാ എംസിഡിയിലും മുന്നേറ്റം തുടർന്നതോടെ ബിജെപിയുടെ ട്രിപ്പിൾ എഞ്ചിൻ സർക്കാർ മോഹത്തിലേക്ക് അടുക്കുകയാണ്.












Click it and Unblock the Notifications