ബ്രിജ് ഭൂഷണിന്റെ വിശ്വസ്തന്‍ സഞ്ജയ് സിംഗ് റെസ്ലിംഗ് ഫെഡറേഷന്റെ പുതിയ അധ്യക്ഷന്‍
ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷന് പുതിയ അധ്യക്ഷന്‍. ലൈംഗിക ആരോപണം നേരിടുന്ന മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗാണ് പുതിയ അധ്യക്ഷന്‍. 47ല്‍ നാല്‍പ്പത് വോട്ടുകളും നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് സഞ്ജയ് സിംഗ് വിജയം നേടിയിരിക്കുന്നത്. സംഘടനയിലെ പ്രമുഖ ഗുസ്തി താരങ്ങളെല്ലാം പിന്തുണച്ച കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ താരം അനിത ഷിയോറാനെയാണ് സഞ്ജയ് സിംഗ് പരാജയപ്പെടുത്തിയത്.
നേരത്തെ ബ്രിജ് ഭൂഷണെതിരായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ ഗുസ്തി താരങ്ങള്‍ പിന്തുണച്ച അനിതയ്ക്ക് സംഘടനയിലെ മറ്റുള്ളവരില്‍ നിന്ന് വലിയ രീതിയിലുള്ള പിന്തുണയും ലഭിച്ചിരുന്നില്ല. ബ്രിജ് ഭൂഷണ്‍ കഴിഞ്ഞ 12 വര്‍ഷമായി റെസ്ലിംഗ് ഫെഡറേഷന്റെ തലപ്പത്തുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. ഉത്തര്‍പ്രദേശ് റെസ്ലിംഗ് ബോഡിയുടെ വൈസ് പ്രസിഡന്റായിരുന്നു സഞ്ജയ് സിംഗ്.

റെസ്ലിംഗ് ഫെഡറേഷന്റെ അവസാന എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഭാഗമായിരുന്നു നേരത്തെ സഞ്ജയ് സിംഗ്. 2019 മുതല്‍ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമാണ് അദ്ദേഹം. അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുകയാണ്. സീനിയര്‍ വൈസ് പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറി ജനറല്‍, ട്രഷറര്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, അഞ്ച് എക്‌സിക്യൂട്ട് അംഗങ്ങള്‍ എന്നീ പദവികളിലേക്കും കൂടി തെരഞ്ഞെടുപ്പ് നടന്നിരുന്നു.
പ്രമുഖ ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ ബ്രിജ് ഭൂഷന്റെ ബന്ധുക്കളോ, വിശ്വസ്തരോ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ബ്രിജ് ഭൂഷന്റെ മകന്‍ പ്രതീകും, മരുമകന്‍ വിശാല്‍ സിംഗും ഇതേ തുടര്‍ന്ന് മത്സരിച്ചിരുന്നില്ല. എന്നാല്‍ സഞ്ജ് സിംഗിന്റെ നോമിനേഷന് അംഗീകാരം ലഭിക്കുകയായിരുന്നു.
ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും റെസ്ലിംഗ് ഫെഡറേഷനുകളില്‍ നിന്നുള്ള പിന്തുണയുണ്ടെന്ന് സഞ്ജയ് സിംഗും അദ്ദേഹത്തിനൊപ്പമുള്ളവരും അവകാശപ്പെട്ടിരുന്നു. കായിക മേഖലയെ മെച്ചപ്പെടുത്താന്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. വോട്ട് ചെയ്യുമ്പോള്‍ അത് മനസ്സില്‍ വെക്കണമെന്നും സഞ്ജയ് സിംഗ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ജൂലായില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ കോടതിയിലെ കേസുകള്‍ കാരണമാണ് തെരഞ്ഞെടുപ്പ് വൈകിയത്. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര റെസ്ലിംഗ് സമിതി റെസ്ലിംഗ് ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്.നുണകള്‍ക്ക് മേല്‍ സത്യം നേടിയ വന്‍ വിജയമാണിതെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അതേസമയം താന്‍ ബ്രിജ് ഭൂഷണുമായി അടുത്ത ബന്ധമുള്ളയാളാണെന്നും, ഒരു വനിത റെസ്ലിംഗ് താരത്തിനും അനീതി നേരിടേണ്ടി വരില്ലെന്നും സഞ്ജയ് സിംഗ് പ റഞ്ഞു.












Click it and Unblock the Notifications