ഉപതിരഞ്ഞെടുപ്പ്; വിക്രവണ്ടിയിലും അമർവാരയിലും കനത്ത പോളിങ്, ഉത്തരാഖണ്ഡിലും ബംഗാളിലും സംഘർഷം
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. തമിഴ്‌നാട്ടിലെ വിക്രവണ്ടിയിലും മധ്യപ്രദേശിലെ അമർവാരയിലും കനത്ത പോളിങ് രേഖപ്പെടുത്തിയപ്പോൾ മറ്റ് പതിനൊന്ന് മണ്ഡലങ്ങളിൽ ചിലയിടത്ത് മാത്രമാണ് കൂടുതൽ വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തിയത്. ഉത്തരാഖണ്ഡിലെ ബദ്രിനാഥിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.
മധ്യപ്രദേശിലെ അമർവാര മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 78.71 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇവിടെ പോളിംഗ് 10 ശതമാനം കുറഞ്ഞു. തമിഴ്‌നാട്ടിലെ വിക്രവണ്ടി നിയമസഭാ മണ്ഡലത്തിൽ വേഗത്തിലുള്ള പോളിംഗാണ് രേഖപ്പെടുത്തിയത്.

ഇവിടെ 82.48 ശതമാനം വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ബീഹാറിലെ രൂപൗലി - 51.14 ശതമാനം, ഹിമാചൽ പ്രദേശിലെ ഹമീർപൂർ - 65.78%, നലഗർ - 75.22%, ഡെഹ്‌റ - 63.89% എന്നിങ്ങനെയും പഞ്ചാബ് ജലന്ധർ വെസ്‌റ്റ് - 51.30 ശതമാനം, ഉത്തരാഖണ്ഡിലെ മംഗ്ലൂർ - 67.28%, പശ്ചിമ ബംഗാളിലെ ബാഗ്ദ - 65.15%, റായ്ഗഞ്ച് - 67.12%, മണിക്തല - 51.39%, ദക്ഷിണ രണഘട്ട് - 65.37% എന്നിങ്ങനെയാണ് പോളിംഗ് ശതമാന കണക്കുകൾ.
അതേസമയം, പൊതുവെ തിരഞ്ഞെടുപ്പുകൾ സമാധാന പൂർണമായിരുന്നു എങ്കിലും ചിലയിടത്ത് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥി മനസ് കുമാർ ഘോഷും ടിഎംസി പാർട്ടി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. കൂടാതെ ബാഗ്ദ മണ്ഡലത്തിലെ 188-ാം നമ്പർ ബൂത്തിൽ ബിജെപി സ്ഥാനാർത്ഥി ബിനയ് കുമാർ ബിശ്വാസിന്റെ വാഹനം ജനക്കൂട്ടം തടയുകയും ചെയ്‌തിരുന്നു.
ഇതിന് പുറമെ, ഉത്തരാഖണ്ഡിലെ മംഗലൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവർ പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. ബീഹാറിലെ റുപൗലി നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നക്കവേ പൂർണിയയിൽ ജനക്കൂട്ടം പോലീസിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇന്ന് നടന്നത്. പതിമൂന്ന് മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ജൂലൈ പതിമൂന്നിന് നടക്കും. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗലൂർ, പഞ്ചാബിലെ ജലന്ധർ വെസ്‌റ്റ്, ഹിമാചൽ പ്രദേശിലെ ഡെഹ്‌റ, ഹാമിർപൂർ, നലഗഡ്, ബിഹാറിലെ രൂപൗലി, തമിഴ്‌നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമർവാര എന്നീ മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിൽ എത്തിയത്.












Click it and Unblock the Notifications