റീലുകള്‍ മുതല്‍ എഐ വരെ: ദിവസം 2000 ലേറെ കോളുകള്‍: വന്‍ വാർ റൂമുമായി കോണ്‍ഗ്രസ്
റായ്പൂർ: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഛത്തീസ്ഗഢില്‍ പ്രവർത്തനം സജീവമാക്കി കോണ്‍ഗ്രസും ബി ജെ പിയും. ഇരുപാർട്ടികളും നേർക്കുനേർ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഇത്തവണ എഐ സാങ്കേതിക വിദ്യായുടെ സഹായം ഉള്‍പ്പെടെ അണിനിരത്തിയുള്ള വാർ റൂമാണ് സജ്ജമായിരിക്കുന്നത്. ബി ജെ പിയെക്കാള്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസാണ് ഇത്തരം പ്രവർത്തനങ്ങളില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
സർക്കാരിന്റെ പ്രകടനം ഉയർത്തിക്കാട്ടാനും ആരോപണങ്ങളെ ചെറുക്കാനും കോൺഗ്രസിന്റെ 'വാർ റൂം' സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) മറ്റ് മാർഗങ്ങളും മികച്ച രീതിയില്‍ തന്നെ ഉപയോഗിക്കപ്പെടുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ പ്രചരണവും വ്യാജ വാർത്തകളും നിമിഷ നേരംകൊണ്ട് പൊളിച്ചടുക്കാനും വാർ റൂം സജ്ജമാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും റീലുകളുടെയും പ്രാധാന്യവും സ്വാധീനവും മനസ്സിലാക്കി, കണ്ടന്റ് റൈറ്റർമാർ, വ്ളോഗേഴ്സ്, വീഡിയോ എഡിറ്റർമാർ, ടെലികോളർമാർ എന്നിവർ കോൺഗ്രസിന്റെ 'വാർ റൂമിൽ' രാപ്പകലില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ ഐടി സെല്ലുമായാണ് ബിജെപിയും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുമെന്നതിനാല്‍ തന്നെ, ആരോപണങ്ങളും പ്രചാരണങ്ങളും നേരിടാനും തങ്ങളുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാനും കോൺഗ്രസ് പതിവില്‍ നിന്നും വ്യത്യസ്തമായി സാങ്കേതിക വിദ്യയെ കൂടുതലായി ആശ്രയിക്കുന്നു എന്നതാണ് ശ്രദ്ധേയം.
പാർട്ടിയുടെയും സംസ്ഥാന സർക്കാരിന്റെയും പബ്ലിസിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് പുറമെ വ്യാജവാർത്തകൾ കൈകാര്യം ചെയ്യാനുള്ള ചുമതലയും 'വാർ റൂമിന്' നൽകിയിട്ടുണ്ടെന്ന് എഐസിസി (സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ) ദേശീയ കോ-ഓർഡിനേറ്റർ ആയുഷ് പാണ്ഡെ പറഞ്ഞു.
പ്രത്യേക പ്രചാരണ മാനേജ്‌മെന്റ് യൂണിറ്റ്, ഗ്രൗണ്ട് മാനേജ്‌മെന്റ് യൂണിറ്റ്, ഡാറ്റ ഇന്റലിജൻസ് യൂണിറ്റ്, പൊളിറ്റിക്കൽ ഇന്റലിജൻസ് യൂണിറ്റ്, സോഷ്യൽ മീഡിയ മാനേജ്‌മെന്റ് യൂണിറ്റ്, കോൾ സെന്റർ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് 'വാർ റൂം' സജ്ജീകരിച്ചിരിക്കുന്നതെന്നാണ് പാണ്ഡെ വ്യക്തമാക്കുന്നത്.
ഗ്രൗണ്ട് കാമ്പെയ്‌ൻ മാനേജ്‌മെന്റ് യൂണിറ്റ് പ്രാദേശിക പ്രശ്‌നങ്ങൾ നോക്കുകയും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളിൽ പാർട്ടി എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. നിയോജക മണ്ഡലം തലത്തിൽ ബൂത്തുകൾ, സംഘടനകൾ, പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിന് ഡാറ്റാ ഇന്റലിജൻസ് യൂണിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സംസ്ഥാനത്തുടനീളം നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാനും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും ജനങ്ങൾക്ക് ഞങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കാനും ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പൊളിറ്റിക്കൽ ഇന്റലിജൻസ് യൂണിറ്റ് ഞങ്ങളെ സഹായിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.
'വാർ റൂമിൽ' ഒരു കോൾ സെന്ററും ഉണ്ട്. അതിൽ രണ്ട് ഷിഫ്റ്റുകളിലായി 70-80 ആളുകൾ വീതം തുടർച്ചയായി ജോലി ചെയ്യുകയും ഒരു ദിവസം 20000 കോളുകൾ വിളിക്കുകയും ചെയ്യുന്നു. ജനങ്ങളെ ഭയപ്പെടുത്തി വർഗീയ പ്രശ്‌നങ്ങളിലേക്ക് തിരിക്കുന്ന തന്ത്രവും സ്വഭാവവുമാണ് ബിജെപിക്കുള്ളതെന്നും 15 വർഷമായി അധികാരത്തിലിരുന്നിട്ടും പൊതുതാൽപ്പര്യവുമായി യാതൊരു ബന്ധവുമില്ലാത്ത വൈകാരിക പ്രശ്‌നങ്ങൾ മാത്രമാണ് അവർ ഉന്നയിക്കുന്നതെന്നും പാണ്ഡെ ആരോപിച്ചു.












Click it and Unblock the Notifications