സിജെപിയുടെ പ്രതിഷേധ മാർച്ച്; ഡൽഹി വീണ്ടും കനത്ത സുരക്ഷാ വലയത്തിൽ, 25000 ഉദ്യോഗസ്ഥരെ വിന്യസിച്ചു
ന്യൂഡൽഹി: സിജെപിയുടെ പുതിയ പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ വീണ്ടും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇരുപത്തയ്യായിരത്തിലധികം പോലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കനോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലും രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനിലും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. വിവിധ നിരോധന ഉത്തരവുകളും നിലവിലുണ്ട്.
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കോക്ക്രോച്ച് ജനതാ പാർട്ടി വീണ്ടും സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. നേരത്തെ സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഇത്തവണത്തെ മാർച്ച്. ജന്തർ മന്തർ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ സെൻട്രൽ പാർക്കിലാണ് പ്രതിഷേധം നടത്താൻ സംഘടന തീരുമാനിച്ചിരിക്കുന്നത്. അഖിലേന്ത്യാ വിദ്യാർഥി സംഘടനയുടെ നേഹ ബോറയും ആം ആദ്‌മി പാർട്ടിയും പ്രതിഷേധത്തിൽ പങ്കെടുക്കും.

പുതിയ പ്രതിഷേധത്തിന് മുന്നോടിയായി സെൻട്രൽ പാർക്കിൽ ഒത്തുകൂടരുതെന്ന് ഡൽഹി പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. മാർച്ചിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും സെൻട്രൽ പാർക്ക് പൊതുജനങ്ങൾക്കായി അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. ഭരണപരമായ കാരണങ്ങളാലാണ് അടച്ചിടുന്നതെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാറിന്റെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. ന്യൂഡൽഹി മേഖലയിലെ ജോയിന്റ് പോലീസ് കമ്മീഷണറും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ മെട്രോ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അതീവ ഗൗരവ സാഹചര്യത്തിൽ മാത്രം പരിഗണിക്കാവുന്ന അവസാന മാർഗമായാണ് അതിനെ കാണുന്നതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കനോട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും സമാധാനം ഉറപ്പാക്കാനും പൊതുമുതലും സ്വകാര്യ സ്വത്തുക്കളും സംരക്ഷിക്കാനും നിരോധന ഉത്തരവുകൾ നിലവിലുണ്ടെന്ന് ഡൽഹി പോലീസ് വക്താവ് നേഹ യാദവ് അറിയിച്ചു. അതേസമയം, തിരഞ്ഞെടുത്ത ഒരു വിഭാഗം ആളുകൾക്ക് അനുയോജ്യമായ സ്ഥലത്ത് ദേശീയ പതാകയേന്തി ദേശീയഗാനം ആലപിക്കാൻ സൗകര്യമൊരുക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
നേരത്തെ സെൻട്രൽ പാർക്കിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നില്ല. എന്നാൽ വ്യാഴാഴ്‌ച പാർക്കിന്റെ പ്രവേശന കവാടത്തിൽ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നിരുന്നു. രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനിലെ ഒന്നും മൂന്നും പ്രവേശന കവാടങ്ങളിലും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications
