50 കോടിയുടെ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റില്‍
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ടെന്‍ഡര്‍ വിളിക്കാതെ കമ്പനികള്‍ക്ക് കരാര്‍ ജോലികള്‍ നല്‍കിയതില്‍ 50 കോടിയുടെ അഴിമതി നടന്ന കേസിലാണ് രാജേന്ദ്ര ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായത്. അഴിമതിയുടെ സൂത്രധാരനാണ് രാജേന്ദ്ര കുമാര്‍ എന്നാണ് സിബിഐ ആരോപണം.
2007-2014 കാലയളവിലാണ് ഐ.ടി. വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന രാജേന്ദ്രകുമാര്‍ ടെന്‍ഡര്‍ വിളിക്കാതെ ചില കമ്പനികള്‍ക്ക് കരാര്‍ ജോലികള്‍ നല്‍കിയത്. ഇതുവഴി ദില്ലി സര്‍ക്കാറിന് വന്‍നഷ്ടമുണ്ടായതായാണ് സി.ബി.ഐ കണ്ടത്തല്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങിക്കാന്‍ വേണ്ടിയുള്ളതായിരുന്നു വിവാദമായ കരാര്‍.

1989 ബാച്ച് ഐ.എ.എസുകാരനാണ് രാജേന്ദ്ര കുമാര്‍. രണ്ടാമത്തെ തവണ അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായപ്പോഴാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് ഉന്നത പദവികള്‍ വഹിച്ചിരുന്നയാളാണ് ഇദ്ദേഹം. നേരത്തെ ഇദ്ദേഹത്തിന്റെ ഓഫീസില്‍ നടന്ന റെയ്ഡില്‍ മൂന്നുലക്ഷത്തോളം രൂപയും രേഖകളും കണ്ടെടുത്തിരുന്നു.
കെജ്‌രിവാളിന്റെ വലംകൈ ആയി അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രാജേന്ദ്ര കുമാറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ആം ആദ്മി സര്‍ക്കാരിനെ മോശക്കാരാക്കാനാണ് കേസ് ചമച്ചതെന്നും അരവിന്ദ് കെജ് രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റോടെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള പോര് ഒന്നുകൂടി വര്‍ദ്ധിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications