വിജയ്ക്ക് വേണ്ടി പിടിമുറുക്കി ബിജെപി; എൻഡിഎ സഖ്യത്തിൽ ചേർന്നാൽ ഉപമുഖ്യമന്ത്രി പദം, 80 സീറ്റുകളും..!
ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യെ എൻഡിഎ സഖ്യത്തിലേക്ക് കൊണ്ടുവരാൻ ബിജെപി തീവ്രശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. വിജയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ടിവികെയ്ക്ക് 80 സീറ്റുകളും വാഗ്‌ദാനം ചെയ്യാൻ ബിജെപി തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തമിഴ്‌നാട്, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മെയ് 10-ന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൂപ്പർതാരത്തെ സഖ്യത്തിൽ ചേർക്കാനുള്ള ബിജെപി നീക്കം.

തമിഴക വെട്രി കഴകം നേതാവായ വിജയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും 80 മണ്ഡലങ്ങളും വാഗ്‌ദാനം ചെയ്തെങ്കിലും ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നാണ് ലഭ്യമായ വിവരം. എങ്കിലും, ഇരു പാർട്ടികളും തമ്മിലുള്ള രഹസ്യ സംഭാഷണങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് സൂചന. ഇതോടെ വിജയ് എൻഡിഎ സഖ്യത്തിൽ ചേരുമോ എന്നുള്ള ചോദ്യമാണ് അണികൾക്ക് ഇടയിലും ചർച്ച.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിയുടെ വാഗ്‌ദാനം സ്വീകരിക്കുന്നതിൽ വിജയിക്ക് മടിയുണ്ട്. മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്ന അദ്ദേഹം, ഈ ഘട്ടത്തിൽ സഖ്യം ചേരുന്നത് ഉചിതമാകുമോ എന്ന് ചിന്തിക്കുന്നു. ചർച്ചകളിലെ പ്രധാന തടസവും ഇതുതന്നെയാണ്. കാരണം ബിജെപിയെ തൻ്റെ പ്രത്യയശാസ്ത്രപരമായ എതിരാളിയായാണ് വിജയ് കാണുന്നത്.
അത് രാഷ്ട്രീയ പ്രവേശന വേളയിൽ തന്നെ അർത്ഥശങ്ക കൂടാതെ താരം വ്യക്തമാക്കിയതുമാണ്. ഈ സാഹചര്യത്തിൽ അവരുമായി സഖ്യം ചേരുന്നത് ദോഷകരമാകുമോ എന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. അധികാരത്തിനായി ആശയം അടിയറവ് വച്ചുവെന്ന വിമർശനത്തെ വിജയ് ഭയക്കുന്നു. എന്നാൽ, ഈ സഖ്യം യാഥാർത്ഥ്യമായാൽ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങൾ തന്നെ മാറിയേക്കാം.
തമിഴ്‌നാട്ടിൽ വിജയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. അദ്ദേഹത്തിന്റെ ആരാധകരിൽ ചെറിയൊരു ഭാഗം തങ്ങളോടൊപ്പം വന്നാൽ പോലും തിരഞ്ഞെടുപ്പിൽ അത് നിർണായകമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. വെറും 2 ശതമാനം വോട്ടുകൾ പോലും സംസ്ഥാനത്തെ വിജയത്തെയോ തോൽവിയെയോ നിർണയിക്കുമെന്ന് ബിജെപി കരുതുന്നു.
തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കുറഞ്ഞ വോട്ട് വ്യത്യാസത്തിനാണ് വിജയങ്ങൾ പലപ്പോഴും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ചെറിയ വോട്ടുകൾക്ക് പോലും രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിനിടെ വിജയ്‌യുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ വഴിയാണ് നിലവിൽ ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്.
പല മാർഗങ്ങളിലൂടെയും വിജയയുമായി ബന്ധപ്പെടാൻ ബിജെപി ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിലുള്ള ചിലർ എൻഡിഎ സഖ്യത്തോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഡിഎംകെ സർക്കാരിനെ വീഴ്ത്തുക എന്ന ലക്ഷ്യം അടിക്കടി പറയുന്ന വിജയ് ബിജെപിക്ക് ഒപ്പം ചേർന്നാൽ അത് ഗുണം ചെയ്യില്ല എന്നാണ് അടുപ്പക്കാർ പോലും പറയുന്നത്. ഈ ഘട്ടത്തിൽ വിജയ് എന്തു തീരുമാനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications