ജിഎസ്‌ടി നിയമങ്ങളിൽ അഴിച്ചുപണിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ; ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള അറസ്‌റ്റ് വേണ്ട

ന്യൂഡൽഹി: ജിഎസ്‌ടി നിയമത്തിൽ നിർണായക മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. ഉദ്യോഗസ്ഥർക്ക് നേരിട്ട് അറസ്‌റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കി ജിഎസ്‌ടിയുമായി ബന്ധപ്പെട്ട കേസുകളിൽ ഒരാളെ അറസ്‌റ്റ് ചെയ്യണമെങ്കിൽ കോടതി അനുമതി നിർബന്ധമാക്കാനുള്ള നിർദേശമാണ് നിലവിൽ പരിഗണനയിലുള്ളത്. ഒക്ടോബർ 7ന് ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഈ നിർദേശം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.

നിലവിൽ കേന്ദ്ര ജിഎസ്‌ടി നിയമത്തിലെ 69ാം വകുപ്പ് പ്രകാരം നിശ്ചിത ഗുരുതര കുറ്റകൃത്യങ്ങളിൽ ഒരാളെ അറസ്‌റ്റ് ചെയ്യാൻ നികുതി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. കുറ്റം നടന്നതായി വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് കമ്മീഷണർക്ക് ഉദ്യോഗസ്ഥനെ അറസ്‌റ്റ് ചെയ്യാൻ അധികാരപ്പെടുത്താം. വ്യാജ ഇൻവോയ്‌സ്, വഞ്ചനാപരമായ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗം തുടങ്ങിയ ഗുരുതരമായ നികുതി വെട്ടിപ്പ് കേസുകളിലാണ് ഈ അധികാരം പ്രധാനമായും ഉപയോഗിക്കുന്നത്.

gst

പുതിയ നിർദേശം അംഗീകരിച്ചാൽ ജിഎസ്‌ടി ഉദ്യോഗസ്ഥർക്ക് സ്വമേധയാ അറസ്‌റ്റ് നടത്താനാകില്ല. അറസ്‌റ്റ് ആവശ്യമായ കേസുകളിൽ കോടതി ഇടപെടൽ നിർബന്ധമാകും. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനും കുടിശ്ശിക നികുതി തിരിച്ചുപിടിക്കുന്നതിനും ഉദ്യോഗസ്ഥർക്കുള്ള അധികാരങ്ങളെ ഈ മാറ്റം ഇല്ലാതാക്കില്ല. നികുതിയും പലിശയും പിഴയും ഈടാക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങൾ തുടരും.

ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള പരിധിയിലും മാറ്റം കൊണ്ടുവരാനുള്ള നിർദേശമുണ്ട്. നിലവിലെ വ്യവസ്ഥയിൽ ഒരു കോടി രൂപ മുതൽ നികുതി വെട്ടിപ്പ് അല്ലെങ്കിൽ തെറ്റായി നേടിയ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് പോലുള്ള കേസുകളിൽ ക്രിമിനൽ നടപടികൾക്ക് വഴിയൊരുങ്ങുന്ന സാഹചര്യത്തിൽ, ഈ പരിധി അഞ്ച് കോടി രൂപയാക്കാനാണ് ഒരു നിർദേശം. ഇതോടെ ചെറിയ തർക്കങ്ങളും സാധാരണ നികുതി വ്യാഖ്യാന പ്രശ്‌നങ്ങളും ക്രിമിനൽ കേസുകളായി മാറുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.

അതേസമയം, ജിഎസ്‌ടി നിയമത്തിലെ നിലവിലെ പ്രോസിക്യൂഷൻ വ്യവസ്ഥകൾ സംബന്ധിച്ച് മറ്റൊരു നിർദേശവും പരിഗണനയിലുണ്ട്. നിയമത്തിലെ 24 കുറ്റകൃത്യങ്ങളിൽ ഒമ്പത് കുറ്റകൃത്യങ്ങൾ പൂർണമായും ഒഴിവാക്കാനും 11 എണ്ണം നിലവിലെ രീതിയിൽ തന്നെ നിലനിർത്താനും നിർദേശമുണ്ട്. ചില കുറ്റങ്ങൾക്ക് ബാധകമായ കുറഞ്ഞ തടവ് വ്യവസ്ഥ ഒഴിവാക്കാനും പിഴ അടയ്ക്കാനുള്ള അവസരം എല്ലാ കേസുകളിലും നൽകാനും നിർദേശമുണ്ട്. ചില വിഭാഗങ്ങളിലെ പരമാവധി തടവ് മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ട്.

