യുപിഐക്ക് ഏർപ്പെടുത്തുന്ന എംഡിആർ; ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് വരുന്ന ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് പുതിയൊരു ചെലവ് നിലവിൽ വരും. എന്നാൽ ഈ ചെലവ് ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതിനായി വ്യാപാരികൾക്ക് ഈടാക്കുന്ന എംഡിആർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാതിരിക്കാൻ പേയ്മെന്റ് അഗ്രിഗേറ്റർമാരുമായി കേന്ദ്രം സഹകരിക്കുന്നുണ്ട്.

വ്യാപാരികൾ ഈ ചാർജ് ഉപഭോക്താക്കളിലേക്ക് മാറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 15 മുതൽ ഇക്കാര്യം ദിവസേന നിരീക്ഷിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പുതിയ സംവിധാനപ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കും.

upi

ഈ തുക ഉപഭോക്താവല്ല, വ്യാപാരിയാണ് നൽകേണ്ടത്. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകളിൽ എംഡിആർ പരമാവധി 300 രൂപയായിരിക്കും. എന്നാൽ രണ്ട് വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഉണ്ടാകില്ല. അതായത് ദൈനംദിന യുപിഐ ഇടപാടുകളിൽ ഭൂരിഭാഗവും പുതിയ ചാർജിന്റെ പരിധിയിൽ വരില്ലെന്ന് അർത്ഥം.

2000 രൂപ വരെയുള്ള വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള യുപിഐ ഇടപാടുകൾ ആകെ ഇത്തരം ഇടപാടുകളുടെ 95 ശതമാനത്തിലേറെയാണ്. ഇവയ്ക്ക് എംഡിആർ നിലവിൽ പൂജ്യമായി തുടരും. അതായത്, ഒരു കടയിൽ നിന്ന് 1500 രൂപയുടെ സാധനം യുപിഐ വഴി വാങ്ങുന്ന ഒരാൾക്ക് പുതിയ യുപിഐ ഫീസ് നൽകേണ്ടി വരില്ല. ഉയർന്ന തുകയുള്ള വ്യാപാരി ഇടപാടുകളിലായിരിക്കും പ്രധാന മാറ്റം.

വ്യാപാരികൾ ബില്ലിൽ പ്രത്യേക യുപിഐ ചാർജ് ചേർത്ത് ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ തുടങ്ങുമോ എന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രധാന ആശങ്ക. അങ്ങനെ സംഭവിച്ചാൽ യുപിഐ സൗജന്യമല്ലെന്ന തോന്നൽ ഉപഭോക്താക്കൾക്ക് ഉണ്ടാകാം. ഇത് ഡിജിറ്റൽ പേയ്മെന്റുകളുടെ പ്രധാന നേട്ടങ്ങളിലൊന്നിനെ ബാധിക്കാനും സാധ്യതയുണ്ട്.

ഇക്കാരണത്താൽ എംഡിആർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ച് കേന്ദ്രം പേയ്മെന്റ് അഗ്രിഗേറ്റർമാരുമായും മറ്റ് പ്ലാറ്റ്ഫോമുകളുമായും ചർച്ച ആരംഭിച്ചിട്ടുണ്ട്.
വ്യാപാരികൾ ഈ ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ ദിവസേനയുള്ള ഈ നിരീക്ഷണം എങ്ങനെയാണ് നടത്തുകയെന്ന് കേന്ദ്രസർക്കാർ ഇതുവരെ വിശദമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും പുതിയ എംഡിആർ കാരണം ആളുകൾ വീണ്ടും പണമായി ഇടപാടുകൾ നടത്താൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ കരുതുന്നില്ല. യുപിഐ ഇടപാടുകളുടെ ഏകദേശം 4 ശതമാനം മാത്രമായിരിക്കും പുതിയ ചാർജിന്റെ പരിധിയിൽ വരികയെന്നാണ് സർക്കാരിന്റെ കണക്ക്. കാരണം യുപിഐ ഇടപാടുകളിൽ ഭൂരിഭാഗവും ചെറിയ തുകയിലുള്ളവയാണ്.

എൻപിസിഐയുടെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള യുപിഐ ഇടപാടുകളിൽ 86 ശതമാനവും 500 രൂപയിൽ താഴെയുള്ളവയായിരുന്നു. മറ്റൊരു 10 ശതമാനം ഇടപാടുകൾ 501 രൂപ മുതൽ 2000 രൂപ വരെയായിരുന്നു. അതിനാൽ ഉയർന്ന തുകയുള്ള വ്യാപാരി ഇടപാടുകളുടെ താരതമ്യേന ചെറിയൊരു വിഭാഗത്തെയാണ് പുതിയ എംഡിആർ പ്രധാനമായും ബാധിക്കുക.

പുതിയ എംഡിആർ വന്നാൽ വ്യാപാരികൾക്ക് അധിക ജിഎസ്‌ടി ബാധ്യത ഉണ്ടാകുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ യുപിഐ ഇടപാടിന്റെ തുകയ്ക്ക് പ്രത്യേകമായി ജിഎസ്‌ടി ബാധ്യത ഉണ്ടാകില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എംഡിആർ തുകയ്ക്കാണ് 18 ശതമാനം ജിഎസ്‌ടി ബാധകമാകുക.
ഉദാഹരണത്തിന്, അർഹമായ ഒരു UPI ഇടപാടിലൂടെ വ്യാപാരിക്ക് 10,000 രൂപ ലഭിച്ചാൽ 0.4 ശതമാനം എംഡിആർ ആയി 40 രൂപ നൽകണം. ഈ 40 രൂപയുടെ 18 ശതമാനം ജിഎസ്‌ടി ആയ 7.20 രൂപ അധികമായി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma