സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; നീറ്റ് ക്രമേക്കേടിൽ ജൂൺ 6ന് ഡൽഹിയിൽ പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും പേപ്പർ ചോർച്ച ആരോപണങ്ങളിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ആക്റ്റിവിസ്‌റ്റും സിജെപി സ്ഥാപകനുമായ അഭിജിത് ദീപ്‌കെ രംഗത്തെത്തി. ജൂൺ 6-ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന താൻ ഡൽഹിയിൽ സമാധാനപരമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സിജെപിയുടെ ഇൻസ്‌റ്റഗ്രാം പേജിൽ ഇന്ന് പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ദീപ്‌കെ പ്രതിഷേധ പരിപാടിയെക്കുറിച്ച് അറിയിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളും പൊതുജനങ്ങളും സമാധാനപരമായി പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു.

'നാം ഒരുമിച്ച് ശബ്‌ദമുയർത്തുകയാണെങ്കിൽ അധികാരികൾക്ക് അത് കേൾക്കാതിരിക്കാൻ കഴിയില്ല. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ അഭിപ്രായത്തിന് പ്രാധാന്യമുണ്ട്' വീഡിയോ സന്ദേശത്തിൽ ദീപ്‌കെ പറഞ്ഞു. ജൂൺ 6-ന് രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തുന്ന താൻ അവിടെ നിന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്ക് പോയി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾ മൂലം ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരംഭിച്ച ഓൺലൈൻ നിവേദനത്തിന് എട്ട് ലക്ഷത്തിലധികം പേർ പിന്തുണ നൽകിയിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ കോടിക്കണക്കിന് ആളുകൾ പ്രതികരിച്ചിട്ടുണ്ടെന്നും ദീപ്‌കെ അവകാശപ്പെട്ടു.
'നീറ്റ്, സിബിഎസ്ഇ, സിയുഇടി, എസ്‌എസ്‌സി ജിഡി തുടങ്ങിയ പ്രധാന മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഒരു കോടിയിലധികം വിദ്യാർഥികളുടെ ഭാവിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. ഈ സാഹചര്യത്തിന് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്' അദ്ദേഹം പറഞ്ഞു.
മെയ് മാസത്തിൽ ആരംഭിച്ച സിജെപി അക്കൗണ്ടിലൂടെയാണ് അഭിജിത് ദീപ്‌കെ ദേശീയതലത്തിൽ ശ്രദ്ധേയനായത്. രാഷ്ട്രീയ വിഷയങ്ങളും പൊതുപ്രശ്‌നങ്ങളും ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന മീമുകളിലൂടെയും വീഡിയോകളിലൂടെയും യുവാക്കൾക്കിടയിൽ അക്കൗണ്ട് വലിയ സ്വീകാര്യത നേടിയിരുന്നു.
അതേസമയം, ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി സിജെപിയുടെ എക്‌സ് (മുൻ ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ തടയാൻ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഐടി നിയമത്തിലെ 69(എ) വകുപ്പ് പ്രകാരം നടപടി സ്വീകരിച്ചിരുന്നു. ഈ നടപടിക്കെതിരെ ദീപ്‌കെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിട്ടുണ്ട്.
താൻ ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ അറസ്‌റ്റ് ചെയ്യപ്പെടുമോയെന്ന ആശങ്ക കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കുവെച്ചിട്ടുണ്ടെന്ന് ദീപ്‌കെ സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ വ്യക്തമാക്കി. എന്നാൽ ഇന്ത്യ ഇപ്പോഴും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യമാണെന്നും സമാധാനപരമായ പ്രതിഷേധത്തിന് ഭരണകൂടം അനുമതി നൽകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം മെയ് മാസത്തിൽ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ച ആരോപണങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. 22 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. വിഷയത്തിൽ പ്രതിപക്ഷവും പ്രതിഷേധത്തിലാണ്.












Click it and Unblock the Notifications