ഛത്തീസ്‌ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ; 2 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു, ഈ വർഷം കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നു
റായ്‌പൂർ: ഛത്തീസ്‌ഗഢിലെ സുക്‌മ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. പോലീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചധികം നാളുകളായി മേഖലയിൽ തുടരുന്ന മാവോയിസ്‌റ്റ് വേട്ടയുടെ ഭാഗമാണ് പുതിയ സംഭവവികാസവും. ശനിയാഴ്‌ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്.
മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറപ്പെടുന്ന വേളയിൽ കിസ്‌താരം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തിൽ രാവിലെയാണ് വെയ്‌പുണ്ടായത് എന്നാണ് സുക്‌മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ അറിയിച്ചത്. തുടർന്ന് സുരക്ഷാ സേന തിരിച്ച് വെടിയുതിർക്കുക ആയിരുന്നു. ഇതിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.

പ്രദേശത്തെ മാവോയിസ്‌റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച ആരംഭിച്ച ഓപ്പറേഷനിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെയും (ഡിആർജി) കോബ്രയിലെയും (സിആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) ഉദ്യോഗസ്ഥർ പങ്കെടുത്തതായി ചവാൻ അറിയിച്ചു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ രണ്ട് മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കൂടുതൽ പേർ ഇവിടെ ഉണ്ടായിരുന്നോ അതിൽ ആർക്കെങ്കിലും പരിക്ക് പറ്റിയോ തുടങ്ങിയ കാര്യങ്ങൾ ഒന്നും വ്യക്തമല്ല.
ഈ ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 83 മാവോയിസ്‌റ്റുകൾ വെവ്വേറെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 67 പേർ സുക്‌മ അടക്കമുള്ള ഏഴു ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് തന്നെ ഏറ്റവുമധികം മാവോയിസ്‌റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ഒന്നാണിത്.
മാത്രമല്ല കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ മാവോയിസ്‌റ്റ് വേട്ട നടന്നിരുന്നു. 'മാദ് ബച്ചാവോ അഭിയാൻ അഥവാ സേവ് മാദ് ക്യാംപയ്ൻ' എന്ന പേരിൽ അബുജമദിൽ സുരക്ഷാ സേന വൻ ഓപ്പറേഷനുകൾ നടത്തുകയും മാദിലും പരിസര പ്രദേശങ്ങളിലും നൂറിലധികം മാവോയിസ്‌റ്റുകളെ വധിക്കുകയും ചെയ്‌തിരുന്നു.
ബസ്തർ മേഖലയിലെ ഒന്നാകെ കണക്കെടുത്താൽ ഇരുന്നൂറിന് മുകളിൽ മാവോയിസ്‌റ്റുകൾ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. എന്നാൽ അതിനെ കടത്തിവെട്ടുന്ന കണക്കുകളാണ് ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ മാത്രം വന്നിരിക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് നക്‌സലുകളെ അമർച്ച ചെയ്യാൻ ശക്തമായ പദ്ധതികൾ തയ്യാറാക്കിയത്.












Click it and Unblock the Notifications