കാനഡ വക ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുട്ടൻ പണി; ഈ രേഖകൾ വീണ്ടും ഹാജരാക്കണം, വിസ നടപടികളെ ബാധിക്കുമോ?
ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് നിർണായക രേഖകൾ വീണ്ടും ഹാജരാക്കണമെന്ന ആവശ്യം അധികൃതർ ഉന്നയിച്ചത്. സ്‌റ്റഡി പെർമിറ്റ്, വിസ, മറ്റ് പ്രധാന വിദ്യാഭ്യാസ രേഖകളായ മാർക്ക് ഷീറ്റ്, ഹാജർ രേഖകൾ എന്നിവ ഹാജരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിലാണ്. 2026 വരെ വിസ കാലാവധിയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ വരെ വാർത്തയ്ക്ക് പിന്നാലെ പരിഭ്രാന്തരാണ്.
കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് (ഐആര്‍സിസി) എന്ന സർക്കാർ സ്ഥാപനമാണ് വിദ്യാർത്ഥികൾക്ക് വിഷയം ചൂണ്ടിക്കാട്ടി ഇമെയിൽ അയച്ചിരിക്കുന്നത്. നേരത്തെ ഐആർസിസി നൽകി വന്നിരുന്ന ഫാസ്‌റ്റ് ട്രാക്ക് സ്‌റ്റഡി വിസ പ്രോഗ്രാം നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക രേഖകൾ ആവശ്യപ്പെട്ട് സ്ഥാപനം രംഗത്ത് വന്നിരിക്കുന്നത്.

കാനഡ ഇമിഗ്രേഷൻ നയങ്ങൾ കടുപ്പിക്കുകയും, കർശനമായ സാമ്പത്തിക ആവശ്യകതകൾ ഇതിനൊപ്പം അവതരിപ്പിക്കുകയും, അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ വരവ് നിയന്ത്രിക്കുന്നതിന് വിദ്യാർത്ഥി പ്രവേശനത്തിനുള്ള പരിധി പരിഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ ആദ്യപടിയായി ഈ തീരുമാനത്തെ കാണാവുന്നതാണ്.
കഴിഞ്ഞയാഴ്‌ച പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികളിൽ പലർക്കും സമാനമായ നിർദ്ദേശം ഉൾക്കൊള്ളുന്ന ഇമെയിൽ ഐആർസിസിയിൽ നിന്ന് ലഭിച്ചിരുന്നു. ചിലരോട് ഐആർസിസി ഓഫീസിൽ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. രണ്ട് വർഷത്തോളം കാലാവധിയുള്ള നിയമാനുസൃതമായ വിസ കൈവശം ഉള്ളവർക്ക് പോലും ഇമെയിൽ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കാനഡയുടെ നീക്കത്തിന് പിന്നിലെ കാരണം
സമീപ വർഷങ്ങളിൽ, കാനഡയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവ് ഉണ്ടായിട്ടുണ്ട്. കനേഡിയൻ സ്ഥാപനങ്ങളിൽ നിലവിൽ 4.2 ലക്ഷത്തോളം ഇന്ത്യക്കാർ പഠിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ വലിയ സമ്മർദ്ദമാണ് രാജ്യത്തെ വിദ്യാഭ്യാസ, കുടിയേറ്റ മേഖലകളിൽ വലിയ സമ്മർദ്ദമാണ് ഉയരുന്നത്.
ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാനഡ ഒരുങ്ങുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലും ഇതിന് കാരണമാണ്. നിലവിൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കാനഡ വിദ്യാർത്ഥി വിസ 35 ശതമാനത്തോളം വെട്ടികുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ എണ്ണം വെട്ടിച്ചുരുക്കാനാണ് സർക്കാർ തീരുമാനം.
ഇന്ത്യക്കാരുടെ വിസ നടപടികളെ എങ്ങനെ ബാധിക്കും?
നിലവിൽ കാനഡയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ സാധുവായ വിസ ഉള്ളവർക്ക് പുതിയ കുടിയേറ്റം നയം കാര്യമായ ഭീഷണി സൃഷ്‌ടിക്കില്ലെന്നാണ് പ്രതീക്ഷ. എങ്കിലും രേഖകൾ ഒന്നുകൂടി സമർപ്പിക്കുക എന്ന സാങ്കേതിക പ്രശ്‌നം അവർക്ക് മുന്നിൽ ശേഷിക്കുന്നുണ്ട്. ഇതിൽ എത്ര പേർക്ക് ഇക്കാര്യം പൂർത്തിയാക്കാൻ കഴിയുമെന്നത് കണ്ടറിയണം.
ഇനി ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക കാനഡയിലേക്ക് വരും വർഷങ്ങളിൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ്. അന്താരാഷ്‌ട്ര വിദ്യാർത്ഥി വിസ വെട്ടിച്ചുരുക്കുമ്പോൾ അതിന് ആനുപാതികമായി ഇന്ത്യക്കാരുടെ എണ്ണവും കുറയ്‌ക്കേണ്ടി വരും. മാത്രമല്ല കൂടുതൽ കടുത്ത സാമ്പത്തിക മാനദണ്ഡങ്ങൾ ഏർപ്പെടുത്താനും കാനഡ ഒരുങ്ങുന്നുണ്ട്. ഇത് ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ നടപടികളെ പ്രതികൂലമായി ബാധിച്ചേക്കും.












Click it and Unblock the Notifications