വിമാനത്താവളങ്ങളിലെ ഭക്ഷണങ്ങളുടെ അമിത വില; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ചായയും ചെറുപലഹാരങ്ങളും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം എം സുന്ദരേശ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അതേസമയം ഹര്‍ജിക്കാരന് ഈ ആവശ്യവുമായി ബന്ധപ്പെട്ട് മറ്റ് വേദികളെ സമീപിക്കാം എന്ന് വ്യക്തമാക്കി കൊണ്ടാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. രാജ്യത്തെ എല്ലാ വാണിജ്യ വിമാനത്താവളങ്ങളിലും ചായയും, കാപ്പിയും, ചെറുകടികളും പതിനഞ്ച് മുതല്‍ ഇരുപത് രൂപ നിരക്കില്‍ വില്‍ക്കാന്‍ നിര്‍ദ്ദേശിക്കണം എന്നായിരുന്നു ആവശ്യം.

തൃശൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് 2020 ഓഗസ്റ്റില്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഷാജി കോടങ്കണ്ടത്തിന്റെ ഹര്‍ജി.

എന്നാല്‍ വിമാനത്താവളങ്ങളിലെ കഫേറ്റീരിയകളിലെ വിലനിര്‍ണയത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നും സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഷാജി കോടങ്കണ്ടത്തിന് വേണ്ടി അഭിഭാഷകന്‍ ദേബാശിഷ് ബെറൂഖയാണ് സുപ്രീംകോടതിയില്‍ ഹാജരായി.
ക്യൂട്ട് ചിരി... ഹോട്ട് ലുക്ക്... ഗ്ലാമറസ് ലുക്കില്‍ മഡോണയുടെ വൈറല്‍ ഫോട്ടോഷൂട്ട്

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു ചായ കുടിക്കാന്‍ 100 രൂപ ഈടാക്കിയതിനെ തുടര്‍ന്നാണ് ഷാജി കോടങ്കണ്ടത്തില്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ഒരു ചായയ്ക്ക് 100 രൂപ, മോരിന് 120 രൂപ, ലഘുഭക്ഷണത്തിന് 200 രൂപ എന്നിങ്ങനെയാണ് വിമാനത്താവളങ്ങളില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില എന്ന് ഷാജി കോടങ്കണ്ടത്ത് മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിമാനത്താവളങ്ങളില്‍ ചായ 15 രൂപയ്ക്കും കാപ്പി 20 രൂപയ്ക്കും പഴംപൊരി, പരിപ്പുവട, മേടുവട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ 15 രൂപയ്ക്കും നല്‍കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ വിമാനത്താവള അധികൃതര്‍ വിസമ്മതിച്ചതോടെയാണ് വിഷയം ചൂണ്ടിക്കാട്ടി ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മെയില്‍ അയച്ചത്.












Click it and Unblock the Notifications