ഉപതിരഞ്ഞെടുപ്പ്; ഹിമാചലിൽ ബിജെപിക്കൊപ്പം ചേർന്ന 3 സ്വതന്ത്രരിൽ രണ്ട് പേർക്കും കനത്ത തോൽവി
ഷിംല: ഹിമാചൽ പ്രദേശിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ കോൺഗ്രസിന് ആശ്വാസവും ബിജെപിക്ക് തിരിച്ചടിയും. ബിജെപിയിലേക്ക് ചേക്കേറിയ മൂന്ന് സ്വതന്ത്രർ ഇക്കുറി തങ്ങളുടെ സീറ്റുകളിൽ ഒരു വട്ടം കൂടി ജനവിധി തേടിയപ്പോൾ അതിൽ രണ്ട് പേർക്കും തോൽവിയായിരുന്നു ഫലം. ഒരു സ്വതന്ത്രൻ മാത്രമാണ് ബിജെപിയിലെത്തിയ ശേഷം മണ്ഡലം നിലനിർത്തിയത്.
ഡെഹ്‌റ മണ്ഡലത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ ബിജെപി സ്ഥാനാർത്ഥിയായ ഹോഷിയാർ സിംഗിനെയാണ് പരാജയപ്പെടുത്തിയത്. 9399 വോട്ടുകൾക്കായിരുന്നു കമലേഷ് താക്കൂറിന്റെ വിജയം. ഇതോടെ ഹിമാചൽ നിയമസഭയിൽ കോൺഗ്രസ് കൂടുതൽ കരുത്ത് നേടുകയാണ് ചെയ്‌തത്. കഴിഞ്ഞ 25 വർഷമായി കോൺഗ്രസ് വിജയിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണിത്.

മറ്റൊരു മണ്ഡലമായ നലഗഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഹർദീപ് സിംഗ് ബാവ 8990 വോട്ടുകൾക്കാണ് വിജയിച്ചത്. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായ കെഎൽ താക്കൂർ പരാജയമറിഞ്ഞു. എന്നാൽ രാജിവച്ച് ബിജെപിക്കൊപ്പം ജനവിധി തേടിയവരിൽ ഹാമിർപൂർ മണ്ഡലം മാത്രമാണ് ബിജെപിയെ കൈവിടാതിരുന്നത്.
ഹാമിർപൂരിൽ ബിജെപിയുടെ ആശിഷ് ശർമ്മ കോൺഗ്രസിന്റെ പുഷ്‌പേന്ദർ വർമയെയാണ് പരാജയപ്പെടുത്തിയത്. 1571 വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ ജയം. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് കരുത്ത് കാട്ടുന്ന സാഹചര്യമാണ് ഹിമാചലിൽ ഉരുത്തിരിഞ്ഞു വന്നത്.
നേരത്തെ 2022ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹോഷിയാർ സിംഗ്, കെഎൽ താക്കൂർ, ആശിഷ് ശർമ്മ എന്നിവർ.വിജയിച്ചിരുന്നു. യഥാക്രമം ഡെഹ്റ, നാലഗഡ്, ഹാമിർപൂർ എന്നീ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്‌ത സ്വതന്ത്ര എംഎൽഎമാരായ ഇവർ ഫെബ്രുവരിയിലാണ് രാജിവച്ച് ബിജെപിക്ക് ഒപ്പം ചേർന്നത്. പിന്നാലെ ഇതേ സീറ്റുകളിൽ തന്നെ മത്സരിക്കുകയും ചെയ്‌തു.
അതേസമയം, ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തോടെ കരുത്ത് കാട്ടുക എന്നതിലുപരി ഹിമാചലിൽ തന്റെ സർക്കാർ കൂടുതൽ സുരക്ഷിതമാക്കുകയാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ചെയ്‌തത്. നിലവിൽ 38 സീറ്റുകൾ എന്ന ഭൂരിപക്ഷം സഭയിൽ ഉണ്ടായിരുന്നുവെങ്കിലും രണ്ട് സീറ്റുകൾ കൂടി നേടിയതോടെ കൂടുതൽ ശക്തമാവുകയാണ് സുഖു സർക്കാർ.
ഇതോടെ സഭയിൽ ഒന്നിലധികം റെക്കോർഡുകളും പുതുതായി ചേർക്കപ്പെട്ടു. ഹിമാചൽ പ്രദേശ് നിയമസഭയിൽ ആദ്യമായാണ് ഭാര്യാഭർത്താക്കന്മാർ ഒരേ സമയം സഭയിൽ എത്തുന്നത്. ഈ നേട്ടം സുഖ്‌വീന്ദർ സുഖുവിനും ഭാര്യ കമലേഷ് താക്കൂറിനും സ്വന്തമായി. കൂടാതെ ഹിമാചൽ നിയമസഭയിൽ ഒറ്റ സ്വതന്ത്രൻ പോലുമില്ലാത്ത ആദ്യ അവസരം കൂടിയാണിത്.












Click it and Unblock the Notifications