ഡാന്‍സിന് ശേഷം കബഡി കളി... ആര്‍ത്തുല്ലസിച്ച് പ്രഗ്യ താക്കൂര്‍... കോടതിയില്‍ പറഞ്ഞത് തീരെ വയ്യെന്ന്
ഭോപ്പാല്‍: ബിജെപി നേതാവും ലോക്‌സഭാംഗവുമായ പ്രഗ്യ സിങ് താക്കൂറിന്റെ വീഡിയോ ഒന്നിന് പിറകെ ഒന്നായി പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം അവര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇപ്പോള്‍ കബഡി കളിക്കുന്ന വീഡിയോ ആണ് പ്രചിക്കുന്നത്. എംപി ഡാന്‍സ് ചെയ്യുന്നതും കബഡി കളിക്കുന്നതുമല്ല വിഷയം. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ സ്‌ഫോടന കേസില്‍ ജാമ്യം നേടിയതെന്നാണ് വീഡിയോക്ക് താഴെ ചിലര്‍ കമന്റ് ചെയ്യുന്നത്.
സന്യാസിനി പ്രഗ്യ സിങ് താക്കൂര്‍ മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്‌ഫോടന കേസില്‍ പ്രതിയാണ്. ശാരീരികമായി അവശത അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എന്‍ഐഎ കോടതിയില്‍ നിന്ന് ജാമ്യം നേടി ജയില്‍ മോചിതയായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മലേഗാവില്‍ രണ്ട് തവണയാണ് സ്‌ഫോടനം നടന്നത്. മുസ്ലിം ആഘോഷ വേളയിലായിരുന്നു സ്‌ഫോടനം. ഇതിന് പിന്നില്‍ പ്രഗ്യയുമായി ബന്ധമുള്ളവരാണ് എന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തി. തുടര്‍ന്നാണ് പ്രഗ്യയെ അറസ്റ്റ് ചെയ്തതും റിമാന്റ് ചെയ്തതും. യുപിഎ ഭരണകാലത്തായിരുന്നു ഇതെല്ലാം. ഏറെ കാലത്തിന് ശേഷം അവര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം നല്‍കി.

2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രഗ്യ സിങ് താക്കൂര്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചു. മികച്ച വിജയം നേടുകയും ചെയ്തു. വര്‍ഷങ്ങളായി ബിജെപി ജയിക്കുന്ന മണ്ഡലമാണിത്. ഈ സീറ്റില്‍ പ്രഗ്യയെ മല്‍സരിപ്പിച്ച ബിജെപിയുടെ നടപടി അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെ കേസ് വീണ്ടും കോടതിയില്‍ വന്നു.

മലേഗാവിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് 2019ല്‍ എന്‍ഐഎ കോടതിയെ സമീപിച്ചു. പ്രഗ്യ സിങ് താക്കൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ ജാമ്യം നേടിയത് എന്ന വിവരവും പിന്നീട് പുറത്തുവന്നു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് വിടുതല്‍ ആവശ്യപ്പെട്ടപ്പോഴും ആരോഗ്യ കാരണങ്ങളാണ് പ്രഗ്യ ചൂണ്ടിക്കാട്ടിയിരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവര്‍ എത്തിയത് വീല്‍ചെയറിലായിരുന്നു. പിന്നീട് പലപ്പോഴും അവര്‍ വീല്‍ ചെയറിലാണ് ജനങ്ങള്‍ക്കിടയിലെത്തിയത്. ജയിലില്‍ നേരിട്ട പീഡനത്തെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഗ്യ കരഞ്ഞതും വാര്‍ത്തയായി. എന്നാല്‍ ആരോഗ്യപരമായി പ്രശ്‌നമുള്ളയാള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെല്ലാം പ്രഗ്യ പിന്നീട് ചെയ്യാന്‍ തുടങ്ങി. അതോടെയാണ് ജാമ്യ വ്യവസ്ഥ സംബന്ധിച്ച വാര്‍ത്തകള്‍ വീണ്ടും പ്രചരിച്ചത്.

പ്രഗ്യ സിങ് ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം അവര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ വന്നു. ഇപ്പോള്‍ കബഡി കളിക്കുന്ന വീഡിയോയും. ദുര്‍ഗ പൂജയോട് അനുബന്ധിച്ചാണ് പ്രഗ്യ നൃത്തം ചെയ്തത്. ശേഷം ഒരു വിവാഹ ചടങ്ങില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നു. കഴിഞ്ഞ ദിവസം ശക്തിനഗറില്‍ കാളി ദേവി ദര്‍ശനത്തിന് എത്തിയപ്പോഴാണ് തൊട്ടടുത്ത സ്‌റ്റേഡിയത്തിലെത്തി കബഡി കളിച്ചത്.

ആര് പറഞ്ഞു എംപിക്ക് പരസഹായം കൂടാതെ നില്‍ക്കാന്‍ കഴിയില്ലെന്ന്. നടക്കാന്‍ പറ്റില്ലെന്ന്. അവര്‍ക്ക് യാതൊരു അസുഖവുമില്ല. അവര്‍ ഗര്‍ബ കളിക്കുന്നു. ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നു നൃത്തം ചെയ്യുന്നു... കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലുജ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ദൈവം അവര്‍ക്ക് എപ്പോഴും നല്ല ആരോഗ്യം നല്‍കട്ടെ എന്നും സലുജ പരിഹസിക്കുന്നു.

എപ്പോഴാണ് എന്‍ഐഎ കോടതി കേസില്‍ അടുത്ത വാദം കേള്‍ക്കുക എന്നാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം പ്രഗ്യയ്ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. ഡല്‍ഹിയിലെ എയിംസില്‍ ചികില്‍സ തേടി. രോഗം ഭേദമായി പോയ ശേഷം നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനാല്‍ വീണ്ടും അവര്‍ എയിംസില്‍ ചികില്‍സ തേടി. കൊവിഡ് വ്യാപിച്ച ഘട്ടത്തില്‍ മണ്ഡലത്തില്‍ വന്നിട്ടില്ലായിരുന്നു പ്രഗ്യ. എംപിയെ കാണാനില്ലെന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications