ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; മെട്രോ സ്‌റ്റേഷനുകൾ അടയ്ക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നാളെ ജന്തർ മന്തറിൽ നടക്കാനിരിക്കുന്ന സിജെപി പ്രതിഷേധത്തിന് മുന്നോടിയായി മെട്രോ സ്‌റ്റേഷനുകളുടെ പ്രവേശന കവാടങ്ങൾ അടച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണം ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, ഡൽഹി എൻസിആറിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ, ജീവനക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ് നിയന്ത്രണം മൂലം കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയെന്ന് കോടതി നിരീക്ഷിച്ചു

ജന്തർ മന്തറിൽ ഒക്ടോബർ 10ന് നടത്താൻ തീരുമാനിച്ച സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി നിർണായക നിരീക്ഷണം നടത്തിയത്. എന്നാൽ അനുമതിയില്ലാതെ പ്രതിഷേധം നടത്തുന്നത് നിയമാനുസൃതമല്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തത്‌.

cjp

എല്ലാവർക്കും സ്വന്തമായി കാറില്ലെന്നും ഗതാഗത സംവിധാനങ്ങളില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കാനാവില്ലെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു. എല്ലാ ഗതാഗത സംവിധാനങ്ങളും നിർത്തിവെച്ച് ജനങ്ങളെ യാത്രാസൗകര്യമില്ലാത്ത അവസ്ഥയിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ സർവീസുകളും പൂർണമായി നിർത്തിവെക്കരുതെന്ന് കേന്ദ്ര സർക്കാരിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.

മെട്രോ ട്രെയിനുകളുടെ സഞ്ചാരം പൂർണമായി നിരോധിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സാധാരണ യാത്രക്കാരുടെ ഗതാഗതത്തെ പൂർണമായി തടസപ്പെടുത്തരുതെന്ന നിലപാടാണ് കോടതി മുന്നോട്ടുവെച്ചത്. പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി നിയന്ത്രണങ്ങളോടെയെങ്കിലും മെട്രോ സർവീസുകൾ തുടരണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പ്രതിഷേധത്തിന്റെ ഭാഗമായി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതും മെട്രോ സ്‌റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ചതും ഉൾപ്പെടെയുള്ള നടപടികളാണ് ഹർജിക്കാർ ചോദ്യം ചെയ്‌തത്. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

സിപിഎം നേതാവ് എംഎ ബേബിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. പൗരന്മാർക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അപ്രതീക്ഷിതമായി ഉയരുന്ന പ്രതിഷേധങ്ങൾക്കും ഈ അവകാശം ബാധകമാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ പ്രതിഷേധം നടത്താൻ പോലീസ് അനുമതി നിഷേധിച്ച ഉത്തരവിനെ ആദ്യം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലമാണെന്നും അവിടെ പ്രതിഷേധിക്കാൻ പോലീസിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ എടുത്ത നിലപാട്. ഒക്ടോബർ 10ലെ പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധത്തെക്കുറിച്ച് അറിയിപ്പ് നൽകിയത് വളരെ വൈകിയാണെന്നും നിശ്ചിത മാർഗനിർദേശപ്രകാരം പത്ത് ദിവസം മുമ്പ് അറിയിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.

നേരത്തേ ഇതേ സ്ഥലത്ത് നടത്തിയ പ്രതിഷേധത്തിൽ പോലീസ് നിർദേശങ്ങളും സംഘാടകർ നൽകിയ ഉറപ്പുകളും പാലിച്ചില്ലെന്ന ആരോപണവും പോലീസ് ഉന്നയിച്ചു. നിലവിലെ ക്രമസമാധാന സാഹചര്യം, പൊതുസുരക്ഷ, ഗതാഗത നിയന്ത്രണം എന്നിവയും അനുമതി നിഷേധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടി. ന്യൂഡൽഹി മേഖലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രതിഷേധിക്കാനുള്ള അവകാശം അംഗീകരിക്കുന്നതിനൊപ്പം നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയും കോടതി വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം, സമരം സമാധാനപരമായി നടത്തുമെന്ന ഉറപ്പ്, ആയുധങ്ങൾ കൊണ്ടുവരില്ലെന്ന ഉറപ്പ് തുടങ്ങിയ വിവരങ്ങൾ ലഭിച്ചാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. പ്രതിഷേധത്തിന്റെ സ്വഭാവവും പൊതുജനങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകളും വിലയിരുത്തേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

അതേസമയം, സിജെപിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചില ദീർഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായും നിരവധി മെട്രോ സ്‌റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ പ്രതിഷേധിച്ച അഭിഭാഷകർ, സമാധാനപരമായ പ്രതിഷേധത്തിന്റെ പേരിൽ തലസ്ഥാനത്തെ പൊതുഗതാഗതം വ്യാപകമായി തടസപ്പെടുത്തുന്നത് സാധാരണക്കാരെ ബാധിക്കുമെന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

വോട്ടർ പട്ടികയുടെ എസ്‌ഐആർ പരിശോധനയുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഉത്തരവാദിത്തവുമാണ് സിജെപിയുടെ പ്രതിഷേധത്തിലെ പ്രധാന വിഷയങ്ങൾ. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായിട്ടില്ലെന്നും തെറ്റായി ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma