ആസാദിന്റെ വന്‍ പ്രഖ്യാപനം; യോഗി എവിടെ മല്‍സരിച്ചാലും എതിരിടും... 2019ലെ പിന്‍മാറ്റ കാരണം...
ലഖ്‌നൗ: ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വന്‍ പ്രഖ്യാപനം. വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസാദ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു.
പിന്നീട് പിന്‍മാറുകയാണ് ചെയ്തത്. ഇതിന് കാരണമുണ്ടെന്ന് ആസാദ് അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, യോഗിക്കെതിരെ മല്‍സരിക്കുമെന്ന ആസാദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 പോലെയാകുമോ എന്ന ചോദ്യവുമായി പ്രാദേശിക ബിജെപി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ വളര്‍ന്നുവരുന്ന യുവ ദളിത് നേതാവാണ് ആസാദ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വാരണാസി മണ്ഡലത്തില്‍ മോദിക്കെതിരെ മല്‍സരിക്കുമെന്ന് 2019ല്‍ ആസാദ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് പിന്‍മാറുകയാണ് ചെയ്തത്. ഇതിന് കാരണമുണ്ടെന്ന് ആസാദ് പറയുന്നു. അന്ന് എനിക്ക് ഒരു പാര്‍ട്ടിയുണ്ടായിരുന്നില്ല. മല്‍സരിക്കേണ്ടെന്നും ബിഎസ്പിയുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും മായാവതി പറഞ്ഞതുകൊണ്ടാണ് പിന്‍മാറിയത് എന്ന് ആസാദ് വിശദീകരിക്കുന്നു.

36കാരനായ ആസാദ് രൂപീകരിച്ച സംഘടനയാണ് ഭീം ആര്‍മി. ദളിത് സമൂഹത്തിന്റെ മുന്നേറ്റമാണ് ലക്ഷ്യം. എന്നാല്‍ രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ആസാദ് സമാജ് പാര്‍ട്ടി രൂപീകരിച്ചത്. ഈ പാര്‍ട്ടിയുടെ ബാനറിലാണ് അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകുന്നത്.

ഉത്തര്‍ പ്രദേശ് നിമയസഭാ തിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയില്‍ നടന്നേക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയല്ല എന്റെ ലക്ഷ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്തലാണ്. അതുകൊണ്ട് യോഗി ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും അവിടെ ഞാന്‍ എതിര്‍ സ്ഥാനാര്‍ഥിയാകുമെന്നും ആസാദ് പറഞ്ഞു.

സാധ്യമാകുന്ന മണ്ഡലങ്ങളിലെല്ലാം സ്വന്തം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കും. ദളിത് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. മുസ്ലിങ്ങളും ദളിതുകളും മറ്റു പിന്നാക്ക വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചന്ദ്ര ശേഖര്‍ ആസാദ് പറഞ്ഞു. യോഗി ആദിത്യനാഥ് ദളിത് വിരുദ്ധ സമീപനങ്ങളാണ് സ്വീകരിച്ചതെന്ന് നേരത്തെ ആസാദ് കുറ്റപ്പെടുത്തിയിരുന്നു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ഉത്തര്‍ പ്രദേശില്‍ ദളിതുകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു എന്നാണ് ആസാദിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് മല്‍സരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ലോക്‌സഭാ അംഗമായിരുന്നു. ബിജെപി മികച്ച ഭൂരിപക്ഷം നേടിയ ശേഷം എംപി പദവി രാജിവച്ച് നിയമസഭാ കൗണ്‍സില്‍ വഴി നാമനിര്‍ദേശം ചെയ്യപ്പെടുകയായിരുന്നു.
മലയാളികള്‍ നെഞ്ചേറ്റിയ സഹോദരിമാര്‍!! അപൂര്‍വ ചിത്രങ്ങള്‍... വീണ്ടുമെത്തുമോ എന്ന് ആരാധകര്‍

യോഗി ഇത്തവണ മല്‍സര രംഗത്തുണ്ടെങ്കില്‍ ഞാന്‍ എതിര്‍ സ്ഥാനാര്‍ഥിയാകും. മായാവതിയും അഖിലേഷ് യാദവും എന്നെ പിന്തുണയ്ക്കാന്‍ തയ്യാറാകണം. ബിജെപിയെ ഞാന്‍ പിടിച്ചുകെട്ടും. യോഗിയെ നിലയ്ക്ക് നിര്‍ത്തും. മായാവതി യോഗിക്കെതിരെ പോരാടുന്നു എങ്കില്‍ എന്നെ പിന്തുണയ്ക്കണം. എനിക്ക് യോഗിയെ പരാജയപ്പെടുത്താന്‍ സാധിക്കും. ഞാന്‍ എവിടെയും ഓടിപ്പോകില്ലെന്നും ആസാദ് പറഞ്ഞു.

2019ല്‍ മല്‍സര രംഗത്തുനിന്ന് പിന്‍മാറിയ ആസാദ് എസ്പി-ബിഎസ്പി സംയുക്ത സ്ഥാനാര്‍ഥിയെ പിന്തുണയ്്ക്കുകയായിരുന്നു. ദളിത് വോട്ടുകള്‍ ഭിന്നിക്കരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു പിന്‍മാറ്റം. സഹാറന്‍പൂരില്‍ ഉന്നത ജാതിക്കാരായ താക്കൂറുകളുമായി ദളിതുകള്‍ സംഘര്‍ഷമുണ്ടായ 2017ലാണ് ആസാദിന്റെ ഭീം ആര്‍മി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടു. 16 മാസത്തെ ജയില്‍വാസത്തിന് ശേഷം അലഹാബാദ് ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് ആസാദ് മോചിതനായത്.












Click it and Unblock the Notifications