'അഞ്ച് ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ബിജെപി ഭൂരിപക്ഷം മറികടന്നു'; യുപിയിൽ തുടർഭരണം ഉറപ്പിച്ചെന്ന് മോദി
ദില്ലി; ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ജാതീയമായും സമുദായമായും ഭിന്നിപ്പിക്കുന്ന പ്രതിപക്ഷത്തെ അവർ തള്ളിക്കളഞ്ഞു. അഞ്ച് ഘട്ടം പൂർത്തിയായപ്പോൾ തന്നെ ബി ജെ പി ഭൂരിപക്ഷം മറികടന്നുവെന്നും മോദി പറഞ്ഞു. സോനഭദ്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ബിജെപിയോ സഖ്യകക്ഷികളോ അല്ല, ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പിലെ പ്രചരണങ്ങൾ വഴി തിരിച്ച് വിടാനും ജനങ്ങളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകാനുമുള്ള ശ്രമങ്ങൾ പ്രതിപക്ഷം നടത്തി. എന്നാൽ ജനം അതെല്ലാം തള്ളി കളഞ്ഞു. ഇതിനോടകം തന്നെ ഭൂരിപക്ഷം മറികടക്കാൻ സാധിച്ചെങ്കിലും യുപിയിൽ കൂറ്റൻ വിജയം നേടണമെങ്കിൽ ഓരോ വോട്ടും ബി ജെ പിക്ക് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിനെതിരേയും മോദി ആഞ്ഞടിച്ചു. അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അനധികൃത ഖനനത്തിനും കൈയേറ്റത്തിനും കുപ്രസിദ്ധരായവർക്ക് ജനങ്ങൾക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാനാകില്ലെന്നും മോദി പറഞ്ഞു.ഭരണത്തിലേറിയപ്പോഴൊന്നും പ്രതിപക്ഷം ജനങ്ങളെ മുൻഗണനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ധാതു സമ്പത്താലും പ്രകൃതിവിഭവങ്ങളാലും സമ്പന്നമായ പ്രദേശമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട സോനേഭദ്ര പ്രതിപക്ഷം തിരിഞ്ഞ് നോക്കിയില്ലെന്നും ഉദാഹാരണമായി മോദി പറഞ്ഞു.

എസ്ടി വിഭാഗത്തിന്റെ വികസനം ഉറപ്പാക്കുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. കസനത്തിലേക്കുള്ള ഓട്ടത്തിൽ അവരെ പിന്നിലാക്കാൻ ബിജെപി അനുവദിക്കില്ല. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ വിവിധ മേഖലകളിലെ വികസനം ഉറപ്പാക്കുന്നതിനായി പ്രത്യേക പദവി തന്നെ ജില്ലയ്ക്ക് ഇതിനകം നൽകിയിട്ടുണ്ട്. രാജ്യത്ത് 10 ആദിവാസി മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം ഗോത്രവർഗ നേതാവ് ബിർസ മുണ്ടയ്ക്ക് തന്റെ സർക്കാർ അർഹമായ ആദരവാണ് നൽകിയതെന്നും മോദി അവകാശപ്പെട്ടു. .ഭവന യൂണിറ്റുകളും കുടിവെള്ള വിതരണവും നൽകാനും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര ബജറ്റിൽ ഒരു ലക്ഷം കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ധാതു സമ്പത്തിന്റെ ചിലവിന്റെ ഒരു ഭാഗം മേഖലയുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയാണെന്നും മോദി പറഞ്ഞു.

ഉത്തർപ്രദേശിൽ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇനി ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ കടുത്ത മത്സരമാണ് ഇത്തവണ സംസ്ഥാനത്ത് ബി ജെ പി നേരിടുന്നത്. എന്നാൽ ഇക്കുറിയും കൂറ്റൻ വിജയം തന്നെ നേടുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്. ബി ജെ പി 80 ശതമാനത്തിലധികം സീറ്റുകൾ നേടി ഭരണ തുടർച്ച സാധ്യമാക്കുമെന്ന് യോഗി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആറാം ഘട്ടത്തിൽ ഉൾപ്പെടുന്ന തന്റെ മണ്ഡലമായ ഗൊരഖ്പൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു യോഗിയുടെ അവകാശവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ജനങ്ങൾ വൻ തോതിൽ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് 80 ശതമാനത്തിലധികം സീറ്റുകളും ഞങ്ങൾ നേടും.വികസനത്തിനും നാടിന്റെ സുരക്ഷയ്ക്കും ബി ജെ പിക്ക് ജനം വോട്ട് നൽകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

മാർച്ച് 7 നാണ് യുപിയിൽ അവസാന ഘട്ട വോട്ടെടുപ്പ്. 10 നാണ് ഫലം വരിക. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 325 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. എന്നാൽ ഇക്കുറി സീറ്റുകൾ കുത്തനെ ഇടിയുമെന്നാണ് ഇതുവരെ പുറത്തുവന്ന അഭിപ്രായ സർവ്വേകൾ എല്ലാം പ്രവചിച്ചത്. പാർട്ടിയുടെ ആഭ്യന്തര റിപ്പോർട്ടിലും പല മേഖലകളിലും കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നാണ് കണ്ടെത്തൽ.












Click it and Unblock the Notifications