റായ്ബറേലി പിടിക്കാന്‍ ബിജെപി, യുപിയില്‍ വീണുകിട്ടി അവസരം, സോണിയയുടെ കോട്ടയില്‍ കാറ്റ് മാറി വീശും?
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കപ്പെട്ട് കോണ്‍ഗ്രസ്. എട്ട് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരാണ് കൂറുമാറി വോട്ട് ചെയ്തത്. യുപിയില്‍ എട്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനും ബിജെപിക്ക് സാധിച്ചു. അഖിലേഷ് യാദവിന് വന്‍ തിരിച്ചടികളാണ് ലഭിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ ചീഫ് വിപ്പായ മനോജ് കുമാര്‍ പാണ്ഡെയും കഴിഞ്ഞ ദിവസം രാജിവെച്ചിരിക്കുകയാണ്. അഖിലേഷിന്റെ വിശ്വസ്തനാണ് പാണ്ഡെ. ചൊവ്വാഴ്ച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹം കാണുകയും ചെയ്തു. ഈ ആഴ്ച്ച തന്നെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കും. അഖിലേഷിന് വ്യക്തിപരമായി ഉണ്ടായ തിരിച്ചടി കൂടിയാണിത്.

അഖിലേഷിനൊപ്പം എപ്പോഴും ഉറച്ച് നില്‍ക്കുന്ന നേതാവാണ് പാണ്ഡെ. അതേസമയം അദ്ദേഹം ബിജെപിയിലെത്തിയാല്‍ അത് കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ വെല്ലുവിളിയാവാന്‍ പോകുന്നത്. സോണിയാ ഗാന്ധിയുടെ റായ്ബറേലി പിടിക്കാന്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിത്.
യുപിയില്‍ കോണ്‍ഗ്രസിന്റെ അവസാന കോട്ടയാണിത്. സോണിയ രാജസ്ഥാനില്‍ നിന്ന് മത്സരിച്ച് രാജ്യസഭയിലെത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യത ഇവിടെ കുറവാണ്. മനോജ് കുമാര്‍ പാണ്ഡെ ഉന്‍ച്ഛാഹര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. റായ്ബറേലി ലോക്‌സഭാ സീറ്റിന്റെ ഭാഗമാണ് ഈ മണ്ഡലം.
ഒന്നുകില്‍ രാഹുല്‍ ഗാന്ധി ഇല്ലെങ്കില്‍ പ്രിയങ്ക എന്നതാണ് ഇവിടെ കോണ്‍ഗ്രസ് പരിഗണിക്കുന്ന പേരുകള്‍. 1951ന് ശേഷം കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ മൂന്ന് തവണ മാത്രമാണ് പരാജയപ്പെട്ടത്. ഇത്തവണ ബിജെപി ആരെ ഇവിടെ മത്സരിപ്പിക്കുമെന്നതിന് ഉത്തരമാണ് പാണ്ഡെയിലൂടെ ലഭിച്ചിരിക്കുന്നത്. അമേഠിയിലൂടെ ആദ്യത്തെ ഗാന്ധി കോട്ട ബിജെപി സ്വന്തമാക്കി.
ഗാന്ധി കുടുംബത്തെ പൂര്‍ണമായും പരാജയപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. 2019ല്‍ യുപിയില്‍ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോഴും റായ്ബറേലി കോണ്‍ഗ്രസിനൊപ്പമായിരുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഉന്‍ച്ഛാഹര്‍ ബിജെപിക്ക് ലഭിച്ചില്ല. ഇതും ബിജെപി തരംഗമുണ്ടായ സമയത്ത് തന്നെയായിരുന്നു.
പാണ്ഡെ മാത്രമല്ല കോണ്‍ഗ്രസിന് വെല്ലുവിളിയാവുക. എസ്പിയില്‍ നിന്ന് ക്രോസ് വോട്ട് ചെയ്ത എംഎല്‍എ രാകേഷ് പ്രതാപ് സിംഗ്, അഭയ് സിംഗ് എന്നിവര്‍ ഗാന്ധി കുടുംബത്തിന് വെല്ലുവിളിയാവും. പ്രതാപ് സിംഗ് ഗൗരിഗഞ്ച് എംഎല്‍എയാണ്. ഇത് അമേഠി മണ്ഡലത്തിലാണ്. അഭയ് സിംഗ് അതുപോലെ ഗോസായ്ഗഞ്ചിലെ എംഎല്‍എയാണ്.
ഇത് അയോധ്യയിലാണ്. അമേഠിയുമായി അടുത്താണ് ഇത് നില്‍ക്കുന്നത്. ഇവര്‍ രണ്ടും താക്കൂര്‍ നേതാക്കളാണ്. വലിയ സ്വാധീനം ഇവര്‍ക്ക് മണ്ഡലത്തിലുണ്ട്. രാഹുല്‍ അമേഠിയില്‍ നിന്ന് മത്സരിച്ചാല്‍ അത് ഇത്തവണ ഒട്ടും എളുപ്പമാവില്ല. കരുത്തര്‍ ബിജെപിക്കൊപ്പമുണ്ട്. റായ്ബറേലിയില്‍ വോട്ട് കുറഞ്ഞ് വരുന്നതും കോണ്‍ഗ്രസിനുള്ള ആശങ്കയാണ്.












Click it and Unblock the Notifications