ഓപ്പറേഷൻ സിന്ദൂർ ചെറിയ യുദ്ധമെന്ന ഖാർഗെയുടെ പരാമർശം; ആഞ്ഞടിച്ച് ബിജെപി, രാഹുലിനും വിമർശനം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ ചെറിയ യുദ്ധമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും, അതിന്റെ തെളിവ് ചോദിച്ച ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഖാർഗെയുടെ പരാമർശവും രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള തെളിവ് ആവശ്യപ്പെടലും രാജ്യത്തെ സായുധ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുതിർന്ന ബിജെപി നേതാവ് സാംബിത് പത്ര പറഞ്ഞു.
'നമ്മുടെ സായുധ സേന പാകിസ്ഥാനിൽ പ്രവേശിച്ച് ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും നൂറിലധികം ഭീകരർ കൊല്ലപ്പെട്ടുവെന്നും രാഹുൽ ഗാന്ധിക്കും ഖാർഗെ ജിക്കും മനസിലാകുന്നില്ലേ? പാകിസ്ഥാന്റെ തിരിച്ചടിക്ക് ശേഷം, അവരുടെ 11 വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടു, ഇന്ന് പാകിസ്ഥാൻ വേദന കൊണ്ട് കരയുകയാണ്' സാംബിത് പത്ര പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ ഒരു ചെറിയ യുദ്ധമായിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്. ഇത് രാഷ്ട്രത്തിനും സായുധ സേനയുടെ ധീരതയ്ക്കും നേരെയുള്ള അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു. മല്ലികാർജുൻ ഖാർഗെയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ കടുത്ത വിമർശനം ഉയരുന്നത്. തുടർച്ചയായി തെളിവുകൾ ചോദിക്കുന്ന രാഹുൽ ഗാന്ധിക്ക് നേരെയും ബിജെപി വിമർശന ശരം തൊടുത്തുവിടുന്നുണ്ട്.
'ആദ്യ ദിവസം മുതൽ ഞങ്ങൾ ഡിജിറ്റൽ തെളിവുകൾ അവതരിപ്പിക്കുന്നുണ്ട്. പാകിസ്ഥാനികൾ തന്നെ തെളിവുകൾ കാണിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, നിങ്ങൾ സായുധ സേനയുടെ ധൈര്യത്തിന് തെളിവ് ചോദിക്കുന്നു. ഇതാണ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ നേതാക്കളും പാകിസ്ഥാനിൽ പോസ്‌റ്റർ ബോയ്‌സായി മാറിയതിന്റെ കാരണം' സാംബിത് പത്ര പരിഹസിച്ചു.
ഭീകരവാദിയായ ഹാഫിസ് സയീദിന്റെ പ്രിയപ്പെട്ടവനാണ് രാഹുൽ ഗാന്ധി എന്നും അദ്ദേഹം പാകിസ്ഥാന് ഓക്‌സിജൻ നൽകുന്നുവെന്നും സാംബിത് പത്ര ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
പഹൽഗാം ആക്രമണത്തിന് ശേഷം സർക്കാർ സ്വീകരിക്കുന്ന ഏതൊരു നടപടിയിലും പ്രതിപക്ഷം ഉറച്ചുനിൽക്കുന്ന പിന്തുണ നൽകിയിരുന്നെങ്കിലും, കർണാടകയിൽ നടന്ന ഒരു റാലിയിൽ സംസാരിച്ച കോൺഗ്രസ് മേധാവി മല്ലികാർജുൻ ഖാർഗെ ഓപ്പറേഷൻ സിന്ദൂറിനെ ചെറിയ യുദ്ധം എന്നാണ് വിശേഷിപ്പിച്ചത്. അതിനോട് ചേർന്ന് നിൽക്കുന്ന നിലപാട് തന്നെയാണ് രാഹുൽ ഗാന്ധിയും മുന്നോട്ട് വച്ചത്.
ഓപ്പറേഷൻ സിന്ദൂറിന്റെ തുടക്കത്തിൽ തന്നെ പാകിസ്ഥാനെ വിവരം അറിയിച്ചതിന് സർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധി, അതുകൊണ്ടുതന്നെ എത്ര വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടുവെന്ന് ചോദ്യം ഉയർത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത് വരുന്നത്.
നേരത്തെ ഇന്റലിജൻസ് വീഴ്‌ച ചൂണ്ടിക്കാട്ടി ഖാർഗെ വീണ്ടും മോദിയെ വിമർശിച്ചിരുന്നു. പഹൽഗാം ആക്രമണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് വിവരം ലഭിച്ചുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര ജമ്മു കശ്‌മീരിലേക്കുള്ള സന്ദർശനം റദ്ദാക്കിയതെന്നും ഖാർഗെ ആരോപിച്ചു. ഇത് രണ്ടാം തവണയാണ് കോൺഗ്രസ് അധ്യക്ഷൻ ഈ വിഷയം ചൂണ്ടിക്കാട്ടി രംഗത്ത് വരുന്നത്.
ആക്രമണം തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. മേഖലയിലെ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പരാജയമാണ് 26 പേരുടെ ജീവന്‍ നഷ്‍ടമാവുന്നതിലേക്ക് നയിച്ചത്. വിനോദസഞ്ചാരികളോട് പഹൽഗാമിൽ പോകരുതെന്ന് കേന്ദ്ര സർക്കാർ പറയാഞ്ഞത് എന്തുകൊണ്ടാണ്? എന്നായിരുന്നു ഖാർഗെയുടെ ചോദ്യം. ഇതേ വേദിയിൽ വച്ചാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ചെറിയ യുദ്ധമെന്ന് മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചത്.












Click it and Unblock the Notifications