'പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ അവഗണിക്കപ്പെട്ടു; മാറ്റിനിർത്തി..'; വെളിപ്പെടുത്തലുമായി ബൃന്ദ കാരാട്ട്
ന്യൂഡൽഹി: പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും വെളിപ്പെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൾ സംയോജിപ്പിച്ച പുസ്‌തകത്തിലാണ് ബൃന്ദ പാർട്ടിയുമായി ബന്ധപ്പെട്ട ഈ പരാമര്‍ശങ്ങൾ നടത്തിയത്. 'ആൻ എജുക്കേഷൻ ഫോര്‍ റിത' എന്നാണ് പുസ്‍തകത്തിന്റെ പേര്.
ഒരു ഇടതുപക്ഷ പ്രസ്ഥാനമായിട്ട് കൂടി സ്ത്രീകൾ നിരന്തരം പാർട്ടിയിൽ അവഗണിക്കപ്പെടുന്നുവെന്ന് പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുൻകാല അനുഭവങ്ങൾ പുസ്‌തകത്തിൽ എഴുതിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പാർട്ടിയിലെ സ്ത്രീ സാന്നിധ്യത്തിന് വേണ്ടി ശബ്‌ദമുയർത്തിയ ആളായിരുന്നു ബൃന്ദ.

മുൻപ് കൊൽക്കത്ത പാര്‍ട്ടി കോൺഗ്രസിൽ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വലിയ വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളിൽ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു ബൃന്ദയുടെ പ്രതിഷേധം. ഈ സംഭവത്തിൽ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഈ സംഭവം മാറ്റങ്ങൾക്ക് പാർട്ടിയിൽ വഴിവെയ്ക്കുകയും ചെയ്‌തു. സ്ത്രീകളെ ഉന്നത സ്ഥാനങ്ങളിലേക്ക് പിന്നീട് പരിഗണിക്കാനും തുടങ്ങി.
സ്ത്രീകൾക്ക് അർഹമായ സ്ഥാനവും, സാന്നിധ്യവും ഉറപ്പാക്കാൻ നിരന്തരം പാർട്ടി നേതൃത്വവുമായി കലഹിച്ച വ്യക്തിത്വമായിരുന്നു ബൃന്ദയുടേത്, അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ പുസ്‌തക രൂപത്തിൽ പ്രകാശനം ചെയ്‌ത അനുഭവക്കുറിപ്പുകളിലും വ്യക്തമാവുന്നത്.
കൂടാതെ മാധ്യമങ്ങൾക്ക് എതിരെയും ബൃന്ദ പുസ്‌തകത്തിൽ തുറന്നെഴുതുകയുണ്ടായി. മാധ്യമങ്ങളുടെ ദുഷ്‌ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നാണ് ബൃന്ദ പറയുന്നത്. ആണവകരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്നി ഓര്‍ വോ (ഭര്‍ത്താവും ഭാര്യയും സുഹൃത്തും) എന്ന് ചില പത്രങ്ങൾ തലക്കെട്ട് നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ വിമർശനം.
ഡൽഹിയിൽ പ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തിൽ തനിക്ക് പിന്തുണ ലഭിച്ചുവെന്നും എന്നാൽ ഉന്നത സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ അവഗണിച്ചുവെന്നുമാണ് ഓര്‍മ്മക്കുറിപ്പിലൂടെ അവർ പറയുന്നത്. പഴയ കാലത്തെ അനുഭവങ്ങളാണ് മുതിർന്ന നേതാവ് കൂടിയായ അവർ ഇതിലൂടെ വെളിപ്പെടുത്തുന്നത്.












Click it and Unblock the Notifications