ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ്; ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ദേവിനും അടിതെറ്റി, ജയം ബിജെപിക്ക്
റായ്‌പൂർ; ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി അനുകൂല തരംഗത്തിൽ കടപുഴകി വമ്പൻ നേതാക്കളും. സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ടിഎസ് സിംഗ് ദേവിനെ പരാജയപ്പെടുത്തി ബിജെപിയുടെ രാജേഷ് അഗർവാൾ അംബികാപൂർ നിയമസഭയിൽ നിന്ന് വിജയിച്ചതോടെ കോൺഗ്രസിന്റെ പതനം പൂർണമായി.
സ്വന്തം മണ്ഡലം ശ്രദ്ധിക്കാതെ ഉപമുഖ്യമന്ത്രിയായ ടിഎസ് സിംഗ് ദേവ് വിദേശത്ത് പോയി അവധിയാഘോഷിച്ചതും, പാരാഗ്ലൈഡിംഗ് നടത്തിയതുമെല്ലാം കോണ്‍ഗ്രസിനെ കുറിച്ച് മോശംകാര്യങ്ങള്‍ പ്രചരിക്കുന്നതിന് കാരണമായിരുന്നു. ഇതാണ് മണ്ഡലത്തിൽ പരാജയത്തിലേക്ക് വഴിവെച്ചത്.

ഛത്തീസ്ഗഡിലെ വടക്കൻ മേഖലയിലുള്ള സർഗുജ ജില്ലയിലെ ഒരു നിയമസഭാ സീറ്റാണ് അംബികാപൂർ. ഇവിടെ ഞെട്ടിക്കുന്ന തോൽവിയാണ് ഉപമുഖ്യമന്ത്രി കൂടിയായ സിംഗ്ദിയോ ഏറ്റുവാങ്ങിയത്. ഗോത്ര വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലമാണ് അംബികാപൂർ. ഇവിടെ കോൺഗ്രസിന് കൃത്യമായ വോട്ട് ഷെയർ ഉണ്ടായിരുന്നു. എന്നാൽ ഇക്കുറി അതും അവരെ തുണച്ചില്ല.
അതേസമയം, ഇക്കുറി മറ്റ് മണ്ഡലങ്ങളിലും ഗോത്ര-ആദിവാസി വോട്ടുകൾ കോൺഗ്രസിന്റെ രക്ഷക്കെത്തിയില്ല. അടുത്ത കാലത്തായി പാർട്ടി തിരഞ്ഞെടുപ്പുകള്‍ അധികവും വിജയിച്ചിരുന്നത് ദളിത്, ആദിവാസികള്‍ വോട്ടുകള്‍ കൊണ്ടായിരുന്നു. അതാണ് സംസ്ഥാനത്തും തുണയാവുമെന്ന് ഭരണകക്ഷിയായ കോൺഗ്രസ് കരുതിയിരുന്നത്.

ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. ആകെയുള്ള 90 സീറ്റുകളിൽ 54 എണ്ണവും നേടിയാണ് അവർ ജയം സ്വന്തമാക്കിയത്. ഭരണകക്ഷിയായ കോൺഗ്രസിന് കേവലം 36 സീറ്റുകൾ കൊണ്ട് തൃപ്‌തിപെടേണ്ടി വന്നു.












Click it and Unblock the Notifications