ബെംഗളൂരു നിവാസികളെ ആഘോഷിപ്പിൻ; കൂടുതൽ ട്രെയിനുകൾ ഇറക്കാൻ നമ്മ മെട്രോ, കാത്തിരിപ്പ് സമയം കുറയും!
ബെംഗളൂരു: കനത്ത ഗതാഗത കുരുക്കിനെ മറികടക്കാൻ വൻ നഗരങ്ങളിൽ കൂടുതൽ ആളുകളും പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാലമാണിത്. അത്തരത്തിൽ ഇപ്പോഴിതാ നമ്മ മെട്രോയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ, തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതിനായി പുതിയ ട്രെയിൻ സെറ്റുകൾ രംഗത്തിറക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്.
നിലവിലുള്ള പർപ്പിൾ, ഗ്രീൻ ലൈനുകളിലെ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, അടുത്ത വർഷം ഘട്ടം ഘട്ടമായി പ്രവർത്തനം ആരംഭിക്കുന്ന പിങ്ക്, ബ്ലൂ ഇടനാഴികളിലേക്കും പുതിയ ട്രെയിനുകൾ കൊണ്ട് വരാൻ കോർപ്പറേഷൻ ആസൂത്രണം ചെയ്യുന്നുണ്ട്. നിലവിൽ, നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി ആകെ 57 ട്രെയിൻ സെറ്റുകളാണ് സർവീസ് നടത്തുന്നത്.

പക്ഷേ അത് ഒരു തരത്തിലും പര്യാപ്‌തമല്ലെന്നതാണ് യാഥാർഥ്യം. ചില സമയങ്ങളിൽ ട്രെയിനുകളിൽ വൻതോതിലുള്ള തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത് യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിൽ ദീർഘനേരം കാത്തുനിൽക്കാൻ നിർബന്ധിതരാക്കുന്ന സാഹചര്യമാണ് നിലവിൽ. പ്രത്യേകിച്ചും മജസ്‌റ്റിക് ഇന്റർചേഞ്ച് സ്‌റ്റേഷനിൽ, വൻതിരക്ക് കാരണം യാത്രക്കാർക്ക് ചിലപ്പോൾ 30 മിനിറ്റ് വരെ ട്രെയിനിനായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്.
ഈ തിരക്ക് കുറയ്ക്കുന്നതിനായി ബിഎംആർഎൽ ഈ വർഷം മെയ്-ജൂൺ മാസത്തോടെ മൂന്ന് അധിക ട്രെയിനുകൾ കൂടി സർവീസിനായി എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പർപ്പിൾ ലൈനിലേക്ക് ഒരു ട്രെയിൻ കൂടി ചേർത്തിരുന്നു, ഗ്രീൻ ലൈനിനായുള്ള മറ്റൊരു ട്രെയിൻ ഈ മാസം ആദ്യം എത്തിയിട്ടുണ്ട്.
സിഗ്നലിംഗ് ഇന്റഗ്രേഷൻ, ട്രാക്ഷൻ പരിശോധനകൾ, സ്‌പീഡ് ട്രയലുകൾ എന്നിവയുൾപ്പെടെ 37-ലധികം സാങ്കേതിക പരിശോധനകൾക്ക് ശേഷമാണ് ഈ ട്രെയിനുകൾ യാത്രക്കാർക്കായി തുറന്നുകൊടുക്കുക.
മെട്രോ അതോറിറ്റി 2019-ൽ ചൈനീസ് റോളിംഗ് സ്‌റ്റോക്ക് നിർമ്മാതാക്കളായ സിആർആർസിയുമായി 1578 കോടി രൂപയ്ക്ക് 36 ട്രെയിൻ സെറ്റുകൾക്ക് കരാർ ഒപ്പിട്ടു.
ഇതിൽ 15 ട്രെയിനുകൾ യെല്ലോ ലൈനിനും 21 എണ്ണം പർപ്പിൾ, ഗ്രീൻ ലൈനുകൾക്കുമാണ്. ഇപ്പോൾ ലഭിച്ച രണ്ട് പ്രോട്ടോടൈപ്പുകളിൽ ഒന്ന് പർപ്പിൾ ലൈനിനായുള്ള ഡിറ്റിജി സിഗ്നലിംഗ് ട്രെയിനും, മറ്റൊന്ന് ഡ്രൈവറില്ലാ ഓപ്പറേഷൻ സാധ്യമാക്കുന്ന യെല്ലോ ലൈനിനായുള്ള സിബിടിസി ട്രെയിനുമാണ് എന്നതാണ് പ്രധാന കാര്യം.
യെല്ലോ ലൈനിലേക്ക് ഏഴ് ഡ്രൈവറില്ലാ ട്രെയിനുകളും പർപ്പിൾ, ഗ്രീൻ ലൈനുകളിലേക്ക് ഓരോ ട്രെയിനും കമ്പനി ഇതിനകം എത്തിച്ചു. എന്നാൽ 26 ട്രെയിൻ സെറ്റുകൾ ഇനിയും ലഭിക്കാനുണ്ട്. പുതിയ ഇടനാഴികളുടെ ആവശ്യം നിറവേറ്റാൻ ബെംഗളൂരു ആസ്ഥാനമായുള്ള ബിഇഎംഎല്ലിനും മെട്രോ അധികൃതർ ഓർഡർ നൽകിയിട്ടുണ്ട്. ഇതൊക്കെയും എത്തുന്നതോടെ ബെംഗളൂരു മെട്രോയുടെ ശേഷി കൂടുമെന്നും യാത്രക്കാരെ കൂടുതലായി വഹിക്കാമെന്നുമാണ് കരുതുന്നത്.
അടുത്തകാലത്തായി കൂടുതൽ ഉപഭോക്താക്കളും ആശ്രയിക്കുന്നത് ബെംഗളൂരു നമ്മ മെട്രോയെ തന്നെയാണ്. അതിന്റെ കാരണമായി വിലയിരുത്തുന്നത് റോഡ് ഗതാഗതത്തിലെ പോരായ്‌മകളും അതുപോലെയുള്ള തടസങ്ങളും ഒക്കെയാണ്. അതുകൊണ്ട് കൂടിയാണ് മെട്രോയുടെ വികസനം പ്രഥമ പരിഗണനയായി യാത്രക്കാർ മുന്നോട്ട് വയ്ക്കുന്നത്.


Click it and Unblock the Notifications