ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് 4 മന്ത്രിസ്ഥാനം, നിതീഷിന്റെ ജെഡിയുവിന് 2; കണക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നാല് വകുപ്പുകൾ ലഭിക്കുമെന്നും നിതീഷ് കുമാറിന്റെ ജെഡിയുവിന് രണ്ട് സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ട്. പുതിയ മന്ത്രിസഭയിൽ ഇടം നേടിയ നാല് ടിഡിപി നേതാക്കളിൽ രാം മോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല്ല പ്രസാദ് എന്നിവർ ഉൾപ്പെടുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) ആവട്ടെ രണ്ട് മുതിർന്ന നേതാക്കളുടെ പേരാണ് നിർദ്ദേശിച്ചത്. ലാലൻ സിംഗ്, രാം നാഥ് ഠാക്കൂർ എന്നിവരാണത്. ലാലൻ സിംഗ് ബീഹാറിലെ മുൻഗറിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. രാംനാഥ് ഠാക്കൂർ നിലവിൽ രാജ്യസഭാ എംപിയാണ്. ഭാരതരത്‌ന ജേതാവ് കർപ്പൂരി ഠാക്കൂറിൻ്റെ മകനാണ് രാംനാഥ് ഠാക്കൂർ.

നാളെയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ നടക്കുക. ഇതിന് മുന്നോടിയായി മന്ത്രിസഭാ അംഗങ്ങളെ തീരുമാനിക്കാൻ ചേർന്ന എൻഡിഎ യോഗത്തിലാണ് തീരുമാനം. ആന്ധ്രാപ്രദേശിൽ 16 ലോക്‌സഭാ സീറ്റുകൾ നേടിയതിന് പിന്നാലെ നാല് വകുപ്പുകളും പാർലമെന്ററി സ്‌പീക്കർ സ്ഥാനവും ടിഡിപി ആവശ്യപ്പെട്ടിരുന്നു. 12 സീറ്റ് നേടിയ ജെഡിയു രണ്ട് കാബിനറ്റ് സ്ഥാനവും ജെഡിയു ആവശ്യപ്പെട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ വമ്പൻ ജയം ആവർത്തിക്കാമെന്ന് കരുതി ഇറങ്ങിയ ബിജെപിക്ക് പക്ഷേ ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ മോഹം പാഴായെന്ന് മാത്രമല്ല അതിൽ തന്നെ ഒട്ടേറെ സീറ്റുകൾക്ക് പിന്നിലായാണ് അവർ മത്സരം അവസാനിപ്പിച്ചത്.
ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റിൽ നിന്ന് ബിജെപി 240 സീറ്റുകൾ മാത്രം നേടിയതോടെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കിംഗ് മേക്കർമാരാവുകയായിരുന്നു. 543 അംഗ ലോക്‌സഭയിൽ എൻഡിഎ ഇത്തവണ 293 സീറ്റുകളാണ് നേടിയത്. ഇതോടെ മൂന്നാം തവണയും മോദി സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി.
നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കഴിയുന്നതോടെ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരം ഏറ്റെടുക്കും. ഇതോടെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നേട്ടത്തിന് ഒപ്പമെത്തുകയാണ് നരേന്ദ്ര മോദിയും. സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ് എന്നീ അയൽ രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications