ബിജെപി വിയർത്ത് ജയിക്കാം, എസ്പി കുതിക്കും: കോണ്‍ഗ്രസ് നിലം തൊടില്ല; യുപിയിലെ പുതിയ സർവേ ഫലം
ലഖ്നൗ: രാജ്യം ഉറ്റ് നോക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിർത്താന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി അതിശക്തമായ വെല്ലുവിളിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രിമാരുള്‍പ്പടേയുള്ള നിരവധി എം എല്‍ എമാരും നേതാക്കളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പിയില്‍ നിന്നും രാജിവെച്ച് എസ് പിയിലെത്തിയത്. മറുവശത്ത് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് എസ്പിയിലും കൊഴിഞ്ഞുപോക്കുണ്ടായെങ്കിലും ഏറ്റവും വലിയ ആഘാതമുണ്ടായിരിക്കുന്നത് ബി ജെ പിക്ക് തന്നെയാണ്.
അതേസമയം, തിരിച്ചടികള്‍ നിരവധിയാണെങ്കിലും യുപിയില്‍ ഇത്തവണയും ബി ജെ പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് ഇതുവരെ പുറത്ത് വന്ന സർവ്വെ ഫലങ്ങളെല്ലാം അഭിപ്രായപ്പെടുന്നത്. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവർക്ക് സീറ്റുകളില്‍ ഗണ്യമായ കുറവുണ്ടായേക്കാമെന്നും സർവ്വേകള്‍ പ്രവചിക്കുന്നു.

ഏറ്റവും അവസാനമായി പുറത്ത് വന്ന ജാൻ കി ബാത്ത്-ഇന്ത്യ ന്യൂസ് സർവേ അനുസരിച്ച്, 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ 226-246 സീറ്റുകൾ നേടി ബി ജെ പി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. ജാൻ കി ബാത്ത്-ഇന്ത്യ ന്യൂസ് തന്നെ 2021 ഡിസംബറില്‍ ബി ജെ പിക്ക് പ്രവചിച്ച സീറ്റുകളുടെ എണ്ണത്തില്‍ നിന്നും ഇത്തവണ കുറവ് വന്നിട്ടുണ്ട്. 233 മുതൽ 252 വരെ സീറ്റുകളായിരുന്നു ഡിസംബറില്‍ അവർ ബി ജെ പിക്ക് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പത്തിനടുത്ത് സീറ്റുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ബി ജെ പി അതിശക്തമായ മത്സരം നേരിടുന്നുവെന്ന് ഇതിനെ വിലയിരുത്താന്‍.
റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍

2017 ലെ തിരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഇത്തവണ അവർ ബി ജെ പിക്കെതിരെ അതിശക്തമായ മത്സരം തന്നെ കാഴ്ചവെക്കുമെന്നാണ് സർവ്വെ അഭിപ്രായപ്പെടുന്നത്. പാർട്ടി 144 മുതൽ 160 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ഒരു മാസം മുമ്പ് അത് 135 മുതൽ 149 വരെ സീറ്റുകളായിരുന്നു. അതേസമയം എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥിതി ഇത്തവണ 2017 ലേതിനേക്കാള്‍ ദയനീയമായിരിക്കുമെന്നാണ് ജാൻ കി ബാത്ത്-ഇന്ത്യ ന്യൂസ് സർവേ പ്രവചിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയായ മായാവതിയുടെ ബി എസ് പിക്കും മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കില്ല. ഒരുപക്ഷെ സംസ്ഥാന ചരിത്രത്തിലെ തന്നെ ബി എസ് പിയുടെ ഏറ്റവും മോശം പ്രകടനമായിരിക്കും ഇത്തവണത്തേത് എന്നാണ് പ്രവചനം. ആകെ പോൾ ചെയ്യുന്നു വോട്ടിന്റെ 40 ശതമാനത്തോളം ബി ജെ പി സ്വന്തമാക്കിയേക്കും. 36 ശതമാനവുമായി സമാജ്‌വാദി പാർട്ടിയും തൊട്ട് പിന്നിലുണ്ട്. വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ ബി എസ് പിയായിരിക്കും മൂന്നാം സ്ഥാനത്ത്. പക്ഷെ 13 ശതമാനം പിന്തുണ മാത്രമാണ് ഇവർക്ക് പ്രവചിക്കുന്നത്.

