അനുപ്രിയ പട്ടേലിന്റെ പേരില്‍ വിവാദ ട്വീറ്റുകള്‍; മന്ത്രി പരാതി നല്‍കി!
മോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയായ അനുപ്രിയ പട്ടേലിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി തന്നെ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ മന്ത്രി ദില്ലി പോലീസില്‍ പരാതി നല്‍കിയത്. അനുപ്രിയ പട്ടേല്‍ എന്ന വ്യാജ അക്കൗണ്ടില്‍ നിന്നും വിവാദമായ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് പരാതി.
തന്റെ ഔദ്യോഗിക അക്കൗണ്ട് അനുപ്രിയ എസ് പട്ടേല്‍ എന്നാണ് എന്ന് മന്ത്രി പറയുന്നു. എന്നാല്‍ തന്റേത് എന്ന വ്യാജേന ഒരുപാട് അക്കൗണ്ടുകള്‍ ട്വിറ്ററിലുണ്ട്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് മന്ത്രി ദില്ലി പോലീസിനെ സമീപിച്ചിരിക്കുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഒരു പ്രത്യേക സമുദായത്തെ ട്രോള്‍ ചെയ്യുന്ന ട്വീറ്റാണ് അനുപ്രിയ പട്ടേല്‍ എന്ന വ്യാജ പ്രൊഫൈലില്‍ നിന്നും ഉണ്ടായത്.

ദില്ലി സിറ്റി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മയ്ക്ക് നല്‍കിയ പരാതിക്കൊപ്പം വ്യാജ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും അനുപ്രിയ പട്ടേല്‍ വെച്ചിട്ടുണ്ട്. ഇത് മാത്രമല്ല, വേറെയും വ്യാജ അക്കൗണ്ടുകള്‍ തന്റെ പേരില്‍ പ്രചരിക്കുന്നുണ്ട് എന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള അപ്‌നാദള്‍ എം പിയാണ് 36കാരിയായ അനുപ്രിയ പട്ടേല്‍. ആരോഗ്യ വകുപ്പിലെ സഹമന്ത്രിയാണ്. മോദി സര്‍ക്കാരിന്റെ രണ്ടാമത്ത മന്ത്രിസഭ വികസനത്തിലാണ് അപ്‌നാദള്‍ നേതാവായ അനുപ്രിയ പട്ടേലിന് മന്ത്രിസ്ഥാനം കിട്ടിയത്. ഉത്തര്‍ പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബി ജെ പിയുടെ ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications