കർഷകരുമായുള്ള കേന്ദ്രത്തിന്റെ ചർച്ച തീരുമാനമാവാതെ പിരിഞ്ഞു; അടുത്ത യോഗം മാർച്ച് 19ന് ചേരും
ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരും കേന്ദ്ര സംഘവും തമ്മിലുള്ള ചർച്ച തീരുമാനമാവാതെ പിരിഞ്ഞു. അടുത്ത ഘട്ട ചർച്ച മാർച്ച് 19ന് ചണ്ഡീഗഡിൽ വച്ച് തന്നെ നടക്കും. വിളകളുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്‌പി) നിയമപരമായ പരിരക്ഷ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തേടിയാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്. എന്നാൽ ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ല.
കർഷക സംഘടന നേതാക്കളും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘവുമാണ് ശനിയാഴ്‌ച വൈകുന്നേരം ചർച്ചകൾ നടത്തിയത്. ചണ്ഡീഗഡിലെ മഹാത്മാഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ വച്ചാണ് ജഗ്‌ജിത് സിംഗ് ദല്ലേവാളും സർവാൻ സിംഗ് പന്ദറും അടങ്ങുന്ന 28 അംഗ കർഷക പ്രതിനിധി സംഘവുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.

യോഗത്തിൽ കേന്ദ്ര സംഘത്തെ നയിച്ച കേന്ദ്ര കൃഷി മന്ത്രി ശിവരാജ് ചൗഹാൻ ചർച്ച മികച്ചതായിരുന്നു എന്നാണ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തങ്ങൾ മോദി സർക്കാരിന്റെ മുൻഗണനകൾ മുന്നോട്ടുവച്ചുവെന്നും അത് കർഷക ക്ഷേമത്തെക്കുറിച്ചാണെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം പങ്കുവച്ചില്ല.
ചൗഹാന് പുറമേ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, പഞ്ചാബ് ക്യാബിനറ്റ് മന്ത്രിമാരായ ഹർപാൽ സിംഗ് ചീമ, ഗുർമീത് സിംഗ് ഖുദ്ദിയാൻ, ലാൽ ചന്ദ് കതാരുചക് എന്നിവരും രണ്ട് മണിക്കൂറിലേറെ നീണ്ട യോഗത്തിൽ പങ്കെടുത്തു. കർഷക സംഘടനകളുടെ ഭാഗത്ത് നിന്നും പ്രതിനിധികൾ ഏറെയുണ്ടായിരുന്നു.
"ഞങ്ങൾ കൂടിക്കാഴ്‌ച നടത്തിയത് അനുകൂലമായ അന്തരീക്ഷത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കർഷകരുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ ദല്ലെവാളിന്റെയും പന്ദറിന്റെയും അഭിപ്രായങ്ങൾ ശ്രദ്ധിച്ചു. ഞങ്ങൾ നല്ല ചർച്ചകൾ നടത്തി. ഇത് തുടരും, അടുത്ത യോഗം മാർച്ച് 19ന് നടക്കും" ചൗഹാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും മോശം വിലയ്ക്ക് വിൽക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രം നടപടികൾ സ്വീകരിക്കുകയാണെന്ന് നേരത്തെ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഉൾപ്പെടെ പങ്കെടുത്ത കർഷക സംഘടനകളുമായുള്ള കൂടിക്കാഴ്‌ച നടന്നത്.
യോഗത്തിൽ മിനിമം താങ്ങുവിലകളെ കുറിച്ച് വിശദമായ ചർച്ച നടന്നതായി പഞ്ചാബ് മന്ത്രി ചീമ അറിയിച്ചു. കൂടിക്കാഴ്‌ച വളരെ നന്നായി തന്നെ നടന്നു, അടുത്ത മാസം ഞങ്ങൾ വീണ്ടും കാണുമെന്നും ചീമ പറഞ്ഞു. കർഷക നേതാവായ ദല്ലേവാൾ 2024 നവംബർ 26 മുതൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിൽ നിരാഹാരം കിടക്കുകയാണ്. ഇതോടെയാണ് കേന്ദ്രം അനുനയ നീക്കം തുടങ്ങിയത്.












Click it and Unblock the Notifications