അതേസമയം വിമർശനം ഉയർത്തി മന്ത്രിമാർ ഉള്‍പ്പടേയുള്ള നേതാക്കള്‍ അടുത്തിടെ ബി ജെ പി വിട്ടുപോയെങ്കിലും യോഗി ആദിത്യനാഥിന്റെ ജനപ്രീതി വോട്ടർമാർക്കിടയിൽ മാറ്റമില്ലാതെ തുടരുന്നതായും സർവ്വേ അവകാശപ്പെടുന്നു. സർവേയിൽ പങ്കെടുത്തവരിൽ 56 ശതമാനമെങ്കിലും അദ്ദേഹത്തെ മികച്ച മുഖ്യമന്ത്രി അംഗീകരിച്ചപ്പോള്‍ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പിന്തുണച്ചത് 32 ശതമാനം പേരാണ്. സംസ്ഥാനത്തെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രിയാണെങ്കിലും മായാവതിയെ മുഖ്യമന്ത്രി സ്ഥാനത്ത് കാണാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും സർവെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായെങ്കിലും ജാൻ കി ബാത്ത്-ഇന്ത്യ ന്യൂസ് 45 ശതമാനം പേരും മുഖ്യമന്ത്രി മഥുരയിൽ നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 30 ശതമാനം പേർ അദ്ദേഹം അയോധ്യയിൽ നിന്ന് മത്സരിക്കണമെന്നും അഭിപ്രായപ്പെടുന്നു. യോഗിയുടെ പ്രധാന എതിരാളിയായ അഖിലേഷ് യാദവിനെ സംബന്ധിച്ചിടത്തോളം, 50 ശതമാനം ആളുകളാമ് അദ്ദേഹം അസംഗഢിൽ നിന്ന് മത്സരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നത്. 30 ശതമാനം ആളുകൾ അദ്ദേഹം ഇറ്റാവയിൽ നിന്നും 10 ശതമാനം മെയിൻപുരിയിൽ നിന്നും അഖിലേഷ് മത്സരിക്കണമെന്ന് അഭിപ്രായപ്പെടുന്നു.

സർവേയില്‍ പങ്കെടുത്തവരിൽ 25 ശതമാനം പേരും ജാതിയും മതവും അടിസ്ഥാനമാക്കി വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയപ്പോള്‍ 20 ശതമാനം പേർ വികസന അജണ്ടയും ക്രമസമാധാനവും അടിസ്ഥാനമാക്കി തീരുമാനമെടുക്കാനാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ വോട്ട് സർക്കാർ പദ്ധതികളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് 18 പേർ അവകാശപ്പെട്ടപ്പോള്‍ 10 ശതമാനം പേർ തൊഴിലില്ലായ്മയും 5 ശതമാനം പേർ പണപ്പെരുപ്പവും കണക്കിലെടുക്കുമെന്ന് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി സംസ്ഥാനത്ത് ബി ജെ പിക്ക് മുതല്‍ക്കൂട്ടാവുമെന്നും സർവ്വേ അഭിപ്രായപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മോദിയും പരിഗണനാ വിഷയമാവുമെന്നും അദ്ദേഹത്തിലൂടെ ബി ജെ പിക്ക് വോട്ടുകള്‍ ലഭിക്കുമെന്നും പറഞ്ഞത് 85 ശതമാനം പേരാണ്. പഞ്ചാബില്‍ മോദിയുടെ യാത്രയിലുണ്ടായ സുരക്ഷാ വീഴ്ച ഉത്തർപ്രദേശിലും സ്വാധീനം ചെലുത്തുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

20 മിനിറ്റോളം പ്രധാനമന്ത്രി മേൽപ്പാലത്തിൽ കുടുങ്ങിയ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദി പഞ്ചാബിലെ ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്നും സർവേയിൽ പങ്കെടുത്ത 45 ശതമാനം പേർ അഭിപ്രായപ്പെടുന്നു. 25 ശതമാനം പേർ സുരക്ഷാ വീഴ്ചയ്ക്ക് പഞ്ചാബ് പോലീസിനെയാണ് കുറ്റപ്പെടുത്തുന്നത്. 2021 ഡിസംബർ 22 നും 2022 ജനുവരി 10 നും ഇടയിൽ നടത്തിയ സർവേയുടെ റിപ്പോർട്ടാണ് ഇപ്പോള പുറത്ത് വന്നത്.












Click it and Unblock the Notifications