സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാം, വിലക്ക് പിന്‍വലിച്ച് കേന്ദ്രം; വിവാദം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാം. ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വലിയ രാഷ്ട്രീയ വിവാദത്തിനാണ് ഈ തീരുമാനം കാരണമായിരിക്കുന്നത്. 58 വര്‍ഷം മുമ്പ് ഭരണഘടനാ വിരുദ്ധമായി കൊണ്ടുവന്ന നിയമമാണിതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കാളിയാവുന്നതിന് 1966ല്‍ നിരോധനം കൊണ്ടുവന്നു. അത് മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. അത്തരമൊരു നിയമം മുമ്പ് പുറത്തിറക്കാന്‍ പാടില്ലായിരുന്നുവെന്നും അമിത് മാളവ്യ കുറിച്ചു.

1966 നവംബര്‍ ഏഴിനാണ് ഈ നിരോധനം കൊണ്ടുവന്നത്. പാര്‍ലമെന്റില്‍ വലിയ ഗോവധ പ്രക്ഷോഭം നടന്നിരുന്നു. നിരവധി പേര്‍ പിന്തുണയുമായി തെരുവിലിറങ്ങിയിരുന്നു. പോലീസിന്റെ വെടിയേറ്റ് നിരവധി പേരാണ് മരിച്ചത്. ആര്‍എസ്എസ്-ജനസംഘ നീക്കത്തെ തുടര്‍ന്നാണ് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് നിരോധിച്ചത്.
അതേസമയം തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ പറഞ്ഞു. ജനവിധിയില്‍ നിന്ന് മോദി സര്‍ക്കാര്‍ ഒന്നും പഠിക്കുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസിയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഇത് സത്യമാണെങ്കില്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരാണ്. ആര്‍എസ്എസിനെതിരെയുള്ള വിലക്ക്, അവര്‍ ഭരണഘടനയെയും, ദേശീയപതാകയെയും, ദേശീയ ഗാനത്തെയും അംഗീകരിക്കാത്തത് കൊണ്ട് നിലവില്‍ വന്നതാണെന്നും ഒവൈസി പറഞ്ഞു.
എല്ലാ ആര്‍എസ്എസ് അംഗങ്ങളും രാജ്യത്തേക്കാള്‍ മുന്നില്‍ കാണുന്നത് ഹിന്ദുത്വയെയാണ്. ആര്‍എസ്എസ് അംഗമാണെങ്കില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനും രാജ്യത്തോട് കൂറുകാണിക്കാനാവില്ലെന്നും ഒവൈസി പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും രൂക്ഷമായി തീരുമാനത്തിനെതിരെ രംഗത്ത് വന്നു.
ആര്‍എസ്എസ് പ്രവര്‍ത്തനത്തിനെതിരെയുള്ള നിരോധനം വാജ്‌പേയുടെ കാലത്ത് പോലും നീക്കിയിരുന്നില്ല. സര്‍ദാര്‍ പട്ടേല്‍ 1948ല്‍ ആര്‍എസ്എസിനെ നിരോധിച്ചു. പിന്നീട് അവരുടെ ഉറപ്പിന്‍മേല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും ആര്‍എസ്എസ് ഒരിക്കലും ത്രിവര്‍ണപതാക നാഗ്പൂരില്‍ ഉയര്‍ത്തിയിട്ടില്ല.
1966ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തുന്നതിനുള്ള നിരോധനം ശരിയായിരുന്നു. വാജ്‌പേയ് പോലും അത് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. ഇപ്പോഴത് പിന്‍വലിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനി കാക്കി നിക്കറുകളുടെ രൂപത്തില്‍ വരുമെന്നും ജയറാം രമേശ് പറഞ്ഞു.
വിലക്ക് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ആര്‍എസ്എസ് വൃത്തങ്ങല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. അടുത്തിടെ ഒന്നും ആര്‍എസ്എസിന്റെ യോഗങ്ങളിലൊന്നും ഈ വിഷയം വന്നിട്ടേയില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പറഞ്ഞു. നേരത്തെ തന്നെ ഈ വിഷയത്തില്‍ സര്‍ക്കാരിനോട് പ്രത്യേക അഭ്യര്‍ത്ഥന നടത്തില്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.












Click it and Unblock the Notifications