സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസുണ്ടെന്ന് കേന്ദ്രം; പൗരത്വത്തിലും സംശയമെന്ന് സര്‍ക്കാര്‍
സിജെപി സഹ-കണ്‍വീനര്‍ സൗരവ് ദാസിനെതിരെ കേന്ദ്ര സര്‍ക്കാര്‍. സൗരവിനെതിരെ മുംബൈ പൊലീസ് ഒരു ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഈ ആഴ്ച ആദ്യം യുകെയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കവെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
മഹാരാഷ്ട്ര പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം നവംബര്‍ 23-നാണ് ഈ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ കോടതിയെ അറിയിച്ചു. സൗരവ് ദാസിന്റെ പാസ്പോര്‍ട്ടില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ള ജനനസ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ പൗരത്വത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശയാത്ര തടഞ്ഞ അധികൃതരുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സൗരവ് ദാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. തനിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ള കാര്യം അറിഞ്ഞിരുന്നില്ലെന്നും, വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞപ്പോള്‍ ഇത്തരമൊരു ഉത്തരവിനെക്കുറിച്ചോ യാത്രാ നിയന്ത്രണത്തെക്കുറിച്ചോ തന്നെ അറിയിച്ചിരുന്നില്ലെന്നും സൗരവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
നവംബര്‍ 24-ന് ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ശ്രമിക്കവെ സൗരവ് ദാസിനെ തടഞ്ഞതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനും, അവിടെ സിജെപി പ്രസ്ഥാനത്തെ കുറിച്ച് സംസാരിക്കാനുമായിരുന്നു അദ്ദേഹം പോകാനിരുന്നത്. സൗരവ് ദാസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും സര്‍ക്കാരിനോട് മറുപടി തേടുകയും ചെയ്തു.
കേസ് ഡിസംബര്‍ 9-ന് വീണ്ടും പരിഗണിക്കും. യാത്ര നിയന്ത്രിക്കുന്നതിനുള്ള ഉത്തരവോ വിശദീകരണമോ നല്‍കാതെ, ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞുവെന്നാണ് സൗരവ് ദാസ് ആരോപിക്കുന്നത്.
'ഇമിഗ്രേഷന്‍ വിഭാഗത്തില്‍ വെച്ച് എന്നെ തടഞ്ഞു. യാതൊരു ഉത്തരവും കാണിച്ചില്ല. എനിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇല്ല, യാത്ര ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ട് ഒരു അധികാരിയുടെയും ഉത്തരവുമില്ല. ഇന്ന് ഒരു പുതിയ ഹര്‍ജി കൂടി സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നവംബര്‍ 27-ന് എനിക്ക് യുകെയില്‍ എത്താന്‍ സാധിക്കും, അതിനുള്ള ക്രമീകരണങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്,' എന്ന് അദ്ദേഹം അറിയിച്ചു.
ഇതിനിടെ, പാസ്പോര്‍ട്ട് അപേക്ഷയില്‍ നല്‍കിയ ജനനസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, സൗരവ് ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിയമപാലക ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ചെന്നൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് നവംബര്‍ 23-നാണ് നോട്ടീസ് നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇതിനെക്കുറിച്ച് ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ സൗരവ് ദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.





Click it and Unblock the Notifications
