ബജറ്റ് 2024: മധ്യവര്‍ഗത്തിന് നികുതിയില്‍ ആശ്വാസമുണ്ടാവുമോ? എന്തെല്ലാം ഇളവുകള്‍ പ്രതീക്ഷിക്കാം
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ധനമന്ത്രി ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മധ്യവര്‍ഗം ഇതിനോടകം ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്. നികുതിദായകര്‍ക്ക് ആശ്വാസം ബജറ്റിലുണ്ടാവുമെന്നാണ് സൂചന.
പ്രധാനമായും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വരാനിരിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാല്‍ ഉറപ്പായും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. അത്തരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ സാധാരണക്കാരന് പ്രതീക്ഷിക്കാം എന്ന് നോക്കാം.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍: സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ തുകയിലെ വര്‍ധനവ് പ്രതീക്ഷിക്കാം. നിലവില്‍ ഇത് 50000 രൂപയാണ്. അത് ഒരു ലക്ഷം രൂപയായി ഉയര്‍ന്നേക്കും. കൂടുതല്‍ വരുമാനത്തിന് അതിനാല്‍ നികുതി ഉണ്ടാവില്ല.
തൊഴിലുടമയുടെ നികുതി: നിങ്ങളുടെ തൊഴിലുടമ 7.5 ലക്ഷത്തില്‍ അധികം പ്രത്യേക ഫണ്ടുകളിലേക്ക് നല്‍കുന്നുണ്ടെങ്കില്‍ ഇതിനുള്ള നികുതിയും, അധികമായി ലഭിക്കുന്ന വരുമാനത്തിനും വ്യക്തത വരേണ്ടതുണ്ട്. എന്‍പിഎസ്സില്‍ അടക്കം കൃത്യമായ കണക്കുകൂട്ടല്‍ ആവശ്യമാണ്. ഈ ഫണ്ടുകളെ കുറിച്ചും കൃത്യമായ വിലയിരുത്തല്‍ ആവശ്യമായി വരും. തൊഴിലുടമയുടെ നികുതിയെ കുറിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദേശം ബജറ്റില്‍ പ്രതീക്ഷിക്കാം.
പിഎഫ് ടിഡിഎസ്സിലെ മാറ്റം: പിഎഫ് വിഹിതത്തിലുള്ള ടിഡിഎസ്സില്‍ മാറ്റം വരാനും അതുപോലെ സാധ്യതയുണ്ട്. രണ്ടര ലക്ഷത്തിന് മുകളില്‍ തുകയുള്ളവര്‍ക്കായിരിക്കും ഇത്തരത്തില്‍ ടിഡിഎസ് ഈടാക്കുക. പിന്‍വലിക്കുന്ന സമയത്തോ, അല്ലെങ്കില്‍ ജോലി അവസാനിപ്പിക്കുന്ന സമയത്തോ ആയിരിക്കും നികുതി ഈടാക്കുക.
ഇവി ഇന്‍സെന്റീവുകള്‍: ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരെ കാത്തിരിക്കുന്നതും ശുഭവാര്‍ത്തയാണ്. ഇവി വാഹനങ്ങള്‍ വാങ്ങാനെടുക്കുന്ന വായ്പകളില്‍ കൂടുതല്‍ നികുതി ഇളവ് അടക്കം പ്രതീക്ഷിക്കാം. വായ്പകള്‍ അംഗീകരിക്കാന്‍ സമയപരിധിയും വേണ്ടി വരില്ല. ഈ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. ഇവി വാഹനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രമോട്ട് ചെയ്യുന്നുണ്ട്.
തൊഴിലുടമ നല്‍കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി നല്‍കുന്ന കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. കേന്ദ്ര ബജറ്റില്‍ അക്കാര്യവും പ്രതീക്ഷിക്കുന്നുണ്ട്. മധ്യവര്‍ഗത്തിന് പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പൂര്‍ണമായും മാറണമെങ്കില്‍ ഇത്തരത്തിലുള്ള നികുതി ഇളവുകള്‍ ആവശ്യമാണ്. അതുകൊണ്ട് ബജറ്റില്‍ ആ പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുന്നവരുണ്ട്.
സിസ്റ്റമാറ്റിക് ലമ്പ് സം: എസ്എല്‍ഡബ്ല്യു അഥവാ സിസ്റ്റമാറ്റിക് ലമ്പ് സം വിഡ്രോവല്‍ വഴി ലഭിക്കുന്ന പണത്തിന് നികുതി നിരക്കുകള്‍ എങ്ങനെയാണെന്ന് അറിയേണ്ടതുണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം വഴി ഇത്തരത്തില്‍ ലഭിക്കുന്ന തുകകള്‍ക്കുള്ള നികുതിയുടെ കാര്യത്തിലാണ് കൃത്യത വരേണ്ടത്. നികുതിയുടെ കാര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഇതില്‍ അടക്കം കുറവ് വന്നാല്‍ തീര്‍ച്ചയായും അത് മധ്യവര്‍ഗത്തിന് ഏറെ ഗുണം ചെയ്യും.












Click it and Unblock the Notifications