43% കടമെടുത്ത കേന്ദ്രം 25% കടമെടുത്ത കേരളത്തെ കുറ്റപ്പെടുത്തുന്നു; എന്തൊരു വിരോധാഭാസമെന്ന് മുഖ്യമന്ത്രി
കൊച്ചി: കേന്ദ്രസര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ എത്രത്തോളം ഞെരുക്കാനാകുമോ അത്രത്തോളം ഞെരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇതൊന്നും ജനക്ഷേമപദ്ധതികളെ ബാധിക്കില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികള്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്നും എന്നാല്‍ അതിന് തങ്ങള്‍ക്ക് മനസില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് തിരിച്ച് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലി ആഘോഷങ്ങള്‍ എറണാകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്ബി പണം സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്ന പണമായി കണക്കാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതേ കാര്യം കേന്ദ്രസര്‍ക്കാരിന് ബാധകമാണോ എന്നും അദ്ദേഹം ചോദിച്ചു. 43% അധികം കടമെടുത്ത കേന്ദ്രം 25 % കടമെടുത്ത കേരളത്തെ കുറ്റപ്പെടുത്തുന്നത് വിരോധാഭാസമല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ധനകമ്മി നല്ല രീതിയില്‍ കുറച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപദ്ധതികള്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത് എന്നും എന്നാല്‍ അതിന് മനസില്ല എന്നാണ് പറയാനുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യാ ആനുപാതികമായുള്ള സാമ്പത്തിക വിഹിതം സംസ്ഥാനത്തിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ തരാനുള്ളത് 20,000 കോടിയാണ്. ഈ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ധനസ്ഥിതിയില്‍ നിന്ന് 20,000 കോടി കുറഞ്ഞാല്‍ താങ്ങാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാവും എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതൊന്നും ജനക്ഷേമപദ്ധതികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളം ഖജനാവ് നിറഞ്ഞു കവിഞ്ഞ സംസ്ഥാനമല്ല എന്നും നല്ല സാമ്പത്തിക പ്രതിസന്ധിയുമുണ്ട് എന്നും പിണറായി വിജയന്‍ പറഞ്ഞു.

എങ്കില്‍ പോലും സിവില്‍ സര്‍വീസ് മേഖല അടക്കം എല്ലാവരേയും അങ്ങേയറ്റത്തെ സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടു പോകുന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളെ പോലെ തന്നെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളെ സഹായിക്കാന്‍ ഉത്തരവാദിത്വമുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇരുകൂട്ടരും ഒരേ മനസോടെ നീങ്ങണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സിവില്‍ സര്‍വീസ് പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നിട്ടില്ല എന്നും പിണറായി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമാവേണ്ടതുണ്ട് എന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications