അമിത് മാളവ്യക്കെതിരെ ആര്‍എസ്എസ് നേതാവിന്റെ ലൈംഗികാരോപണം; പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യക്കെതിരെ ലൈംഗികാരോപണം. ആര്‍എസ്എസ് അംഗമായ ശന്തനു സിന്‍ഹയാണ് മാളവ്യക്കെതിരെ കടുത്ത ആരോപണവമായി രംഗത്തുവന്നിരിക്കുന്നത്. യുവതിയെ മാളവ്യ ലൈംഗിക ചൂഷണം നടത്തിയെന്നാണ് ശന്തനു ആരോപിക്കുന്നത്.
അതേസമയം ആരോപണങ്ങള്‍ക്ക് പിന്നാലെ ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം ആരോപണത്തിന് പിന്നാലെ ക്ഷമാപണം ആവശ്യപ്പെട്ട് പത്ത് കോടിയുടെ മാനക്കഷ്ടക്കേസ് ശന്തനു സിന്‍ഹയ്‌ക്കെതിരെ നല്‍കിയിരിക്കുകയാണ് അമിത് മാളവ്യ. ആരോപണങ്ങള്‍ തനിക്ക് കളങ്കമുണ്ടാക്കിയെന്നാണ് മാളവ്യ ആരോപിക്കുന്നത്.

ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയുടെ ബന്ധുവാണ് ആര്‍എസ്എസ് അംഗമായ ശന്തനു സിന്‍ഹയെ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥ് പറഞ്ഞു. നീചമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ നടത്തുന്നത്. ഒരു സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തിരിക്കുകയാണ്. ഇത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അല്ല, പശ്ചിമ ബംഗാളിലെ ബിജെപി ഓഫീസുകളിലാണ് നടന്നിരിക്കുന്നതെന്നും സുപ്രിയ ആരോപിച്ചു.
ബിജെപിയില്‍ നിന്ന് നമുക്കെല്ലാം വേണ്ടത് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്നാല്‍, പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിന് മുമ്പേ തന്നെ വളരെ പ്രധാനപ്പെട്ട നേതാവിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
ബിജെപിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന സുപ്രധാന നേതാവാണ് അമിത് മാളവ്യ. അദ്ദേഹത്തെ ഉടനെ തന്നെ ആ സ്ഥാനത്ത് നിന്ന് മാറ്റണം. ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന സ്ഥാനമാണതെന്നും സുപ്രിയ ശ്രീനാഥ് വ്യക്തമാക്കി.
അതേസമയം ആരോപണം ഉന്നയിച്ച സിന്‍ഹയ്‌ക്കെതിരെയും യുവതിക്കെതിരെയും നോട്ടീസ് അയച്ചുവെന്ന് അമിത് മാളവ്യ സ്ഥിരീകരിച്ചു. എത്രയും പെട്ടെന്ന് തെറ്റായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ആവശ്യം. തീര്‍ത്തും കുറ്റകരമായ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്.
വ്യാജമായ ലൈംഗിക ആരോപണം ആണിത്. ഇത് തന്റെ സമൂഹത്തിലെ മതിപ്പ് ഇല്ലാതാക്കിയിരിക്കുകയാണ്. പൊതുസേവകന്‍ കൂടിയായ തന്റെ പ്രതിച്ഛായയെ താറടിച്ച് കാണിക്കാന്‍ വേണ്ടിയുള്ളതാണ് ഈ ആരോപണങ്ങളെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ദുരൂഹമായ ഉദ്ദേശത്തോടെയുള്ളതാണ് ഈ ആരോപണങ്ങള്‍.
എത്രയും പെട്ടെന്ന് ഇവ പിന്‍വലിക്കണം. പരമാവധി മൂന്ന് ദിവസങ്ങള്‍ ഇതിനായി നല്‍കുന്നു. എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അത് നീക്കം ചെയ്യണം. തനിക്കുണ്ടായ നഷ്ടത്തിന് പത്ത് കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ വഴി നടത്തിയ ആരോപണങ്ങള്‍ തനിക്ക് വലിയ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയതായും അമിത് മാളവ്യ പറഞ്ഞു.












Click it and Unblock the Notifications