ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്‌ഡ്; നടപടി മദ്യ കുംഭകോണ കേസിൽ
റായ്‌പൂർ: കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ റെയ്‌ഡ് നടത്തി സിബിഐ. ബാഗേൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിനായി പുറപ്പെടാനിരിക്കെയായിരുന്നു റെയ്‌ഡ്. സിബിഐ ഉദ്യോഗസ്ഥർ റായ്‌പൂരിലും ഭിലായിലും എത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റിലൂടെയാണ് അറിയിച്ചത്.
'ഇപ്പോൾ സിബിഐ എത്തിയിരിക്കുകയാണ്. ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിൽ (ഗുജറാത്ത്) നടക്കുന്ന എഐസിസി യോഗത്തിനായി രൂപീകരിച്ച "ഡ്രാഫ്റ്റിംഗ് കമ്മിറ്റി"യുടെ യോഗത്തിനായി മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇന്ന് ഡൽഹിയിലേക്ക് പോകും. അതിനുമുമ്പ്, സിബിഐ റായ്‌പൂരിലെയും ഭിലായിലെയും വസതികളിൽ എത്തിയിട്ടുണ്ട്' എക്‌സ് പോസ്‌റ്റിൽ പറയുന്നു.

ബാഗേലിന്റെ റായ്‌പൂരിലെയും ഭിലായിലെയും വസതികളിലും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെയും മുൻ മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയുടെയും വസതിയിലും അന്വേഷണ ഏജൻസി റെയ്‌ഡ് നടത്തിയതായാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
മാർച്ച് 10ന് മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗേലിന്റെ വസതിയിലും മകൻ ചൈതന്യ ബാഗേലിന്റെ വസതിയിലും ഉൾപ്പെടെ ദുർഗ് ജില്ലയിലെ 14 സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തുടർച്ചയായ റെയ്‌ഡുകൾ നടത്തിയതിന് ശേഷമാണ് ഈ സംഭവവികാസം. സംഭവത്തിൽ ഇഡി റെയ്‌ഡ് അന്വേഷണവും നടക്കുന്നുണ്ട്.
അന്ന് മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് കേന്ദ്ര അന്വേഷണ ഏജൻസി ഏകദേശം 30 ലക്ഷം രൂപ പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബിജെപിയുടെ നിരാശയുടെ ഫലമാണ് അന്വേഷണ ഏജൻസിയുടെ നടപടിയെന്ന് റെയ്‌ഡ് സമയത്ത് തന്റെ വീട്ടിൽ ഉണ്ടായിരുന്ന ഭൂപേഷ് ബാഗേൽ ആരോപിച്ചിരുന്നു.
ഇഡി പറയുന്നത് അനുസരിച്ച്, ആരോപിക്കപ്പെടുന്ന മദ്യ കുംഭകോണം 2019നും 2022നും ഇടയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് നടന്നത്. ഇതിൽ സംസ്ഥാനത്ത് ഭീമമായ തുകയുടെ നഷ്‌ടം ഉണ്ടായതായാണ് കേന്ദ്ര അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്.












Click it and Unblock the Notifications