രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസമില്‍ കേസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ കേസെടുത്ത് അസം പോലീസ്. യാത്രയുടെ സംഘാടകന്‍ കെബി ബൈജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്രയുടെ റൂട്ടില്‍ മാറ്റം വരുത്തിയെന്നാണ് പോലീസ് ആരോപണം.
യാത്രയ്ക്കായി നല്‍കിയ റൂട്ടില്‍ സംഘാടകര്‍ മാറ്റം വരുത്തിയെന്നും, നിര്‍ദേശിച്ചിരുന്ന വഴിയില്‍ നിന്ന് വ്യതിചലിച്ച് മറ്റൊരു വഴിയിലൂടെയാണ് യാത്ര തുടര്‍ന്നതെന്നും പോലീസ് ആരോപിച്ചു. വ്യാഴാഴ്ച്ച ഉച്ചയോടെ ജോര്‍ഹട്ട് ടൗണിലൂടെയാണ് യാത്ര കടന്നുപോയത്. അതേസമയം മുന്‍കൂട്ടി അറിയിക്കാതെ യാത്രാ റൂട്ട് മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നാണ് ആരോപണം.

സംഘാടകനായ ബൈജു അടക്കമുള്ള ജനക്കൂട്ടത്തെ ബാരിക്കേഡുകള്‍ മറികടക്കാനായി പ്രോത്സാഹിപ്പിച്ചുവെന്നും, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് കലാപസമാനമായ അന്തരീക്ഷമുണ്ടാക്കാന്‍ ഇത് കാരണമായി. സംഘാടകനായ കെബി ബൈജുവിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഇളക്കിവിടുന്നതിന് ഗൂഢാലോചന നടത്തിയെന്നും പോലീസ് ആരോപിക്കുന്നു.
നേരത്തെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തില്‍ പ്രവേശിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുവാഹത്തി നഗരത്തില്‍ ആശുപത്രികളും സ്‌കൂളുകളുമെല്ലാമുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഇവിടെ ബിജെപി പോലും പരിപാടികള്‍ സംഘടിപ്പിക്കാറില്ല. അതുകൊണ്ട് രാഹുല്‍ ഗാന്ധി നഗരത്തില്‍ കൂടി യാത്ര ചെയ്ത് കേസെടുക്കുമെന്നും ഹിമന്ത പറഞ്ഞിരുന്നു.
അതേസമയം യാത്രയ്ക്ക് അനാവശ്യമായ തടസ്സങ്ങളുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ദേബബ്രത സായിക്കിയ പറഞ്ഞു. പിഡബ്ല്യു പോയിന്റില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസില്ലായിരുന്നു. ഞങ്ങള്‍ക്ക് അനുവദിച്ച റൂട്ട് വളരെ ചെറുതായിരുന്നു. അത്രയും വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളിക്കാന്‍ ആ സ്ഥലം മതിയാവുമായിരുന്നില്ല.
അതുകൊണ്ടാണ് റൂട്ട് മാറ്റിയത്. യാത്രയുടെ വിജയത്തില്‍ ഹിമന്ത ശര്‍മ ഭയന്നിരിക്കുകയാണ്. അതുകൊണ്ടാണ് യാത്രയെ തടയാന്‍ നോക്കുന്നത്. അതേസമയം ഇന്ന് യാത്ര ആറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്ര നാഗാലാന്‍ഡില്‍ നിന്ന് അസമിലേക്ക് പ്രവേശിച്ചിരുന്നു.












Click it and Unblock the Notifications