'ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് വരാം'; പാർട്ടിയിലേക്ക് ക്ഷണിച്ച് നേതാവ്
ദില്ലി: രാജിവെച്ച പിന്നാലെ ഗുലാം നബി ആസാദിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബി ജെ പി നേതാവ് കുൽദീപ് ബിഷ്ണോയ്. കോൺഗ്രസ് ആത്മഹത്യപരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും ബിഷണോയ് പറഞ്ഞു.
'കോൺഗ്രസ് ആത്മഹത്യാപരമായ അവസ്ഥയിലാണെന്ന് പറഞ്ഞാൽ അതിൽ തെറ്റ് പറയാനാകില്ല. രാഹുൽ ഗാന്ധി തന്റെ ഈഗോ മാറ്റിവെക്കണമെന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ഗുലാം നബി ആസാദിന് ബി ജെ പിയിലേക്ക് സ്വാഗതം. പാർട്ടി എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ, പാർട്ടിയിൽ ചേരാൻ എനിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാൻ സാധിക്കും',ബിഷ്‌ണോയ് പറഞ്ഞു.

ഹരിയാണയിൽ നിന്നുള്ള നേതാവാണ് ബിഷണോയ്. നേരത്തേ കോൺഗ്രസിൽ നിന്നും രാജിവെച്ചാണ് ബിഷണോയ് ബി ജെ പിയിലേക്ക് പോയത്. രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു ബിഷ്ണോയിയും രാജിവെച്ചത്.
അതിനിടെ ഗുലാം നബിയുടെ രാജിയിൽ പ്രതികരിച്ച് ബി ജെ പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തി. ഇനി കോൺഗ്രസിൽ അമ്മയും മകനും മാത്രമേ ഉണ്ടാകുവെന്നായിരുന്നു ഹിമന്തയുടെ പരിഹാസം.
ആസാദിന്റെ കത്തും 2015ൽ ഞാനെഴുതിയ രാജിക്കത്തും വായിച്ചാൽ ഒരുപാട് സമാനതകൾ കാണാം. രാഹുൽ ഗാന്ധിക്ക് പക്വതയില്ലെന്ന് എല്ലാവർക്കും അറിയാം. സോണിയാ ഗാന്ധി പാർട്ടിയിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. മകനെ പ്രോത്സാഹിപ്പിക്കാൻ മാത്രമാണ് അവർ ശ്രമിക്കുന്നത്. അതൊരു പാഴ്ശ്രമമാണ്, അതിന്റെ ഫലമായാണ് നിരവധി നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെയ്ക്കുന്നത്. കോൺഗ്രസ്സിൽ ഗാന്ധിമാർ മാത്രം അവശേഷിക്കുന്ന ഒരു കാലം വരുമെന്ന് ഞാൻ പ്രവചിച്ചിരുന്നു, അത് സംഭവിക്കുന്നു. രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ ബിജെപിക്ക് അനുഗ്രഹമാണ്', ഹിമന്ത പറഞ്ഞു.
ഹിമന്ത 2015 ലായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്നത്.
അതിനിടെ താൻ ബി ജെ പിയിലേക്ക് ഇല്ലെന്ന് ഗുലാം നബി വ്യക്തമാക്കി കഴിഞ്ഞു. സ്വന്തം സംസ്ഥാനായ ജമ്മുകാശ്മീരിലേക്ക് താൻ പോകുകയാണെന്നും സ്വന്തമായി പാർട്ടി രൂപീകരിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് പക്വതയില്ലെന്നും അദ്ദേഹത്തിന്റെ അപക്വമായ തീരുമാനങ്ങൾ പാർട്ടിയുടെ കെട്ടുറപ്പിനേയും കൂടിയാലോചന സംവിധാനങ്ങളേയും തകർത്തെന്നും കുറ്റപ്പെടുത്തിയായിരുന്നു ഗുലാം നബിയുടെ രാജി. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതിന്റെ കാരണക്കാരൻ രാഹുൽ ഗാന്ധിയാണെന്നും രാജിക്കത്തിൽ ഗുലാം നബി വിമർശിച്ചിരുന്നു.
'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications