സിജെപി പ്രക്ഷോഭം; ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്നുവെന്ന് പിണറായി
തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന സിജെപി പ്രക്ഷോഭത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയൻ. ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്ന കാഴ്‌ചയാണ് നാം കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സിജെപി പ്രക്ഷോഭത്തിൽ പോലീസ് നടപടി ഉണ്ടാവുകയും നിരവധി പ്രതിഷേധക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് പിന്നാലെയാണ് പിണറായിയുടെ പ്രതികരണം.
സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപി സർക്കാർ, ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും അതിന്റെ വിശ്വാസ്യത തന്നെ തകർത്തുവെന്ന് അദ്ദേഹം പറയുന്നു. ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്‌ണുതയാണ് ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ നേരിടുന്നതിലൂടെ പ്രകടമാവുന്നതെന്നും പിണറായി ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു.

ദേശീയ പ്രവേശന പരീക്ഷകളിൽ തുടർച്ചയായി ഉണ്ടായ ക്രമക്കേടുകൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് തകർത്തതെന്നും പിണറായി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. സിജെപി സമരത്തിന് വിവിധ പ്രതിപക്ഷ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പിണറായി വിജയന്റെ വാക്കുകൾ
ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്ന കാഴ്‌ചയാണ് നാം കാണുന്നത്. സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപി സർക്കാർ, ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകർത്തിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ച കേന്ദ്ര സർക്കാർ സമ്മതിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം വീഴ്‌ചകൾ ആവർത്തിക്കുമ്പോഴും കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തുകയോ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ ചെയ്യുന്നില്ല. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കി പുന:പരീക്ഷ നടത്താൻ തീരുമാനിച്ചപ്പോൾ തന്നെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ, കുട്ടികൾ ജീവനൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായി.
ഇത്തരം ഗൗരവതരമായ വിഷയങ്ങൾ പരിഹരിക്കപ്പെടാതെ വിദ്യാർത്ഥികളുടെ ഭാവി തന്നെ അപകടപ്പെട്ട സമയത്താണ് സമാധാനപരമായ ജനകീയ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഉയർന്ന് വന്നത്. എന്നാൽ പ്രശ്‌ന പരിഹാരത്തിന്റെയോ ജനാധിപത്യപരമായ കൂടിയാലോചനകളോ നടത്താതെ സമരങ്ങളെ നിഷ്‌ഠുരമായി അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ദേശീയ പ്രവേശന പരീക്ഷകളിൽ തുടർച്ചയായി ഉണ്ടായ ക്രമക്കേടുകൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് തകർത്തത്. ഇതിനെതിരെ നടന്നുവരുന്ന സമരത്തിന്റെ ഭാഗമായി പാർലമെന്റിലേക്ക് സമാധാനപരമായി മാർച്ച് ചെയ്‌ത വിദ്യാർത്ഥികളെ ബാരിക്കേഡുകൾ തീർത്ത് ബലപ്രയോഗത്തിലൂടെ മൃഗീയമായി അടിച്ചമർത്തുകയാണ്.
ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്‌ണുതയാണ് ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ നേരിടുന്നതിലൂടെ പ്രകടമാവുന്നത്. ഈ അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണം. പരീക്ഷാ ക്രമക്കേടുകളുടെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം.
കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ വിദ്യാർത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്ന സമഗ്രമായ പരിഷ്‌കാരങ്ങൾ അടിയന്തരമായി നടപ്പാക്കുകയും വേണം. നീതിക്കും സുതാര്യതയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ.


Click it and Unblock the Notifications