ജിഎസ്‌ടി നടപ്പാക്കിയ 2017 മുതൽ നികുതി വെട്ടിപ്പ് തടയുന്നതിന് അറസ്‌റ്റ് അധികാരം ഒരു പ്രധാന ആയുധമായിരുന്നു. വ്യാജ ഇൻവോയ്‌സുകൾ, യഥാർഥ ഇടപാട് നടക്കാതെ ഇൻവോയ്‌സ് നൽകൽ, വ്യാജ സ്ഥാപനങ്ങളിലൂടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നേടൽ തുടങ്ങിയ രീതികളിലുള്ള തട്ടിപ്പുകൾക്കെതിരെയാണ് പ്രധാനമായും ഈ അധികാരം ഉപയോഗിച്ചത്. 2021-22 മുതൽ 2024 25 വരെയുള്ള കാലയളവിൽ കേന്ദ്ര ജിഎസ്‌ടി വിഭാഗം 72,393 ജിഎസ്‌ടി കുറ്റകൃത്യ കേസുകളുമായി ബന്ധപ്പെട്ട് 887 അറസ്‌റ്റുകൾ നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

അറസ്‌റ്റ് കേന്ദ്രീകരിച്ചുള്ള നടപടികളിൽ നിന്ന് സാങ്കേതികവിദ്യയും വിവര വിശകലനവും ഉപയോഗിച്ചുള്ള നികുതി പരിശോധനയിലേക്ക് മാറുകയാണ് പുതിയ പരിഷ്‌കാരങ്ങളുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ജിഎസ്‌ടിഎൻ സംവിധാനത്തിലെ വിവരങ്ങൾ ഉപയോഗിച്ച് സംശയാസ്‌പദമായ ഇടപാടുകളും വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് അവകാശവാദങ്ങളും നേരത്തെ കണ്ടെത്താനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ചെറുകിട നികുതിദായകർക്ക് കൂടുതൽ ആശ്വാസം നൽകുന്ന നടപടികളും പരിഗണനയിലുണ്ട്. വൈകിയുള്ള റിട്ടേൺ സമർപ്പിക്കലുമായി ബന്ധപ്പെട്ട പിഴയിൽ ഇളവ് നൽകുന്നതും പിഴ വ്യവസ്ഥകൾ കൂടുതൽ യുക്തിസഹമാക്കുന്നതും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ജിഎസ്‌ടി രജിസ്ട്രേഷൻ എളുപ്പമാക്കൽ, റീഫണ്ട് നടപടികൾ വേഗത്തിലാക്കൽ, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നടപടിക്രമങ്ങൾ ലളിതമാക്കൽ, കാരണം കാണിക്കൽ നോട്ടീസ് നടപടികളിൽ മാറ്റം വരുത്തൽ എന്നിവയും അടുത്ത ഘട്ട പരിഷ്‌കാരങ്ങളുടെ ഭാഗമാണ്.

എന്നാൽ ഈ മാറ്റങ്ങൾ ഇപ്പോൾ നിർദേശങ്ങൾ മാത്രമാണ്. കൗൺസിൽ അംഗീകരിച്ചാലും നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമേ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരൂ. അതിനാൽ ജിഎസ്‌ടി കേസുകളിൽ അറസ്‌റ്റ് പൂർണമായും അവസാനിച്ചുവെന്ന് ഇപ്പോൾ പറയാനാകില്ല. ഗുരുതരമായ നികുതി തട്ടിപ്പുകൾക്കെതിരായ ക്രിമിനൽ നടപടികൾ തുടരുന്നതിനൊപ്പം അറസ്‌റ്റ് നടപടികളിൽ കോടതി മേൽനോട്ടം കൊണ്ടുവരിക എന്നതാണ് പരിഗണിക്കുന്ന പ്രധാന മാറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma