വാക്‌സിന്റെയും ഓക്‌സിജന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കും, വില കുറയ്ക്കാന്‍ കേന്ദ്ര നീക്കം
ദില്ലി: വാക്‌സിനുകളുടെ ഓക്‌സിജന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസത്തേക്ക് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുന്നതിനാണ് ഇളവ്. കസ്റ്റംസ് ഡ്യൂട്ടി കുറയുന്നതോടെ വാക്‌സിന്റെയും ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങളുടെയും വില കുറയുമെന്നാണ് വിലയിരുത്തല്‍. ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നല്‍കേണ്ട ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. രാജ്യത്ത് പുതിയ വാക്‌സിനേഷന്‍ നയം നടപ്പാക്കാനുള്ള നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങളായ ജനറേറ്ററുകള്‍, സ്‌റ്റോറേജ് ടാങ്കുകള്‍, ഫില്ലിംഗ് സിസ്റ്റം, കോണ്‍സട്രേറ്ററുകള്‍ എന്നിവയ്ക്കും ഇറക്കുമതി തീരുവ ഉണ്ടാവില്ല. കസ്റ്റംസ് ക്ലിയറന്‍സ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോഡല്‍ ഓഫീസറെയും കേന്ദ്രം നിയമിച്ചിട്ടുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ലഭിക്കാനും, അതോടൊപ്പം തുച്ഛമായ വിലയ്ക്ക് നല്‍കാനും സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. നിലവില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, എന്നീ വാക്‌സിനുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. റഷ്യയുടെ സ്ഫുട്‌നിക് വാക്‌സിന്‍ ഹൈദരാബാദിലെ വിര്‍ചോ ബയോടെക്കാണ് നിര്‍മിക്കുന്നത്.
അതേസമയം സംസ്ഥാനങ്ങള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതിന് ആദ്യ പ രിഗണന നല്‍കണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങളും സജ്ജമാക്കണം. രജിസ്‌ട്രേഷനായിട്ടുള്ള കൊവിന്‍ ആപ്പിനെ കുറിച്ച് കൂടുതല്‍ അവബോധം ജനങ്ങള്‍ക്ക് നല്‍കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ പരിശീലനം നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമായിരുന്നില്ലെന്ന വിമര്‍ശനം കടുക്കവേയാണ് പുതിയ നീക്കങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മോദി മൂന്ന് അടിയന്തര യോഗങ്ങളിലാണ് പങ്കെടുത്തത്.
Recommended Video
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അടക്കം നേരിടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രത കുറവ് കൊണ്ടാണെന്ന വിമര്‍ശനം ശക്തമാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ തന്നെ ഇക്കാര്യം പരിഹരിക്കണമെന്നാണ് ആദ്യം കേന്ദ്രം പറഞ്ഞത്. എന്നാല്‍ ജര്‍മനിയില്‍ നിന്നടക്കം ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ കൊണ്ടുവരാന്‍ പോവുകയാണ് ഇന്ത്യ. ഇതിനിടെ 25 പേര്‍ ഉത്തരേന്ത്യയില്‍ മരിച്ചു. ഓക്‌സിജന്‍ കിട്ടാതെയാണ് ഇവര്‍ മരിച്ചത്. ഇതില്‍ 20 പേര്‍ ദില്ലിയിലെ ഗോള്‍ഡന്‍ ആശുപത്രിയിലാണ്. ദില്ലിയിലെ പ്രമുഖ ആശുപത്രികള്‍ ഓക്‌സിജന്‍ ഇല്ലാത്തത് കാരണം രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications