'ഒരു പെൺകുട്ടിയെ ഒരുവട്ടം മാത്രം പിന്തുടരുന്നത് സ്‌റ്റോക്കിംഗ് പരിധിയിൽ വരില്ല'; ബോംബെ ഹൈക്കോടതി
മുംബൈ: ഒരു പെൺകുട്ടിയെ ഒരുവട്ടം മാത്രം പിന്തുടരുന്നത് സ്‌റ്റോക്കിംഗ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന നിർണായക വിധിയുമായി ബോംബെ ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 354-ഡി പ്രകാരമുള്ള സ്‌റ്റോക്കിംഗിന് ഇത് തുല്യമല്ലെന്നാണ് കോടതിയുടെ സുപ്രധാന ഉത്തരവിൽ പറയുന്നത്. ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്നതിന് ശിക്ഷിക്കപ്പെട്ട രണ്ട് ആൺകുട്ടികളിൽ ഒരാളെ വെറുതെവിട്ടുകൊണ്ടാണ് സിംഗിൾ ജഡ്‌ജി ജസ്‌റ്റിസ് ഗോവിന്ദ് സനപ് വിധി പ്രസ്‌താവിച്ചത്. 19 വയസുള്ള രണ്ട് യുവാക്കൾക്ക് എതിരെയായിരുന്നു ലൈംഗികാതിക്രമത്തിനും അതിക്രമിച്ചു കടന്നതിനും കേസെടുത്തത്.

ഒരു പെൺകുട്ടിയെ പിന്തുടരുന്ന ഒറ്റപ്പെട്ട സംഭവത്തെ ഐപിസി 345 ഡി പ്രകാരം സ്‌റ്റോക്കിംഗായി കാണാൻ കഴിയില്ല. അത്തരം ഒരു കുറ്റം സ്ഥാപിക്കുന്നതിന് ആവർത്തിച്ചുള്ള അല്ലെങ്കിൽ സ്ഥിരമായ പ്രവൃത്തികളുടെ തെളിവ് നിയമത്തിന് ആവശ്യമാണ്; ജസ്‌റ്റിസ് സനപ് നിരീക്ഷിച്ചു. അഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്ന കേസിലാണ് കോടതിയുടെ നിർണായക വിധി ഉണ്ടായിരിക്കുന്നത്.
2020 ജനുവരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നാം പ്രതി പിന്തുടരുകയും വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടി ഈ ആവശ്യം കൃത്യമായി നിരസിക്കുകയും പ്രതിയുടെ വീട്ടുകാരുമായി കുട്ടിയുടെ മാതാവ് സംസാരിക്കുകയും ചെയ്‌തിട്ടും ഇയാൾ ഉപദ്രവം തുടർന്നുവെന്നാണ് ആരോപണം.
തുടർന്ന് 2020 ഓഗസ്‌റ്റ് 26ന്, പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോശമായ രീതിയിൽ സ്‌പർശിച്ചു എന്നും ആരോപണമുണ്ട്. സംഭവസമയത്ത് രണ്ടാം പ്രതി വീടിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പിന്തുടരൽ, ലൈംഗികാതിക്രമം, ഭവനഭേദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെയും പോക്സോ ആക്റ്റും ചേർത്താണ് വിചാരണ കോടതി ഇവർ കുറ്റക്കാരനാണെന്ന് വിധിച്ചത്.
പ്രതികൾ പെൺകുട്ടിയെ പുഴയിലേക്ക് പോവുന്ന വഴിയിൽ പിന്തുടർന്ന ഒരൊറ്റ സംഭവത്തിൽ മാത്രമാണ് സ്‌റ്റോക്കിംഗ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് സനപ് പ്രസ്‌തുത വകുപ്പുകൾ എടുത്ത് മാറ്റിയത്. വീടിന് പുറത്ത് കാവൽ നിൽക്കുന്നതിനപ്പുറം സജീവമായ ഒരു പങ്കും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി രണ്ടാം പ്രതിയെ വെറുതെ വിട്ടു. മുഖ്യപ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications